ഗസ്സ മാനുഷിക ദുരന്തത്തിന്‍റെ വക്കിൽ; ഓരോ മണിക്കൂറും വിലപ്പെട്ടതെന്നും ലോകാരോഗ്യ സംഘടന

ഗസ്സ സിറ്റി: ഇസ്രായേലിന്‍റെ സമ്പൂർണ ഉപരോധത്തിൽ വലയുന്ന ഗസ്സയിൽ ആരോഗ്യ സംവിധാനങ്ങൾ ഗുരുതര പ്രതിസന്ധി നേരിടുകയാണെന്ന് ലോകാരോഗ്യ സംഘടന. ഗസ്സ മാനുഷിക മഹാദുരന്തത്തിന്‍റെ വക്കിലാണെന്നും ഇത് തടയാൻ കുറഞ്ഞ സമയം മാത്രമാണ് അവശേഷിക്കുന്നതെന്നും സംഘടന മുന്നറിയിപ്പ് നൽകി.

അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളുടെ മുന്നറിയിപ്പിനിടയിലും ഗസ്സയിലെ അഭയാർഥി ക്യാമ്പുകളിലും ആരോഗ്യസംവിധാനങ്ങളിലും ഇസ്രായേൽ കനത്ത വ്യോമാക്രമണം തുടരുകയാണ്. മരണസംഖ്യ ഉയരുന്നതോടൊപ്പം, പരിക്കേറ്റവരെ കൊണ്ട് ആശുപത്രികളും നിറഞ്ഞു. വൈദ്യുതിക്കു പുറമെ, മരുന്നു ഉൾപ്പെടെയുള്ള അടിയന്തര വസ്തുക്കളുടെ ക്ഷാമവും ആശുപത്രികളുടെ പ്രവർത്തനം അവതാളത്തിലാക്കി.

ഗസ്സയിലേക്ക് ഉടൻ മാനുഷിക സഹായം എത്തിയില്ലെങ്കിൽ, പ്രത്യേകിച്ച് ആരോഗ്യ സേവനങ്ങൾ, മരുന്ന്, ഭക്ഷണം, ശുദ്ധജലം, ഇന്ധനം, ഭക്ഷ്യേതര വസ്തുക്കൾ ഉൾപ്പെടെയുള്ള ജനങ്ങളുടെ അടിയന്തര ആവശ്യങ്ങൾ നിറവേറ്റാൻ ബന്ധപ്പെട്ടവർക്ക് കഴിയില്ലെന്നും നഷ്ടപ്പെടുന്ന ഓരോ മണിക്കൂറും കൂടുതൽ ജീവൻ അപകടത്തിലാക്കുമെന്നും ലോകാരോഗ്യ സംഘടന പ്രസ്താവനയിൽ പറഞ്ഞു. സാധരണ ജനങ്ങളെയും ആരോഗ്യ സംവിധാനങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

ഇസ്രായേൽ ഇന്ധന വിതരണം നിർത്തിവെച്ചതിനെ തുടർന്ന് ഗസ്സയിലെ ഒരേയൊരു വൈദ്യുതി പ്ലാന്‍റ് കഴിഞ്ഞദിവസം പ്രവർത്തനം നിർത്തിയിരുന്നു. മാനുഷിക സഹായം എത്തിക്കാൻ അടിയന്തരമായി താൽക്കാലിക വെടിനിർത്തൽ നടപ്പാക്കണമെന്ന് അറബ് രാഷ്ട്രങ്ങൾ ആവശ്യപ്പെട്ടെങ്കിലും ഇടവേളയില്ലാതെ തീവർഷം തുടരുകയാണ്. ഭക്ഷണവും മരുന്നും വെള്ളവും നിഷേധിക്കുന്ന സമ്പൂർണ ഉപരോധം അവസാനിപ്പിക്കണമെങ്കിൽ ഹമാസ് തടവുകാരാക്കിയ മുഴുവൻ പേരെയും വിട്ടയക്കണമെന്നാണ് ഇസ്രായേൽ ആവശ്യപ്പെട്ടിരിക്കുന്നത്.

Tags:    
News Summary - World Health Organization warns Gaza hospitals at ‘breaking point’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.