നേരത്തേ ഫേസ്ബുക്ക് എന്നറിയപ്പെട്ടിരുന്ന കമ്പനി മെറ്റ എന്ന് ഒക്ടോബറിൽ പേരുമാറ്റിയതോടെ മെറ്റാവേഴ്സ് എന്ന ഡിജിറ്റൽ പ്രപഞ്ചം ലോകമറിഞ്ഞു. വാട്സ്ആപ്പും മെറ്റയുടെ കീഴിലായി. ഇൻറർനെറ്റിനപ്പുറമുള്ള ഡിജിറ്റൽ ചുറ്റുപാടിൽ ജീവിക്കാൻ അവസരമൊരുക്കുന്ന മെറ്റാവേഴ്സിലേക്ക് ലോകം ചുവടുവെച്ച വർഷമാണ് കടന്നുപോവുന്നത്. ഇൻറർനെറ്റും ഓഗ്മെൻറഡ് റിയാലിറ്റി, വെർച്വൽ റിയാലിറ്റി സങ്കേതങ്ങളും ത്രീഡിയും ഹോേളാഗ്രഫിയും വിഡിയോയും ആശയവിനിമയ മാർഗങ്ങളും അടക്കം യഥാർഥലോകവും സാങ്കേതികവിദ്യ സൃഷ്ടിക്കുന്ന ലോകവും ഒരുമിച്ചുചേരുന്നയിടമാണ്.
ജോലി, കായിക വിനോദങ്ങൾ, സംഗീതക്കച്ചേരികൾ, സമ്മേളനങ്ങൾ, ലോകമെങ്ങും വെർച്വൽ പര്യടനം, സമൂഹമാധ്യമങ്ങളിലെ സാന്നിധ്യം എന്നിങ്ങനെ യഥാർഥ ലോകത്തിെൻറ പതിപ്പായ ത്രിമാന ലോകത്ത് ഓരോ അവതാറുകളായി മാറിജീവിക്കാനും ഇടപഴകാനും സംസാരിക്കാനും കഴിയും.
അഞ്ചുവർഷം മുതൽ 10 വർഷംകൊണ്ട് മെറ്റാവേഴ്സ് പൂർണതോതിൽ വികസിക്കുമെന്നാണ് മെറ്റ (മുമ്പ് ഫേസ്ബുക്ക്) സി.ഇ.ഒ മാർക്ക് സക്കർബർഗ് കണക്കുകൂട്ടുന്നത്. മൈക്രോസോഫ്റ്റ് ആകട്ടെ ഹോളോഗ്രാമുകൾ ഉപയോഗിക്കുകയും മെഷ് പ്ലാറ്റ്ഫോം ഉപയോഗിച്ച് മിക്സഡ് റിയാലിറ്റി, എക്സ്റ്റെൻഡഡ് റിയാലിറ്റി (എക്സ്.ആർ) ആപ്ലിക്കേഷനുകൾ വികസിപ്പിക്കുകയുമാണ്. ഇത് ഓഗ്മെൻറഡ് റിയാലിറ്റി, വെർച്വൽ റിയാലിറ്റി എന്നിവയെ യഥാർഥലോകവുമായി സംയോജിപ്പിക്കുന്നു. ഓൺലൈൻ ആശയവിനിമയ വേദിയായ മൈക്രോസോഫ്റ്റ് ടീംസിൽ 2022ൽ ഹോളോഗ്രാമുകളും വെർച്വൽ ജീവരൂപങ്ങളും ഉൾപ്പെടെയുള്ള മിക്സഡ് റിയാലിറ്റി കൊണ്ടുവരുന്നതിനുള്ള പദ്ധതികളിലാണ് കമ്പനി.
