യു.എ.ഇയുടെ ആദ്യ ചൊവ്വ പര്യവേക്ഷണ ദൗത്യമായ ഹോപ് ആദ്യമായി പകര്‍ത്തിയ ചൊവ്വയുടെ ചിത്രം ഭൂമിയിലേക്കയച്ചു. ചൊവ്വയുടെ ഉപരിതലത്തില്‍നിന്ന് ഏകദേശം 25,000 കിലോ മീറ്റര്‍ ദൂരത്തുനിന്നാണ് ചിത്രം പകര്‍ത്തിയത്.
സൗരയൂഥത്തിലെ അറിയപ്പെടുന്ന ഏറ്റവും വലിയ അഗ്നിപര്‍വതമായ ഒളിംപസ് മോണ്‍സ് ചിത്രത്തില്‍ കാണാം. ചൊവ്വയുടെ കാലാവസ്ഥയെ കുറിച്ചുള്ള പഠനമാണ് ഹോപ് ലക്ഷ്യമിടുന്നത്. 2020 ജൂലൈ 19നാണ് ഹോപ് ഓര്‍ബിറ്റര്‍ വിക്ഷേപിച്ചത്.
കന്യാകുമാരിയിലെ മരുത്വാമലയില്‍നിന്ന് മലയാളി ഗവേഷകർ പുതിയ സസ്യത്തെ കണ്ടെത്തി. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളജിലെ അധ്യാപകനായ കെ. ഷിനോജും കാലിക്കറ്റ് സര്‍വകലാശാല ബോട്ടണി വിഭാഗം അധ്യാപകനായ പി. സുനോജ് കുമാറും ചേര്‍ന്നാണ് പുതിയ സസ്യത്തെ കണ്ടെത്തിയത്. 'അനൈസോക്കൈലസ് കന്യാകുമാരിയെന്‍സിസ്' (Anisochilus kanyakumariensis) എന്നാണ് ഇതിന് പേര് നൽകിയത്.
നാസയുടെ ചൊവ്വ പര്യവേക്ഷണ വാഹനമായ പെര്‍സിവിയറന്‍സ് ചൊവ്വയിലിറങ്ങി. 2020 ജൂലൈ 30ന് വിക്ഷേപിക്കപ്പെട്ട പെര്‍സിവിയറന്‍സ് 2021 ഫെബ്രുവരി 18നാണ് ചൊവ്വയിൽ ഇറങ്ങിയത്. ചൊവ്വയിലെ ജീവന്റെ അടയാളങ്ങൾ, മനുഷ്യവാസ യോഗ്യമാക്കാനുള്ള സാധ്യത തിരയൽ തുടങ്ങിയവയാണ് പ്രധാന ലക്ഷ്യം.
പെര്‍സിവിയറന്‍സിൽ ഉണ്ടായിരുന്ന ഹെലികോപ്ടർ 'ഇന്‍ജെന്യൂയിറ്റി' ചൊവ്വയിൽ വിജയകരമായി നാസ പറത്തിയിരുന്നു. മറ്റൊരു ഗ്രഹത്തില്‍ മനുഷ്യര്‍ നിയന്ത്രിച്ച് പറത്തുന്ന ആദ്യ വാഹനം എന്ന ബഹുമതി ഇന്‍ജെന്യൂയിറ്റി സ്വന്തമാക്കി. ആകെ 39.1 സെക്കൻഡ് നേരമാണ് ഇന്‍ജെന്യൂയിറ്റിയുടെ ആദ്യപറക്കല്‍ നീണ്ടുനിന്നത്.
