പാരാലിമ്പിക്സ്: ഫൈസൽ സുറൂറിന് ഷോട്ട്പുട്ടിൽ സ്വർണം
text_fieldsകുവൈത്ത് സിറ്റി: പാരാലിമ്പിക്സിൽ കുവൈത്ത് താരം ഫൈസൽ സുറൂറിന് സുവർണ നേട്ടം. പുരുഷന്മാരുടെ ഷോട്ട്പുട്ട് - എഫ്- 63 ഇനത്തിൽ ഫൈസൽ സുറൂർ കുവൈത്തിനായി ആദ്യ സ്വർണം നേടി. 15.31 മീറ്റർ എന്ന മികച്ച ദൂരം കണ്ടെത്തിയ ഫൈസൽ സുറൂറിന്റെ അടുത്തെത്താൻ എതിരാളികൾക്ക് കഴിഞ്ഞില്ല.
യു.കെയുടെ അലെഡ് ഡേവീസ് 15.10 മീറ്റർ എറിഞ്ഞ് രണ്ടാമതെത്തി. മികച്ച വിജയം നേടി കുവൈത്തിന്റെ പതാക ഉയർത്താൻ കഴിഞ്ഞതിൽ ഫൈസൽ സുറൂർ അതിയായ സന്തോഷം പ്രകടിപ്പിച്ചു. നീണ്ട കാലത്തെ അശ്രാന്ത പരിശീലനത്തിലൂടെയാണ് നേട്ടത്തിലെത്തിയതെന്നും കുവൈത്ത് നേതൃത്വത്തിന്റെ പിന്തുണ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
കുവൈത്ത് പാരാലിമ്പിക് കമ്മിറ്റിയിൽനിന്ന് ലഭിച്ച പിന്തുണയും ചൂണ്ടിക്കാട്ടി. ഈ നേട്ടം അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ്, കുവൈത്ത് ജനത എന്നിവർക്ക് സമർപ്പിച്ചു.
ഇതോടെ മേളയിൽ കുവൈത്തിന്റെ മെഡൽ നേട്ടം രണ്ടായി. 5000 മീറ്റർ വീൽചെയർ റേസ് ടി-54 വിഭാഗത്തിൽ ഫൈസൽ അൽ രാജ്ഹി നേരത്തേ വെങ്കലം നേടിയിരുന്നു.
പാരാലിമ്പിക്സിൽ ഫൈസൽ അൽ റാജിഹി, ഫൈസൽ സുറൂർ, ധാരി അൽ ബൂത്വി എന്നിവരാണ് കുവൈത്തിനെ പ്രതിനിധീകരിച്ചത്. റാജിഹി വീൽചെയർ റേസിംഗിലും ബൂത്വിയും അൽസർഹീദും ഷോട്ട്പുട്ടിലും മത്സരിച്ചു.
ആഗസ്റ്റ് 28 മുതൽ സെപ്റ്റംബർ എട്ട് വരെ പാരിസിൽ നടന്ന മേളയിൽ പേശികളുടെ ബലഹീനത, കൈകാലുകളുടെ കുറവ്, പക്ഷാഘാതം, കാലിന്റെ നീളം വ്യത്യാസം, ഉയരക്കുറവ്, കാഴ്ച വൈകല്യം എന്നിവ ഉൾപ്പെടെ ശാരീരിക വൈകല്യങ്ങളുള്ള കായികതാരങ്ങളാണ് പങ്കാളികളായത്.
1980ൽ ആദ്യമായി പാരാലിമ്പിക്സിൽ പങ്കെടുത്ത കുവൈത്ത് ഇത്തവണ 13 സ്വർണവും 18 വെള്ളിയും ഉൾപ്പെടെ 54 മെഡലുകൾ നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.