മാസങ്ങൾ നീണ്ട വീട്ടിലടച്ചിരിപ്പും ആശങ്കയും സമ്മാനിച്ച തടസ്സങ്ങൾ മറികടന്ന് ശാസ്ത്രസാങ്കേതിക ലോകം അടിവെച്ച് മുന്നേറുകയായിരുന്നു 2021ൽ. 2020ൽ ദിശയറിയാതെ ഉഴറിയ പുതിയ അവതരണങ്ങളും കണ്ടുപിടിത്തങ്ങളും 2021ൽ പൂർവാധികം ശക്തിയോടെ മടങ്ങിയെത്തി. കോവിഡ് തീർത്ത വെല്ലുവിളികളെ വകഞ്ഞുമാറ്റി സാങ്കേതികലോകം ജീവശ്വാസം വീണ്ടെടുത്തു. ഇൻറർനെറ്റിനെ നിഷ്പ്രഭമാക്കുന്ന മെറ്റാവേഴ്സ് എന്ന പ്രതീതിയാഥാർഥ്യ പ്രപഞ്ചത്തിന് മുന്നിൽ കൺമിഴിച്ചുനിൽക്കുകയാണ് 2021. കൂടെ സാങ്കേതികവിദ്യ തുറന്നുതന്ന വിപണിസങ്കേതമായ എൻ.എഫ്.ടിയുമുണ്ട്. ആൻഡ്രോയിഡ് 12, വിൻഡോസ് 11, പുതുമകളുമായി ഐഫോൺ 13 എന്നിവ കൺമുന്നിലെത്തിയ വർഷവുമാണ്. കഴിഞ്ഞവർഷം ചെറിയ ജാലവിദ്യകൾ കാട്ടിയ കൃത്രിമബുദ്ധി (ആർട്ടിഫിഷ്യൽ ഇൻറലിജൻസ്), റോബോട്ടിക്സ്, ഇൻറർനെറ്റ് ഓഫ് തിങ്സ് (ഐ.ഒ.ടി), ഓഗ്മെൻറഡ് റിയാലിറ്റി-വെർച്വൽ റിയാലിറ്റി, ഒ.ടി.ടി സാങ്കേതികവിദ്യകൾ ജീവിതത്തെ കൂടുതൽ സ്മാർട്ട് ആക്കി.
വയറുകളോ പാഡോ സ്റ്റാൻഡോ ഇല്ലാതെ ഒരേസമയം ഒന്നിലധികം ഉപകരണങ്ങൾ വിദൂരമായി ചാർജ് ചെയ്യാൻ കഴിയുന്ന മി എയർചാർജ് ടെക്നോളജിയുമായി ഷവോമി ഈവർഷം ആദ്യമെത്തി. സ്മാർട്ട്ഫോണിലേക്ക് പ്രസരിക്കുന്ന മില്ലിമീറ്റർ വേവ് തരംഗങ്ങളെ വൈദ്യുതോർജമാക്കി മാറ്റുകയാണ് ചെയ്യുക.
ഭൂഗോളത്തിെൻറ 70 ശതമാനവും വെള്ളമാണ്. ലോകത്ത് 10 ലക്ഷത്തിലധികം ഫൈബർ ഒപ്റ്റിക് കേബ്ൾ ശൃംഖല സമുദ്രത്തിെൻറ അടിത്തട്ടിലൂടെയാണ്. ഭൂകമ്പങ്ങൾ കണ്ടെത്താൻ നിലവിലുള്ള ഭൂഗർഭ വാർത്താവിനിമയ കേബ്ളുകൾ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ ഭൂകമ്പ ശാസ്ത്രജ്ഞർ ഗൂഗ്ളിലെ ഒപ്റ്റിക്സ് വിദഗ്ധരുമായി ചേർന്ന് മാർച്ചിൽ വികസിപ്പിച്ചു. മെച്ചപ്പെട്ട ഭൂകമ്പ, സൂനാമി മുന്നറിയിപ്പ് സംവിധാനമൊരുക്കാൻ ഈ കണ്ടുപിടിത്തം സഹായിക്കും. കടലിനടിയിലെ ഭൂമിയുടെ ചലനങ്ങൾ നിരീക്ഷിക്കാൻ വെള്ളത്തിനടിയിൽ ഭൂകമ്പമാപിനികൾ സ്ഥാപിക്കുന്നതും നിരീക്ഷിക്കുന്നതും പ്രവർത്തിപ്പിക്കുന്നതും ബുദ്ധിമുട്ടും ചെലവേറിയതുമാണ്. സമുദ്രത്തിെൻറ അടിത്തട്ടിൽ നിലവിലുള്ള സംവിധാനം ഉപയോഗിച്ച് ഭൂകമ്പം നിരീക്ഷിക്കുകയാണ് അനുയോജ്യമെന്ന് ഗവേഷകർ പറയുന്നു.