ഛിന്നഗ്രഹങ്ങളെ ലക്ഷ്യമിട്ട് 'ലൂസി'
സൗരയൂഥത്തിന്റെ അവശിഷ്ടങ്ങള്‍ എന്നുവിളിക്കുന്ന ഛിന്നഗ്രഹക്കൂട്ടങ്ങളെ കുറിച്ച് പഠിക്കാന്‍ നാസയുടെ ലൂസി (Lucy) പേടകം വിക്ഷേപിച്ചു. വ്യാഴത്തിന്റെ ഭ്രമണപഥത്തിലെ ഛിന്നഗ്രഹ കൂട്ടങ്ങളെ കുറിച്ചാണ് ലൂസി പഠിക്കുക. ഒക്ടോബർ 16നായിരുന്നു വിക്ഷേപണം. സൗരയൂഥ രൂപവത്കരണവുമായി ബന്ധപ്പെട്ട സൂചനകള്‍ നല്കാന് ഈ പഠനത്തിലൂടെ സാധിക്കുമെന്നാണ് ശാസ്ത്രലോകം കരുതുന്നത്. മനുഷ്യപരിണാമം സംബന്ധിച്ച് നിർണായക വിവരം നൽകിയ ഫോസിലായ 'ലൂസി'യുടെ പേരാണ് ദൗത്യത്തിന് നൽകിയത്.
സൂര്യനെ 'തൊട്ട്' സോളാർ പ്രോബ്
മനുഷ്യാന്വേഷണം ഇനിയും ചെന്നുതൊട്ടിട്ടില്ലാത്ത സൂര്യെൻറ അന്തരീക്ഷത്തിലെത്തി നാസയുടെ പേടകം. 'പാർകർ സോളാർ പ്രോബ്' (Parker Solar Probe) ആണ് കൊറോണ എന്ന സൂര്യെൻറ ബാഹ്യ അന്തരീക്ഷത്തിൽ ആദ്യമായി എത്തി നിർണായക വിവരങ്ങൾ കൈമാറിയത്. സൗര രഹസ്യങ്ങൾ തേടി 2018ലാണ് സോളാർ പ്രോബ് ദൗത്യം ആരംഭിച്ചത്. സൂര്യമണ്ഡലത്തിൽ നിന്ന് 1.3 കോടി കിലോമീറ്റർ അകലെയാണ് പേടകമിപ്പോൾ. 2025ൽ ദൗത്യം സൂര്യന് ഏറ്റവും അടുത്തെത്തും. അപ്പോഴും സൂര്യമണ്ഡലത്തിന് 61 ലക്ഷം കിലോമീറ്റർ അകലെയായിരിക്കും.150 കോടി യു.എസ് ഡോളർ (11,250 കോടി രൂപ) ചെലവുള്ള ദൗത്യത്തിന് ഷിക്കാഗോ സർവകലാശാലാ പ്രഫസറും പ്രമുഖ ഭൗതികശാസ്ത്രജ്ഞനുമായ യൂജീൻ പാർക്കറുടെ പേരാണ് നൽകിയിരിക്കുന്നത്.
2021ലെ കേരള ശാസ്ത്രപുരസ്കാരത്തിന് പ്രശസ്ത കാർഷിക ശാസ്ത്രജ്ഞനും ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവുമായ എം.എസ്. സ്വാമിനാഥനും ഭൗതിക ശാസ്ത്രമേഖലയിലെ പ്രഗത്ഭനായ പ്രഫ. താണു പത്മനാഭനും അർഹരായി. കൃഷിശാസ്ത്ര ഗവേഷണ മേഖലയിലെ ആജീവനാന്ത ഗവേഷണനേട്ടം പരിഗണിച്ചാണ് പ്രഫ. എം.എസ്. സ്വാമിനാഥനെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്. സൈദ്ധാന്തിക ഭൗതികശാസ്ത്ര മേഖലയിലെ ആജീവനാന്ത ഗവേഷണനേട്ടമാണ് പ്രഫ. താണു പത്മനാഭനെ പുരസ്കാരാർഹനാക്കിയത്.
വരുംകാല ബഹിരാകാശ യാത്രകള്‍ക്കായി നാസ പരിശീലിപ്പിക്കുന്ന യാത്രികരുടെ സംഘത്തില്‍ പാതി മലയാളിയും. ലഫ്റ്റനന്റ് കേണല്‍ ഡോ. അനില്‍ മേനോനാണ് പത്തംഗ സംഘത്തിലുള്ളത്. ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യനെ അയക്കുന്നതിനൊപ്പം ചൊവ്വാ ദൗത്യങ്ങള്‍ക്ക് വേണ്ടിയും നാസ ഇവരെ പരിശീലിപ്പിക്കും. മലയാളിയായ ശങ്കരന് മേനോന്റെയും ഉക്രൈന്‍കാരിയായ ലിസ സാമോലെങ്കോയുടെയും മകനാണ് 45കാരനായ അനില്‍. യു.എസ് എയര്‍ഫോഴ്സിലെ ലഫ്റ്റനന്റ് കേണലും ഡോക്ടറുമാണ്. ഇലോണ്‍ മസ്കിന്റെ സ്പേസ് എക്സിന്റെ ആദ്യ ബഹിരാകാശ ദൗത്യത്തില്‍ സര്‍ജനായി പ്രവര്‍ത്തിച്ചിരുന്നു.
