യന്ത്ര തകരാറ്; ദമ്മാം-കോഴിക്കോട് ഇൻഡിഗോ വിമാനം റദ്ദാക്കി
text_fieldsദമ്മാം: ബുധനാഴ്ച രാവിലെ 11.30-ന് ദമ്മാമിൽനിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ട ഇൻഡിഗോ എയർലൈൻസ് വിമാനം യന്ത്രത്തകരാറിനെ തുടർന്ന് റദ്ദുചെയ്തു. അത്യാവശ്യ യാത്രക്കാർക്ക് മറ്റ് സംവിധാനങ്ങൾ ഏർപ്പെടുത്തിയ വിമാനാധികൃതർ ബാക്കിയുള്ള യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി. യന്ത്രത്തകരാർ പരിഹരിച്ച് വ്യാഴാഴ്ച രാവിലെ പുറപ്പെടാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഇൻഡിഗോ പ്രതിനിധി പറഞ്ഞു. രവിലെ 7.30-ന് കരിപ്പുരിൽനിന്ന് പറപ്പെട്ട് 10.30-ഓടെ ദമ്മാമിലെത്തിയ എ 239 വിമാനത്തിനാണ് തകരാറ് കണ്ടെത്തിയത്.
ഉച്ചക്ക് 12.30 ഓടെ യാത്രക്കാരെ വിമാനത്തിൽ പ്രവേശിപ്പിച്ചു. ഇതിനിടയിൽ തകരാറുകൾ പരിഹരിക്കാനുള്ള ശ്രമം തുടരുകയായിരുന്നു. നാല് മണിക്കുറിലധികമാണ് യാത്രക്കാർക്ക് വിമാനത്തിനുള്ളിൽ ചെലവഴിക്കേണ്ടി വന്നത്. റൺവേയിലൂടെ വിമാനം നീങ്ങിത്തുടങ്ങിയതോടെ വീണ്ടും തകരാർ കണ്ടെത്തിയതിനെ തുടർന്ന് എൻജിനീയർമാർ വിമാനം പറുപ്പെടുന്നത് തടയുകയായിരുന്നു. തകരാറുകൾ ഉടൻ പരിഹരിക്കാൻ സാധ്യമല്ലെന്ന് ബോധ്യമായതോടെ യാത്രക്കാരെ പുറത്തിറക്കി.
65-ഓളം യാത്രക്കാർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇവർക്കാവശ്യമായ വെള്ളവും ജ്യൂസുമുൾപ്പടെ പാനീയങ്ങളും ഭക്ഷണവും കൃത്യമായി ലഭ്യമാക്കിയതായി ഇൻഡിഗോ പ്രതിനിധി അബ്ദുറഹ്മാൻ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ഞങ്ങളുടെ പരിധിക്കപ്പുറത്തുള്ള പ്രശ്നമായതിനാലാണ് സർവിസ് റദ്ദ് ചെയ്യേണ്ടി വന്നതെന്നും യാത്രക്കാരുടെ സുരക്ഷയാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഇൻഡിഗോ ഖേദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫൈനൽ എക്സിറ്റിൽ നാട്ടിൽ പോകുന്ന യാത്രക്കാരെ തിരികെകൊണ്ടുവരാൻ പറ്റാത്തതിനാൽ 12.10ന് പുറപ്പെടുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലും മുംബെ വഴിയുള്ള ഇൻഡിഗോ വിമാനത്തിലും യാത്ര ഒരുക്കിയിട്ടുണ്ട്. മറ്റ് അത്യാവശ്യ യാത്രക്കാർക്ക് ടിക്കറ്റ് കാൻസൽ ചെയ്ത് മറ്റ് എയർലൈനുകളിൽ യാത്രചെയ്യാനും അവസരമൊരുക്കുകയും ചെയ്തു. ബാക്കിയുള്ള 45 ഓളം യാത്രക്കാരെയാണ് ഹോട്ടലുകളിലേക്ക് മാറ്റിയത്. ഇവർക്ക് ഭക്ഷണവും മറ്റ് സൗകര്യങ്ങളും കൃത്യമായി നൽകുമെന്നും അധികൃതർ പറഞ്ഞു. നാട്ടിലേക്കുള്ള യാത്രക്ക് എത്തിയ സ്ത്രീകളും കുട്ടികളുമടങ്ങുന്ന യാത്രക്കാർ വിമാനം പുറപ്പെടുന്നത് അനിശ്ചിതമായി നീണ്ടുപോയത് പ്രയാസമുണ്ടാക്കി. കുറഞ്ഞ ദിവസങ്ങൾക്ക് നാട്ടിലേക്ക് പോകുന്നവരുടെ വിലപ്പെട്ട ഒരു ദിവസമാണ് വിമാന യന്ത്രത്തകരാറ് കവർന്നെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.