സങ്കൽപലോകം 'യെല്ല ൂരം'
text_fieldsമൂന്നു വശത്തും പുഴകളാൽ ചുറ്റപ്പെട്ടതും ഏകദേശം ഇരുപത്തയ്യായിരം ആളുകൾ വസിക്കുന്നതുമായ ഒരു സങ്കൽപയിടമാണ് യെല്ലൂരം. യെല്ലൂരം നിവാസികളിൽ തടിമിടുക്കുള്ളവരും കള്ളവാറ്റുകാരുമുൾപ്പെടുന്നു. നൂറു കോഴികൾ, താറാവുകൾ, ആടുമാടുകൾ, മൂന്ന് ആശുപത്രികൾ, പള്ളിക്കൂടം, പള്ളി, ക്ഷേത്രം തുടങ്ങിയവയും ഇനിയും തയാറാക്കിയിട്ടില്ലാത്ത ഈ ദേശത്തിന്റെ ഭൂപടത്തിൽപെടാനുള്ളവയാണ്.
വഞ്ചികൾമാത്രം യാനമായിട്ടുള്ള അവിടെ മുതൽ കള്ളായിവരെ വിചിത്രമായ പ്രവൃത്തികൾ ചെയ്യുന്നവരും അത്യപൂർവ നാമധാരികളുമായ കഥാപാത്രങ്ങളെ സൃഷ്ടിച്ച ഒരു കാർട്ടോഗ്രാഫറും ഒളിഞ്ഞിരിപ്പുണ്ട്. ആ ചെറുപ്പക്കാരന്റെ ജന്മദൗത്യം യെല്ലൂരത്തിന്റെ ഭൂപട നിർമിതിയാണ്. അവൻ 29ാം വയസ്സിൽ കൈഞരമ്പിലെ ചോരയാൽ ഭൂപടം വരച്ചുകൊണ്ട് ആത്മഹത്യയിലൂടെ ജീവിതത്തിൽനിന്ന് പിന്മാറുകയും ചെയ്യുന്നു. അങ്ങനെ വെളിച്ചവും നിഴലും ഉണ്മയും ഭാവനയും ഇഴയിട്ട ഒരു രാവണൻകോട്ടയാണ് യെല്ലൂരം.
പരസ്പരം ബന്ധപ്പെട്ട അനേകം ജലാശയങ്ങൾ മാതിരി, ഗുഹാവാസികളെപ്പോലെയുള്ള തങ്ങളും ഈ ഭൂപട നിർമിതിയിലെ കരുക്കളാണ് എന്നറിയുന്ന ജനതയുടെ പരസ്പരബന്ധമില്ലാത്ത പ്രവൃത്തികളുടെ സമാഹാരമാണ് വി.ആർ. സന്തോഷിന്റെ യെല്ലൂരം എന്ന നോവലെന്നു ചുരുക്കിപ്പറയാം. ഒരെഴുത്തുകാരന്റെ സങ്കൽപത്തിൽ മാത്രമുള്ള ദിക്കിൽ, വ്യവസ്ഥാപിതമായ ചരിത്രവും ഭൂമിശാസ്ത്രവും എപ്രകാരം പ്രവർത്തിക്കുന്നു? ഇതാണ് മുൻമാതൃകകളില്ലാത്ത ഈ നോവലിന്റെ കാതൽ. ജ്ഞാനികളാണവർ. ഭൂത, ഭാവികാല ചിന്തകളില്ലാതെ വർത്തമാനത്തിൽ മാത്രം ചരിക്കുന്നവർ.