യു.എസിലെ മിനിയപ്പൊളിസിലാണ് അനില്‍ മേനോന് ജനിച്ചതും വളര്‍ന്നതുമെല്ലാം. സ്പേസ് എക്സില്‍ ജോലി ചെയ്യുന്ന അന്നയാണ് ഭാര്യ. നാസയുടെ നിരവധി ബഹിരാകാശനിലയ ദൗത്യങ്ങളില്‍ ഗ്രൗണ്ട് ഡ്യൂട്ടി സ്റ്റാഫായി അനില്‍ മേനോന് പ്രവര്‍ത്തിച്ചിട്ടുണ്ട്.
സ്റ്റാര്‍ട്ട്, ആക്ഷന്‍, കാമറ @ബഹിരാകാശം
ബഹിരാകാശം പ്രമേയമായി നിരവധി സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ ഇവയൊക്കെ ബഹിരാകാശത്ത് ചിത്രീകരിച്ചതാണോ ? അല്ലേയല്ല. എന്നാലിതാ ബഹിരാകാശത്ത് ആദ്യമായി സിനിമാ ചിത്രീകരണം നടത്തിയിരിക്കുകയാണ് റഷ്യന്‍ സംഘം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്വെച്ചാണ് (International Space Station) 'ചലഞ്ച്' എന്ന് പേരിട്ട സിനിമയുടെ ചിത്രീകരണം നടത്തിയത്. നിര്‍മാതാവും സംവിധായകനുമായ ക്ലിം ഷിപെന്‍കോയും നടി യൂലിയ പെരെസില്‍ഡും റഷ്യന്‍ ബഹിരാകാശ യാത്രികന് ആന്റണ്‍ ഷ്കപ്ലെറോവും അടങ്ങിയ മൂവര്‍സംഘമാണ് ചിത്രീകരണത്തിനായി ബഹിരാകാശത്തേക്ക് പോയത്.
ഒക്ടോബര്‍ അഞ്ചിന് കസാഖ്സ്താനിലെ ബൈകനൂരില്നിന്നാണ് മൂവര്‍സംഘം യാത്ര തിരിച്ചത്. 12 ദിവസം ബഹിരാകാശത്ത് തങ്ങിയാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ 'റോസ്കോസ്മോസ്' ആണ് സിനിമയ്ക്കുവേണ്ടി ബഹിരാകാശ ദൗത്യം ഏറ്റെടുത്തത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം സംഘത്തിലെ ബഹിരാകാശ യാത്രികന് ആന്റണ്‍ ഷ്കപ്ലെറോവ് അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ തങ്ങി. മറ്റ് രണ്ടുപേരും, ആറ് മാസമായി നിലയത്തിലുണ്ടായിരുന്ന ഒലെഗ് നോവിറ്റ്സ്കി എന്ന യാത്രികനും റോസ്കോസ്മോസിന്റെ സോയുസ് എംഎസ്-19 ബഹിരാകാശ വാഹനത്തില്‍ കസഖ്സ്ഥാനില്‍ തിരിച്ചിറങ്ങുകയായിരുന്നു.
ബഹിരാകാശത്തെ സിനിമാ ചിത്രീകരണം ആദ്യം പ്രഖ്യാപിച്ചത് യു.എസ് ആയിരുന്നു. സ്പേസ് എക്സ് സ്ഥാപകന്‍ ഇലോണ്‍ മസ്കിനും നാസക്കും ഒപ്പം ചേര്‍ന്ന് ഹോളിവുഡ് ആക്ഷന്‍ താരം ടോം ക്രൂസ് ബഹിരാകാശത്ത് സിനിമ ചിത്രീകരിക്കുമെന്ന് പോയവര്‍ഷം തുടക്കത്തില്‍ പ്രഖ്യാപിച്ചിരുന്നു.