കാർ തുറക്കാൻ സൗകര്യം, ഹിഡൻ റീസൈക്കിൾ ബിൻ സൗകര്യം, വ്യക്തതകൂടിയ ബ്ലൂടൂത്ത് എൽ.ഇ ഓഡിയോ തുടങ്ങിയ സവിശേഷതകളുമായി മേയിൽ കൺമുന്നിലെത്തിയ ആൻഡ്രോയ്ഡ് 12 ആഗസ്റ്റിൽ ഫോണുകളിലെത്തി.
നേരിൽകണ്ടുള്ള സംസാരവഴി കോവിഡ് വന്നടച്ചപ്പോൾ സംവാദങ്ങൾക്കും ചർച്ചക്കും വാതിൽതുറന്നിട്ട സമൂഹമാധ്യമ ആപ്പാണ് ക്ലബ്ഹൗസ്. നേരത്തേ ഐഫോണുകളിൽ മാത്രം ലഭ്യമായിരുന്ന ക്ലബ്ഹൗസ് 2021 മേയ് 21നാണ് ലോകമെമ്പാടും ആൻഡ്രോയ്ഡ് ഉപയോക്താക്കളിലേക്ക് കടന്നുവന്നത്. ശബ്ദം മാത്രമുള്ള സമൂഹമാധ്യമമായ ക്ലബ്ഹൗസിൽ സൂര്യന് കീഴിൽ എന്തിനെക്കുറിച്ചും ചർച്ചചെയ്യാനുള്ള ചാറ്റ്മുറികളുണ്ട്.
ലോക്ഡൗണ് കാരണം പുറത്തിറങ്ങാനും ആളുകളുമായി ഇടപഴകാനും സംസാരിക്കാനും കഴിയാത്തവര്ക്ക് ചായക്കടകളിലെ ചർച്ച നടത്താവുന്ന വേദിയൊരുക്കിയ ക്ലബ്ഹൗസ് ജനപ്രിയമായപോലെ തന്നെ പലരുടെയും ഫോണുകളിൽനിന്ന് മറഞ്ഞതിനും 2021 സാക്ഷിയായി.
പുതിയ ലോഗോ, വിൻഡോസ് സ്റ്റോർ, കമ്പ്യൂട്ടറുകളിൽ ആമസോൺ സ്റ്റോറിന്റെ സഹായത്താൽ ആൻഡ്രോയ്ഡ് ആപ് പ്രവർത്തനം, ഇടത്തുനിന്ന് നടുവിലേക്ക് മാറിയ സ്റ്റാർട്ട് മെനു, പുതിയ തീമും അപ്പിയറൻസും, മൾട്ടിടാസ്കിങ്, നവീകരിച്ച ഫയൽ എക്സ്പ്ലോറർ തുടങ്ങി അടിമുടി മാറ്റങ്ങളുമായി ജൂണിൽ കണ്ട വിൻഡോസ് 11 കമ്പ്യൂട്ടറിൽ ഒക്ടോബറിലെത്തി.
