ലോകകപ്പ് യോഗ്യത: അവസാന അങ്കത്തിനായി ഒമാൻ ഇന്നിറങ്ങും
text_fieldsഒമാൻ ടീം
മസ്കത്ത്: ലോകകപ്പ് യോഗ്യത മത്സരങ്ങളിലെ അവസാനത്തെ അങ്കത്തിൽ ഒമാൻ ചൊവ്വാഴ്ച ചൈനയുമായി ഏറ്റുമുട്ടും. രാത്രി എട്ടിന് സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിലാണ് മത്സരം. ഗ്രൂപ് ബിയിൽനിന്നും ജപ്പാനും സൗദി അറേബ്യയും ഖത്തർ ലോകകപ്പിന് യോഗ്യത നേടിയിട്ടുണ്ട്. അതിനാൽ, ചൊവ്വാഴ്ചത്തെ മത്സരഫലത്തിന് പ്രസക്തിയില്ലെങ്കിലും സ്വന്തം കാണികൾക്കു മുന്നിൽ വിജയത്തോടെ ലോകകപ്പ് യോഗ്യത പോരാട്ടങ്ങൾ അവസാനിപ്പിക്കാനാവും ഒമാൻ ശ്രമിക്കുക. കഴിഞ്ഞ മത്സരത്തിൽ വിയറ്റ്നാമിനെ തോൽപിച്ച ഒമാൻ ഏറെ ആത്മവിശ്വാസത്തിലാണ്.
മുൻനിര താരങ്ങൾ ഇറങ്ങാൻ സാധ്യതയില്ലാത്തതിനാൽ, ഒട്ടേറെ പുതുമുഖങ്ങൾക്ക് അവസരം ലഭിക്കും. ഗ്രൂപ്പിൽ മൂന്നാംസ്ഥാനത്തുള്ള ആസ്ട്രേലിയക്ക് പ്ലേഓഫ് കളിക്കാൻ സാധിക്കും. നിലവിൽ ആസ്ട്രേലിയക്ക് 15 പോയന്‍റും നാലാം സ്ഥാനത്തുള്ള ഒമാന് 13 പോയന്‍റുമാണുള്ളത്.
ചൊവ്വാഴ്ച സൗദിയെ നേരിടുന്ന ആസ്ട്രേലിയ പരാജയപ്പെടുകയും ഒമാൻ ചൈനയെ തോൽപിക്കുകയും ചെയ്താൽപോലും ഒമാന് മൂന്നാം സ്ഥാനത്തെത്താൻ സാധിക്കില്ല. രണ്ടു വർഷത്തിലധികമായി നടക്കുന്ന ലോകകപ്പ് യോഗ്യത പോരാട്ടങ്ങൾക്ക് ചൊവ്വാഴ്ച അവസാനമാകുമ്പോൾ ഒമാൻ ഏറെ അഭിമാനത്തോടുകൂടി തന്നെയാണ് വിടവാങ്ങുന്നത്. ഇത്തവണ ഏറെ പ്രതീക്ഷ ഉയർത്തിയ ശേഷം കപ്പിനും ചുണ്ടിനും ഇടയിൽ ലോകകപ്പ് യോഗ്യത സ്വപ്നം പൊലിയുകയായിരുന്നു. എങ്കിലും 2026ൽ അമേരിക്കയിൽ നടക്കുന്ന ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 48 ആയി ഉയരുമ്പോൾ ഏഷ്യയിൽനിന്നുള്ള രാജ്യങ്ങൾ ഏഴോ, എട്ടോ ആകാൻ സാധ്യതയുണ്ട്. ആ സാഹചര്യം മുതലെടുക്കാൻ എന്തായാലും ഈ ടീമിന് കഴിയും എന്നുറപ്പാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.