ബഹിരാകാശത്ത് അധീശത്വം സ്ഥാപിക്കാനുള്ള മത്സരം വൻ രാജ്യങ്ങൾ പതിറ്റാണ്ടുകൾ മുമ്പേ ആരംഭിച്ചതാണ്. ഇപ്പോൾ, ലോക കോടീശ്വരന്മാരും ബഹിരാകാശത്തിലേക്ക് കണ്ണുനട്ടതോടെ 'സ്പേസ് റേസ്' (ബഹിരാകാശ കിടമത്സരം) പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്.
ആമസോൺ സ്ഥാപകനും ബഹിരാകാശ കമ്പനിയായ 'ബ്ലൂ ഒറിജിൻ' ഉടമയുമായ ജെഫ് ബെസോസ്, 'വെർജിൻ ഗാലക്ടിക്' മേധാവി റിച്ചാർഡ് ബ്രാൻസൺ, ടെസ്ല-സ്പേസ് എക്സ് മേധാവി ഇലോൺ മസ്ക് തുടങ്ങിയവരാണ് ഈ രംഗത്തെ അതികായർ. വെർജിൻ ഗാലക്ടിക് പൂർണമായും വിനോദസഞ്ചാരം ലക്ഷ്യമിടുമ്പോൾ വ്യവസായിക ലക്ഷ്യങ്ങളോടെയാണ് ജെഫ് ബെസോസ് ബഹിരാകാശ നീക്കം നടത്തുന്നത്. വരുംകാലത്ത് ബഹിരാകാശ കോളനികൾ യാഥാർഥ്യമാകുമെന്നാണ് ബെസോസ് പറയുന്നത്. ഒാർബിറ്റൽ റീഫ് എന്ന് പേരിട്ടിരിക്കുന്ന ബഹിരാകാശ ബിസിനസ് പാർക്കിനായുള്ള പ്രവർത്തനങ്ങൾ 2025ന് ശേഷം ആരംഭിക്കും.
അതേസമയം, ചൊവ്വയെ കോളനിവത്കരിക്കുകയാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് ഇലോൺ മസ്ക് പ്രസ്താവിച്ചിരുന്നു. ചൊവ്വയിലേക്കും ചന്ദ്രനിലേക്കും ആളുകളെയും ചരക്കുകളെയും എത്തിക്കുന്നതിനായി സ്പേസ് എക്സ് 'സ്റ്റാർഷിപ്' എന്ന വരുംതലമുറ റോക്കറ്റുകൾ വികസിപ്പിക്കുകയാണ് ലക്ഷ്യം. 2030ന് മുമ്പ് സ്റ്റാർഷിപ് കൂറ്റൻ പേടകങ്ങൾ ചൊവ്വയിലിറങ്ങുമെന്നാണ് ഇലോൺ മസ്കിന്റെ പ്രഖ്യാപനം.
മലേറിയ പരത്തുന്ന പ്ലാസ്മോഡിയം ഫാൽസിപറം (Plasmodium falciparum) എന്ന പരാദത്തെ (parasite) തിരിച്ചറിഞ്ഞിട്ട് 130 വർഷം പിന്നിട്ടെങ്കിലും ഇതിനെതിരായ വാക്സിൻ അംഗീകരിക്കപ്പെട്ടത് കഴിഞ്ഞ വര്‍ഷമാണ്. ബ്രിട്ടീഷ് കമ്പനിയായ ഗ്ലാക്സോസ്മിത്ത് ക്ളൈൻ വികസിപ്പിച്ച മോസ്ക്വിറിക്സ് അഥവാ RTS,S/AS01 എന്നറിയപ്പെടുന്ന വാക്സിനാണ് ലോകാരോഗ്യ സം ഘടന അംഗീകരിച്ചത്. കുട്ടികൾക്കാണ് ആദ്യം നൽകുക.