നെറ്റിൽ കയറിയിറങ്ങുന്നവരെ 2021ൽ അത്ഭുതപ്പെടുത്തിയ മൂന്നക്ഷരമാണ് എൻ.എഫ്.ടി (നോൺ ഫംഗിബിൾ ടോക്കൺസ്). അമിതാഭ് ബച്ചൻ മുതൽ രജനികാന്ത് വരെയുള്ളവർ സ്വന്തം എൻ.എഫ്.ടി പുറത്തിറക്കിക്കഴിഞ്ഞു. കൈമാറ്റം ചെയ്യാനാവാത്ത, മറ്റ് കലാരൂപങ്ങൾ പോലെ കൈയിലെടുക്കാനോ സ്വന്തമായി സൂക്ഷിക്കാനോ കഴിയാത്ത ഡിജിറ്റൽ കലാസൃഷ്ടികളാണ് നോൺ ഫഞ്ചിബ്ൾ ടോക്കൺ എന്ന എൻ.എഫ്.ടി. ഡിജിറ്റൽ പണമായ ക്രിപ്റ്റൊ കറൻസികൾ ഒരേപോലെയുള്ളതിനാൽ കൈമാറാൻ കഴിയും. എന്നാൽ ഓരോ എൻ.എഫ്.ടിയും വ്യത്യസ്തമായതിനാൽ മറ്റൊന്നിന് പകരം വിൽക്കാനോ കൈമാറാനോ കഴിയില്ല. അവ പണം കൊടുത്ത് സ്വന്തമാക്കാം. പേക്ഷ, കാശുകൊടുത്ത് സ്വന്തമാക്കുന്ന മറ്റ് വസ്തുക്കളുടെ മേലുള്ള അവകാശം ഇതിനുമേലില്ല. അതുകൊണ്ട് ഒരു എൻ.എഫ്.ടി ഒരാൾ പണംകൊണ്ട് സ്വന്തമാക്കിയാലും മറ്റൊരാൾക്ക് ഡൗൺലോഡ് ചെയ്യാനോ പകർപ്പെടുക്കാനോ ഉപയോഗിക്കാനോ കഴിയും. മോണാലിസയുടെ ചിത്രമാണ് എൻ.എഫ്.ടിക്ക് പറ്റിയ ഉദാഹരണം. ആർക്കും മോണാലിസയുടെ പകർപ്പ് വാങ്ങാൻ കിട്ടും. പേക്ഷ യഥാർഥ ചിത്രം പാരിസിലെ ലൂവ്ര് മ്യൂസിയത്തിലാണുള്ളത്. ഓരോന്നിനും പ്രത്യേക തിരിച്ചറിയൽ നമ്പറും പരസ്പര കണ്ണിചേരുന്ന വിവരശൃംഖലയുമുണ്ട്.
ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യ ഉപയോഗിച്ച് വിൽക്കലും വാങ്ങലും നടത്തുന്നതിനാൽ ഉടമകളെ കണ്ടെത്താൻ എളുപ്പമാണ്. ഇവ വാങ്ങാൻ ക്രിപ്റ്റൊ കറൻസിയും എൻ.എഫ്.ടി സൂക്ഷിക്കാനുള്ള ഡിജിറ്റൽ വാലറ്റ് തുറക്കുകയും വേണം. മിക്ക എൻ.എഫ്.ടികളും വാങ്ങാൻ ക്രിപ്റ്റൊ കറൻസികൾ അത്യാവശ്യമാണ്. എൻ.എഫ്.ടി വിപണി അതിവേഗം വളരുകയാണ്. മാർച്ചിനും ജൂണിനും ഇടയിൽ 782 ദശലക്ഷം ഡോളറിൽനിന്ന് ഈ വർഷത്തിെൻറ മൂന്നാംപാദമെത്തിയപ്പോൾ 5.9 ബില്യൺ ഡോളറായാണ് വിൽപന വർധിച്ചത്.
കാഴ്ചയിൽ സാമ്യമുണ്ടെങ്കിലും യന്ത്രമനുഷ്യരെ മനുഷ്യരുടെ തനിപ്പകർപ്പാക്കുക എന്നതാണ് റോബോട്ടിക്സ് സാങ്കേതികവിദ്യ നേരിടുന്ന വെല്ലുവിളി.