മിൽ, കണ്ടോത്തി, പഴുതാൻ, തിത്തി, മുക്കാരു, പതിരാൻ, നെച്ചോണി, തലായി, തൊപ്പാരു, കേറൂ, അപ്പിരി, യെര, അക തുടങ്ങിയ കഥാപാത്രങ്ങൾ നായികാനായക പ്രാധാന്യമില്ലാതെ ആഖ്യാനത്തെ മുന്നോട്ടു കൊണ്ടുപോകുന്നു. പാതിരകളിൽ ഓളപ്പരപ്പിൽ പ്രത്യക്ഷമാകുന്ന രൂപം തെളിയാത്ത വഞ്ചിക്കാർ, യെല്ലൂര നിവാസികളുടെ ചിന്തകളെ കുഴക്കിമറിക്കാൻ പ്രത്യക്ഷപ്പെടുന്ന ഉടലിൽനിന്ന് വെട്ടിമാറ്റപ്പെട്ട മൂന്നു തലകൾ, സഞ്ചാരികളായ മരങ്ങൾ, അപ്രതീക്ഷിതമായ അപ്രത്യക്ഷമാകൽ, പൊടുന്നനെയുള്ള കഥാപാത്രങ്ങളുടെ പ്രത്യക്ഷപ്പെടൽ തുടങ്ങിയ കുഴമറിച്ചിലുകളുടെ കുരുക്കു പിടിച്ച് നൂലുണ്ടകളും കൗതുകങ്ങളുടെ തുരുത്തുകളായി ഈ നോവൽ നിർമിതിയിൽ പങ്കുചേരുന്നു.
അസ്സൽ ഭൂപടങ്ങൾക്കിടയിൽ ചില ഇല്ലാ ദിക്കുകൾ വരച്ചിടുന്ന കുസൃതി സാധാരണയായി കാർട്ടോഗ്രാഫർമാർ കാട്ടാറുണ്ട്. അപ്രകാരമുള്ള ഒരു പേപ്പർ ടൗണാണോ ഈ യെല്ലൂരം? യെല്ലൂരത്തിലെ സ്ത്രീകൾ എന്തായാലും കരുത്തരാണ്. ഓജസ്സുകെട്ട് പുരുഷന്മാർ തേരാപ്പാരാ നടക്കുന്നു. ചരിത്രനിരാസം മാത്രമല്ല, കൃത്യമായ സാമ്പത്തിക പ്രവർത്തനങ്ങളും അവിടെ പിറക്കാനിരിക്കുന്നതേയുള്ളു. ചുരുക്കത്തിൽ സ്പേസും ടൈമും കൂട്ടിച്ചേർത്തു രചയിതാവ് നടത്തിയ ഒരു രാസപ്രവർത്തനമാണ് യെല്ലൂര രചനയിൽ സംഭവിച്ചിരിക്കുന്നത്. ഇവിടെ കിനാവുകൾക്കാണ് മുൻതൂക്കം. എഴുപതുകൾ മുതലുള്ള രാഷ്ട്രീയ വിചാരങ്ങൾ നൂറ്റാണ്ടു പ്രളയത്തിൽ അവസാനിക്കുന്ന സമയ അളവാണ് ഈ നോവലിൽ വിഷയീഭവിച്ചിരിക്കുന്നത്.
യെല്ലൂരം വനിതകൾ അധ്വാനിക്കുന്നവരും രാത്രിയിൽ സഞ്ചരിക്കുന്നവരുമാണ്. യെല്ലൂരത്തിലെ ദുരൂഹതകളിലേക്ക് കണ്ണുകൾ എത്തിക്കാൻ അവർക്ക് പ്രാപ്തിയുണ്ട്. തങ്ങളുടെ ഉത്തരവാദിത്തമായി കണ്ട് ഭൂപടരചനയിൽ ഇവരും പങ്കെടുക്കുന്നു. വിചിത്ര സമീപനങ്ങൾ പുലർത്തുന്ന യെല്ലൂരത്തെ ശരീരവിൽപനക്കാരി, പ്രണയിനിയായ പനന്ത, കഥപറച്ചിലുകാരിയായ അമത്തായിഅമ്മ, വിരുന്നുകാരിയായ അക... ഇവരെല്ലാം പതിവു സ്ത്രീമാതൃകകളെ ഉടച്ചുകളയുന്നു. പുറംനാട്ടിൽനിന്നു കെട്ടിക്കേറ്റിയ പെണ്ണിന്റെ ആദ്യരാവിന് മറ്റൊരു രൂപമാണ്. ഇരുട്ടിനുള്ളിൽ പൂഴ്ത്തിവെച്ച താക്കോൽക്കൂട്ടമായി യെല്ലൂരത്തെ അവൾ ദർശിക്കുന്നു.