ഇലോണ്‍ മസ്കിന്റെ സ്പേസ് എക്സ് പേടകത്തിൽ ബഹിരാകാശ യാത്ര നടത്തിയ നാല് യാത്രികരും സുരക്ഷിതരായി തിരികെയെത്തി. ബഹിരാകാശ വിദഗ്ധരായ ഒരാൾപോലുമില്ലാതെയാണ് യാത്ര പൂർത്തിയാക്കിയത്. ഭൂമിയിൽ നിന്നും 575 കിലോമീറ്റർ അകലെയാണ് ഇവർ ബഹിരാകാശ സഞ്ചാരം നടത്തിയത്. ദിവസവും 15 തവണ ഭൂമിയെ വലംവെച്ചു. ലോകകോടീശ്വരനായ ഇലോണ്‍ മസ്കിന്റെ ബഹിരാകാശ വിനോദ സഞ്ചാര പദ്ധതിയുടെ ആദ്യഘട്ട യാത്രയാണിത്. 200 മില്യൺ ഡോളറാണ് നാലു പേര്‍ക്കും കൂടിയുള്ള ആകെ ചെലവ്. ലോകത്തിലെ ആദ്യ സ്വകാര്യ ബഹിരാകാശ കമ്പനിയാണ് സ്പേസ് എക്സ്.
'ബിൽഡിങ് ക്ലൈമറ്റ്-റെഡി കമ്യൂണിറ്റീസ്' എന്നതായിരുന്നു ഇത്തവണത്തെ ലോക ശാസ്ത്രദിന പ്രമേയം. മാറുന്ന കാലാവസ്ഥയനുസരിച്ച് നമ്മുടെ ജീവിത രീതികളിലും മാറ്റം വരുത്താനായി ശാസ്ത്രസാങ്കേതിക വിദ്യകളെ പ്രയോജനപ്പെടുത്താനും ശാസ്ത്രത്തെ മനുഷ്യരോട് കൂടുതൽ അടുപ്പിക്കാനും ഇത്തവണത്തെ ശാസ്ത്രദിനാചരണം ലക്ഷ്യമിടുന്നു. കാലാവസ്ഥ വ്യതിയാനം മനുഷ്യന് വെല്ലുവിളിയാകുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു ശാസ്ത്ര ദിന പ്രമേയം യുനെസ്കോ തിരഞ്ഞെടുത്തത്.
സർ സി.വി. രാമന്റെ 'രാമൻ ഇഫക്ട്' കണ്ടുപിടുത്തത്തിന്റെ ഓർമക്കായാണ് 1986 മുതൽ ഈ ദിനം ദേശീയ ശാസ്ത്രദിനമായി ആചരിച്ചുവരുന്നത്. 'ശാസ്ത്രം സാങ്കേതികത നവീകരണം എന്നിവ വിദ്യാഭ്യാസത്തിലും നൈപുണ്യത്തിലും തൊഴിലിലും' എന്നതായിരുന്നു ഇത്തവണത്തെ ദേശീയ ശാസ്ത്രദിന മുദ്രാവാക്യം.
പ്രപഞ്ചത്തിലെ നാല് അടിസ്ഥാന ബലങ്ങളായ ഗുരുത്വാകര്‍ഷണബലം, വൈദ്യുതകാന്തികബലം, ദുര്‍ബല അണുകേന്ദ്രബലം, ശക്തിയേറിയ അണുകേന്ദ്രബലം എന്നിവക്ക് പുറമേ അഞ്ചാമതൊരു അടിസ്ഥാന ബലത്തിന്റെ സാധ്യത കണ്ടെത്തി ശാസ്ത്രജ്ഞര്‍. അണുവിനേക്കാള്‍ ചെറിയ കണികകളിലൊന്നായ മുവോണിന്റെ പെരുമാറ്റത്തെക്കുറിച്ച് പഠിക്കുമ്പോഴാണ് ഇത്തരമൊരു ബലത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്.
ശരീരത്തിലുണ്ടാകുന്ന മുറിവുകള്‍ ഫലപ്രദമായി ഉണക്കാന്‍ മെഡിക്കല്‍ രംഗത്തെ ഗവേഷണഫലമായി കണ്ടുപിടിച്ചവയാണ് പോളിമെറിക് ഹൈഡ്രോജലുകള്. ആന്റിബാക്ടീരിയൽ, ബയോഡീഗ്രേഡബിൾ ഗുണങ്ങൾ ഉള്ള ഹെഡ്രോജൽ രക്തസ്രാവം തടയാനും പെട്ടെന്ന് മുറിവുകൾ ഉണങ്ങാനും സഹായിക്കുന്നു. കൂടാതെ ഹൈഡ്രോജലുകൾ കുത്തിവെപ്പിലൂടെയും ശരീരത്തിലേക്ക് കടത്തിവിടാവുന്നതാണ്.
