ആടുജീവിതത്തിലെ ഒമാനി നടൻ
text_fieldsബെന്യാമിന്റെ ‘ആടുജീവിതം’, ബ്ലെസിയുടെ കാമറക്കണ്ണുകളിലൂടെ വെള്ളിത്തിരയിലെത്തിയതോടെ പല വിവാദങ്ങളും അതിന്റെ പിന്നാലെ എത്തിയെങ്കിലും ഈ ലോക സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചതിൽ അഭിമാനിക്കുന്ന ഒരു നടനുണ്ട് ഒമാനിൽ- ഡോ. താലിബ് മുഹമ്മദ് ബലൂഷി. നാടകം, പിന്നെ റേഡിയോ, പിന്നെ ടെലിവിഷൻ, പിന്നെ പ്രാദേശിക സിനിമ- ഈ വഴികളെല്ലാം താണ്ടിക്കടന്ന് താനിപ്പോൾ ‘കോളിവുഡിലൂടെ ലോക സിനിമയിലെത്തിയിരിക്കുകയാണെന്നാണ് ഈ നടൻ ‘ഉമ്മാൻ’ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ ഹർഷപുളകിതനായി അഭിമാനിക്കുന്നത്. നാടകത്തിലൂടെയാണ് ബലൂഷി അഭിനയ കലയിലേക്ക് കടന്നുവരുന്നത്. ഗൾഫ് രാജ്യങ്ങളിലെ എണ്ണപ്പെട്ട നടന്മാരുടെ കൂട്ടത്തിൽ പ്രസിദ്ധനാണ് താലിബ് ബലൂഷി.
അതിമനോഹരം എന്ന വാക്കിൽ കുറഞ്ഞ ഒന്നുകൊണ്ടും വിശേഷിപ്പിക്കാൻ കഴിയാത്ത ചലച്ചിത്രാവിഷ്കാരം എന്നാണ് ബ്ലസിയുടെ സംവിധാനത്തെക്കുറിച്ച് ഈ നടൻ പറയുന്നത്. ‘‘നീണ്ട വർഷങ്ങളെടുത്ത് തിരക്കഥയെ അഭ്രപാളിയിലെത്തിച്ച അസാമാന്യ സംവിധാന പ്രതിഭ’’ എന്നാണ് ബ്ലസിയുടെ സംവിധാനസിദ്ധിയെക്കുറിച്ച് ബലൂഷിയുടെ പ്രതികരണം. ‘‘ഈ ദീർഘ വർഷങ്ങൾക്കിടയിൽ മറ്റൊരു സിനിമയും സംവിധാനം ചെയ്യുന്നതിൽ താൽപര്യമെടുത്തില്ല എന്നത് സംവിധായകന് സ്വന്തം കലയോടുള്ള ആത്മാർഥതയും പ്രതിബദ്ധതയുമാണ് വിളിച്ചോതുന്നത്.’’ ബലൂഷി വിശദീകരിക്കുന്നു.
ബലൂഷി എന്ന ‘സ്പോൺസർ’
സംവിധായകൻ ബ്ലസി ഒമാനിൽ സന്ദർശനത്തിനെത്തിയപ്പോഴാണ് അഭിനയിക്കാനുള്ള അവസരം ബലൂഷിക്ക് കൈവരുന്നത്. ആ സന്ദർശന വേളയിൽ ഒമാനി സംവിധായകനായ ഡോ. ഖാലിദ് അബ്ദുൽ റഹീം സദ്ജാലിയുടെ ‘സയാന’ എന്ന സിനിമ ബ്ലസി കണ്ടു. ഏതാനും മലയാളികളുടെയും ഒമാനികളുടെയും സംയുക്ത സംരംഭമായ ‘സയാന’യിൽ താലിബ് ബലൂഷി ഒരു വില്ലന്റെ വേഷം ചെയ്തിരുന്നു. തിരുവനന്തപുരത്തും വയനാട്ടിലുമായിട്ടായിരുന്നു അതിന്റെ ഷൂട്ടിങ് നടന്നിരുന്നത്.
അതിന്റെ ചിത്രീകരണത്തിനായി ബലൂഷി കേരളത്തിൽ വന്നപ്പോൾ എഴുത്തുകാരനായ മുസഫർ അഹ്മദ് അദ്ദേഹവുമായി അഭിമുഖം നടത്തുകയും ഒരു പോർട്ടലിൽ അത് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഈ സിനിമയുടെ സംവിധായകനായ ഡോ. ഖാലിദ് അബ്ദുറഹീം സദ്ജാലിയുടെ സാന്നിധ്യത്തിൽെവച്ചാണ് ബലൂഷി ബ്ലസിയെ കാണുന്നത്. ‘സയാന’യിലെ ബലൂഷിയുടെ വില്ലൻ വേഷം ബ്ലസിക്ക് ഇഷ്ടപ്പെട്ടു. താൻ അഭിനയിച്ച ചില ടി.വി സീരിയലുകളും ബ്ലസിക്ക് കാണാനായി ബലൂഷി നൽകിയിരുന്നു. അതോടെ ‘ആടുജീവിത’ത്തിലെ നജീബിന്റെ സ്പോൺസറായ അറബി ബദുവിന്റെ വില്ലൻ വേഷം ബലൂഷിക്കുവേണ്ടി ഉറപ്പിക്കുകയായിരുന്നു.