വർഷംതോറും ഇതിനുള്ള ശ്രമങ്ങളിലാണ് ശാസ്ത്രലോകം. ഈവർഷം യു.കെ ആസ്ഥാനമായ എൻജിനിയേർഡ് ആർട്സ് മനുഷ്യരെപ്പോലെ മുഖഭാവങ്ങൾ പ്രകടിപ്പിക്കുന്ന 'അമിക്ക' എന്ന യന്ത്രമനുഷ്യനെ സൃഷ്ടിച്ചു. അമ്പരപ്പ്, അത്ഭുതം, ആശങ്ക, പുഞ്ചിരി തുടങ്ങിയ വികാരങ്ങൾ പ്രകടിപ്പിക്കാനിതിന് ശേഷിയുണ്ട്.
സോഫ്റ്റ്വെയറുകളോ ഫയലുകളോ ഒന്നും ശേഖരിച്ച് സൂക്ഷിക്കാതെ ഓൺലൈനായി ഇൻറർനെറ്റിെൻറ സഹായത്തോടെയാണ് ക്ലൗഡ് കമ്പ്യൂട്ടിങ്ങിൽ ഉപയോഗിക്കുന്നത്. ഇത്തരം ഒന്നിലധികം ക്ലൗഡ് നെറ്റ്വർക്കുകൾ ഒരുമിച്ച് ഉപയോഗിക്കുന്ന മൾട്ടി ക്ലൗഡ് സംവിധാനം പ്രചാരം നേടിയ വർഷമാണ്.
ഓരോ ജോലിക്കും ഓരോ ക്ലൗഡാണ് നല്ലത്. ആമസോൺ വെബ് സർവിസസ്, ഗൂഗ്ൾ ക്ലൗഡ് പ്ലാറ്റ്ഫോം, മൈക്രോസോഫ്റ്റ് അഷ്വർ, ഐ.ബി.എം എന്നിവയാണ് പ്രമുഖ ക്ലൗഡ് സേവനങ്ങൾ. വേഗം, വിലക്കുറവ്, സുരക്ഷ, നെറ്റ്വർക്ക് കാര്യക്ഷമത മെച്ചപ്പെടൽ എന്നിവയാണ് പല ക്ലൗഡ് സേവനങ്ങൾ ഒരുമിച്ച് ഉപയോഗിക്കുേമ്പാഴുള്ള ഗുണങ്ങൾ.
ടിക്ടോക് പോലെ ലഘു വിഡിയോ പങ്കിടൽ സംവിധാനമായ ഇൻസ്റ്റഗ്രാം റീൽ 2021 ആഗസ്റ്റിൽ ഫേസ്ബുക്കിലും എത്തി. 2020ൽ ടിക്ടോക് നിരോധനത്തിന് പിന്നാലെ ജനപ്രിയമായ ഇൻസ്റ്റഗ്രാം റീൽ ചുവടുറപ്പിച്ച വർഷം കൂടിയാണ്.
തൊഴിൽ അന്വേഷകർക്ക് സ്വപ്നജോലി കരസ്ഥമാക്കാനും കമ്പനികൾക്ക് പ്രതിഭകളെ കണ്ടെത്താനും അവസരമൊരുക്കുന്ന 'ഷോ റീൽ' എന്ന വിഡിയോ സന്ദേശ ആപ്പുമായി ആദ്യകാല ഇ-മെയിൽ സേവനമായ ഹോട്ട്മെയിലിെൻറ സ്ഥാപകനും ഇന്ത്യക്കാരനുമായ സബീർ ഭാട്ടിയ എത്തി.