ഗ്ലാസ്ഗോ ഉച്ചകോടി
ഐക്യരാഷ്ട്ര സഭയുടെ ആഗോള കാലാവസ്ഥാ വ്യതിയാന ഉച്ചകോടി സ്കോട്ലൻഡിലെ ഗ്ലാസ്ഗോവിൽ ഒക്ടോബർ 31 മുതൽ നവംബർ 12 വരെ നടന്നു. കാര്‍ബണ്‍ പുറന്തള്ളലില്‍ 'നെറ്റ് സീറോ' ലക്ഷ്യത്തിലെത്താനുള്ള സമയപരിധി നിശ്ചയിച്ച് കൂടുതല്‍ രാജ്യങ്ങൾ രംഗത്തെത്തി. കല്‍ക്കരിയെ അടിസ്ഥാനമാക്കിയുള്ള ഊര്‍ജപദ്ധതികളില്‍നിന്ന് പിന്‍വാങ്ങൽ, വന നശീകരണം അവസാനിപ്പിക്കൽ, മീഥെയ്ൻ പുറന്തള്ളൽ കുറക്കൽ തുടങ്ങിയ പ്രഖ്യാപനങ്ങളും വിവിധ രാജ്യങ്ങൾ നടത്തി.
ആറു കോടി വർഷം മുമ്പുള്ള ദിനോസർ ഭ്രൂണം കണ്ടെത്തി
ഏകദേശം 66 ദശലക്ഷം വർഷം പഴക്കമുള്ള ദിനോസർ ഭ്രൂണം ചൈനയിൽ കണ്ടെത്തി. മുട്ടക്കുള്ളിൽ വിരിഞ്ഞിറങ്ങാൻ പാകത്തിലുള്ള ഭ്രൂണമാണ് നാശം സംഭവിക്കാത്ത രീതിയിൽ കണ്ടെത്തിയത്. ചരിത്രത്തിൽ ഇതുവരെ ലഭിച്ചതിൽ വെച്ച് ഏറ്റവും മികച്ച രീതിയിൽ സംരക്ഷിക്കപ്പെട്ട ഫോസിൽ ഭ്രൂണമാണ് ഇത്. പല്ലുകളില്ലാത്ത തെറോപോഡ് ദിനോസറിന്റെയോ ഒവിറാപ്റ്റോറൊസർ ദിനോസറിന്റെയോ ഭ്രൂണമാകാം ഇതെന്നാണ് നിഗമനം. 'ബേബി യിങ് ലിയാങ്' എന്നാണ് ഭ്രൂണത്തിന് പേരിട്ടിരിക്കുന്നത്.
ഭൂമി ഉൾപ്പെടുന്ന ഗാലക്സിയായ ആകാശഗംഗക്ക് പുറത്ത് ഒരു ഗാലക്സിയിൽ നക്ഷത്രത്തെ വലംവെക്കുന്ന ഗ്രഹത്തിനെക്കുറിച്ചുള്ള സൂചന ശാസ്ത്രലോകത്തിന് ലഭിച്ചു. നാസയുടെ ചന്ദ്ര എക്സ്-റേ ഒബ്സർവേറ്ററിയാണ് ഇതിനെ കുറിച്ചുള്ള വിവരം നൽകിയത്. ഭൂമിയിൽനിന്ന് 28 ദശലക്ഷം പ്രകാശവർഷം അകലെ സ്ഥിതിചെയ്യുന്ന എം-51 എന്നറിയപ്പെടുന്ന വേൾപൂൾ ഗാലക്സിയിലാണ് പുതിയ ഗ്രഹത്തിന്റെ സൂചനകൾ കണ്ടെത്തിയത്. ആദ്യമായാണ് ആകാശഗംഗക്ക് പുറത്തൊരു ഗാലക്സിയിൽ ഗ്രഹത്തിന്റെ സാന്നിധ്യം കണ്ടെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.