പരകായ പ്രവേശം
ആ റോളിനെക്കുറിച്ച് ബലൂഷി പറയുന്നത് ഇങ്ങനെയാണ്: ‘‘മരുഭൂമിയിൽ ആട്ടിൻകൂട്ടങ്ങളും ഒട്ടകങ്ങളുമായി കഴിയുന്ന ബദവിയുടെ വേഷമാണ് എനിക്ക് അഭിനയിക്കേണ്ടിയിരുന്നത്. കഠിനമായ ചൂടും തണുപ്പും സഹിച്ച്, അപകടകാരികളായ മരുഭൂ ജീവികളുടെയും സദാ അടിച്ചുവീശുന്ന മരുക്കാറ്റിന്റെയും മധ്യത്തിൽ ജീവിക്കുന്ന ഒരാൾക്ക് സ്വാഭാവികമായുണ്ടാകുന്ന എല്ലാ പരുക്കൻ സ്വഭാവങ്ങളുടെയും പ്രതിനിധാനമായിട്ടായിരുന്നു എനിക്ക് ഈ സിനിമയിൽ ജീവിക്കേണ്ടിയിരുന്നത്. അതിനാൽ എന്റെ ലോകത്തിലേക്ക് വഴിതെറ്റി വന്ന പ്രവാസിയോട് ക്രൂരമായി പെരുമാറുന്ന ഒരു കഥാപാത്രത്തെയാണ് പ്രേക്ഷകൻ എന്നിൽ ഈ സിനിമയിലൂടെ കാണുക.
2018ലാണ് ആടുജീവിതത്തിന്റെ ഷൂട്ടിങ് തുടങ്ങുന്നത്. പൂർത്തിയാകുന്നത് 2023ലും. കേരളത്തിൽ തുടങ്ങി ജോർഡനിലെും താഴ്വരയിലും അൾജീരിയൻ മരുഭൂമിയിലും അവിടെനിന്ന് മടങ്ങി വീണ്ടും കേരളത്തിലുമായി ഖണ്ഡശ: ഷൂട്ടിങ്ങായിരുന്നു. ചെന്നൈയിലെ സ്റ്റുഡിയോവിലായിരുന്നു ശബ്ദലേഖനം. ഷൂട്ടിങ്ങിനിടെ കോവിഡ് വന്നതിനെ തുടർന്ന് 2020ൽ ഒരു വർഷം പൂർണമായും ഷൂട്ടിങ് നിർത്തിവെക്കേണ്ടിവന്നു. ജോർഡനിലെയും അൾജീരിയയിലെയും മരുഭൂമികളിലെ കൊടും ചൂടും മരംകോച്ചുന്ന ശൈത്യവും ഒട്ടകങ്ങളും ആടുകുളുമായുള്ള സഹവാസവും അതിനിടെ കോവിഡിന്റെ കടന്നുവരവുമൊക്കെ വലിയ വെല്ലുവിളി തന്നെയായിരുന്നു.
ഒട്ടകപ്പുറത്തുകയറി എനിക്ക് ചില സാഹസികതകളും കാണിക്കേണ്ടതുണ്ടായിരുന്നു. എല്ലാ രംഗങ്ങളിലും ഉയർന്ന പ്രഫഷനൽ നിലവാരം പുലർത്തേണ്ടതുണ്ടായിരുന്നു. ടെക്നീഷ്യന്മാരും ഡയറ്റീഷ്യന്മാരും കലാകാരന്മാരുമെല്ലാവരുമടങ്ങിയ നൂറോളം പേരുടെ ഒരു ടീമിന്റെ സാന്നിധ്യംതന്നെ ഈ ഫിലിമിന്റെ സാക്ഷാത്കാരത്തിന് പിന്നിലെ പ്രതിബദ്ധതയുടെ തെളിവാണ്. നായക നടനായ പൃഥ്വിരാജിന് തന്റെ റോളിന്റെ പൂർണതക്കുവേണ്ടി ശരീരഭാരം കുറക്കുകയും താടിയും മുടിയും നീട്ടിവളർത്തുകയും ചെയ്യേണ്ടിവന്നു’’.
തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മുഹൂർത്തമായാണ് ആടുജീവിതം സിനിമയെ താലിബ് ബലൂഷി കാണുന്നത്. ‘‘ഈ സിനിമ എനിക്ക് ഒരുപാട് നേടിത്തന്നിട്ടുണ്ട്. ഇപ്പോൾ 64 വയസ്സായി. ഒമാൻ എന്ന ചെറിയ പ്രദേശത്തുനിന്ന് ഗൾഫിന്റെയും അറബ് ലോകത്തിന്റെയും വിശാലതകളിലേക്ക് എന്റെ കലയുടെ മുദ്രകളെത്തിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും ലോകത്തിന്റെ വിശാലതയിലേക്ക് എനിക്ക് ചിറകു സമ്മാനിച്ചത് ‘ആടുജീവിതം’ ആണ്’’-ബലൂഷി പറയുന്നു. ഇന്ന് ഒമാനിലെ മലയാളികൾക്കിടയിൽ സുപരിചിതനാണ് ബലൂഷി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.