ഇസ്രായേൽ ആസ്ഥാനമായ എൻ.എസ്.ഒ ഗ്രൂപ്പിെൻറ ചാരസോഫ്റ്റ്വെയറായ പെഗസസ് 40 ഇന്ത്യൻ പത്രപ്രവർത്തകരുടെ ഫോൺ നമ്പറുകൾ ചോർത്തിയെന്ന വെളിപ്പെടുത്തൽ വിവാദമാവുന്നത് ജൂണിലാണ്. അരലക്ഷത്തോളം ആളുകളുടെ ഫോൺനമ്പറുകൾ പെഗസസ് ചോർത്തിയെന്നാണ് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട്. ഐഫോൺ ഉപയോഗിക്കുന്ന ലോക നേതാക്കളുടെ വിവരങ്ങൾ വരെ പെഗസസ് ചോർത്തി. ഇന്ത്യയിൽനിന്ന് രാഷ്ട്രീയ നേതാക്കളും മാധ്യമപ്രവർത്തകരും മുൻ ന്യായാധിപരും ആക്ടിവിസ്റ്റുകളും ഉൾപ്പെടെ 300ഓളം പേർ ചോർത്തൽ പട്ടികയിൽ ഉണ്ട്.
ഫോറൻസിക് പരിശോധനകളിൽ ചില ഉപകരണങ്ങളിൽ പെഗസസ് സാന്നിധ്യം കണ്ടെത്തിയിരുന്നു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2018നും 2019നും ഇടയിലാണ് മിക്ക മാധ്യമപ്രവർത്തകരും ഫോൺ ചോർത്തലിന് ഇരയായതെന്നാണ് ഓൺലൈൻ മാധ്യമമായ 'ദ വയർ' റിപ്പോർട്ട് ചെയ്തത്. ചാരവൃത്തി അന്വേഷിക്കാൻ സുപ്രീംകോടതി മുൻ ജഡ്ജിയുടെ നേതൃത്വത്തിൽ ആറംഗ സമിതിയെ സുപ്രീംകോടതി നിയമിച്ചു.
കരുത്തുനേടി മടങ്ങും ഫോണുകൾ
2019ൽ രംഗത്തെത്തിയ മടക്കാവുന്ന ഫോണുകളുടെ തരംഗം 2021ലും തുടർന്നു. 2020 പച്ചപിടിച്ച ഈ വിഭാഗം വെറും പരീക്ഷണം മാത്രമല്ല, ശാശ്വതമായ യാഥാർഥ്യമാണെന്ന് ഈ വർഷം തെളിയിച്ചു. മടക്കാവുന്ന സാംസങ് സെഡ് 3 ഫോൾഡ് 5ജി ആണ് രൂപകൽപന, മൾട്ടിടാസ്കിങ്, ഇരട്ട 120 ഹെർട്സ് ഡിസ്പ്ലേകൾ എന്നിവയോടെ ഉപയോക്താക്കളുടെ മനസ്സിൽ കയറിയത്. മൈക്രോസോഫ്റ്റ് സർഫസ് ഡ്യുവോ 2, സാംസങ് സെഡ് 3 ഫ്ലിപ് 5ജി, ഷവോമി എം.ഐ മിക്സ് ഫോൾഡ്, ഒപ്പോ ഫൈൻഡ് എൻ എന്നിവ ഈ വിഭാഗത്തിലെ കരുത്തന്മാരാണ്.
ട്വിറ്റർ സി.ഇ.ഒ
മുംബൈ സ്വദേശിയായ പരാഗ് അഗർവാളിനെ ട്വിറ്ററിന്റെ സി.ഇ.ഒ ആയി നിയമിച്ചു. ട്വിറ്റർ ചീഫ് ടെക്നോളജി ഓഫിസർ ചുമതല വഹിക്കുന്നതിനിടെയാണ് സ്ഥാപകന് ജാക് ഡോര്സിയുടെ പിന്ഗാമിയായി കമ്പനിയുടെ തലപ്പത്തെത്തുന്നത്.
വാട്സ്ആപ്പിന് പകരമുള്ള മെസേജിങ് ആപ്ലിക്കേഷൻ 'സന്ദേശ്' കേന്ദ്ര സർക്കാർ പുറത്തിറക്കി. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിനു കീഴിലുള്ള നാഷനൽ ഇൻഫർമാറ്റിക്സ് സെൻററാണ് ആപ് തയാറാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.