ഈ ലോകത്തിൽ ഇരുട്ടിന്റെ സ്വകാര്യതകൾ തുറക്കാൻ കഴിവുള്ളത് സ്ത്രീകൾക്കാണ്. സാധാരണതകളെക്കാൾ അസാധാരണതകൾക്ക് ഇടമുള്ള ഇവിടെ കുടുംബവും നാലു ചുവരുകൾക്കുള്ളിലെ ജീവിതാവസ്ഥയും വ്യത്യസ്തമാണ്. ബന്ധങ്ങൾ -ഭാര്യാഭർതൃ, പിതൃപുത്ര- സൂചിപ്പിക്കുന്ന വരകളും പൊതുരീതികളെ പൊളിക്കുന്നവയാണ്. നിശ്ശബ്ദതയാണ് യെല്ലൂരത്തിന്റെ മറ്റൊരു മുഖമുദ്ര. അതിനെ മുറിക്കുന്നത് അത്യപൂർവ സംഭാഷണങ്ങൾമാത്രം. ജീവിതത്തിൽ ഒരിക്കൽമാത്രം ചിരിച്ച കഥാപാത്രവും ഈ നോവലിൽ വരയപ്പെട്ടിരിക്കുന്നു. ഭൂതകാലം പറ്റേയറ്റുപോകാത്ത ചിലരുണ്ട്. നാറാത്ത, പനന്ത, ബലൂത്ത, കറവക്കാരൻ, ആത്മഹത്യ ചെയ്ത ചെറുപ്പക്കാരൻ അങ്ങനെ അപൂർവം ചിലർക്കുമാത്രം പഴയ ജീവിത ഏടുകൾ മറിക്കാനുള്ള സൗഭാഗ്യം ലഭ്യമായിരിക്കുന്നു.
ആഖ്യാനത്തിലെ സവിശേഷത യെല്ലൂരത്തിന്റെ പ്രത്യേകതയാണ്. അതെ, പതിനാലാം അധ്യായം മുതൽ വായനസാധ്യത പുതുക്കാൻ തരത്തിലുള്ള രചനാതന്ത്രമാണ് വി.ആർ. സന്തോഷ് ഈ രചനയിൽ ഒതുക്കിപ്പിടിച്ചിരിക്കുന്നത്. അത്മഹത്യചെയ്ത ഇരുപത്തൊമ്പതുകാരന്റെ ഭൂപടരചനക്കുവേണ്ടിയുള്ള മുന്നൊരുക്കമായിരുന്നു കഴിഞ്ഞ 13 അധ്യായങ്ങൾ എന്നതവിടെ തെളിയുന്നു. സാഹിത്യം നിലനിൽക്കുന്നത് വിപണിയുടെ തണലിലല്ല. നോവൽ രചന ഒരു കലയാണ് എന്ന വസ്തുത ഈ സൃഷ്ടിയുടെ വായനവേള ഓർമപ്പെടുത്തുന്നു. പരമ്പരാഗത രീതിയിൽനിന്നുള്ള വഴിമാറിയ ഒരു വായനസഞ്ചാരമാണ് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച യെല്ലൂരം നൽകുന്നത്. എല്ലുള്ള ഭാഷകൊണ്ടാണ് ഈ നോവൽ നിർമിച്ചിരിക്കുന്നത്. ഇതിനുള്ളിലേക്ക് കത്തിതാഴ്ത്തി വാർന്നുകളയാൻ അമിതഭാഷണങ്ങളുടെ ദുർമേദസ്സ് അൽപവുമില്ല. വികാരവിചാരങ്ങൾ അല്ല, അറിവിന്റെ വാഴ്വാണ് യെല്ലൂരം എന്നുള്ള സൂചനയാണ് അവതാരികയിൽ ഡോ. സനിൽ എം. നീലകണ്ഠൻ നൽകിയിരിക്കുന്നത്. നോവൽ ചരിത്രത്തിൽ പുതിയ അക്ഷാംശരേഖാംശങ്ങൾ വരച്ചിട്ട യെല്ലൂരത്തിലൂടെ വഴിതെറ്റാതിരിക്കാൻ ഒരൽപം ജാഗ്രത വായനക്കാരുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതുണ്ട്.
യെല്ലൂരം
നോവൽ
വി.ആർ. സന്തോഷ്
മാതൃഭൂമി ബുക്സ്
പേജ്: 112 വില: 170
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.