ദുബൈയിൽ നടപ്പാതകൾ നവീകരിച്ച് ആർ.ടി.എ
text_fieldsദുബൈ: എമിറേറ്റിലുടനീളം വിപുലമായ നടപ്പാത നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). പ്രിവന്റീവ് മെയിന്റനൻസ് പ്ലാൻ 2023ന് കീഴിൽ നഗരത്തിലുടനീളം 80,000 ചതുരശ്ര മീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന സ്ഥലങ്ങളിലാണ് അറ്റകുറ്റപ്പണികൾ നടത്തിയത്.
റെസിഡൻഷ്യൽ, ടൂറിസ്റ്റ്, കമേർഷ്യൽ, ഇക്കണോമിക്, തീരദേശ മേഖലകളിലെ കാൽനടപ്പാതകൾ, ക്രോസ് വാക്കുകൾ, സർവിസ് റോഡുകൾ, കാൽനടക്കാർക്കും സൈക്കിൾ യാത്രക്കാർക്കും ഉപയോഗിക്കാവുന്ന പാതകൾ എന്നിവ ഇതിൽ ഉൾപ്പെടും.
ശരിയായതല്ലാത്ത ഉപയോഗമോ പാരിസ്ഥിതിക ആഘാതമോ കാരണം ഇടിഞ്ഞുതാണതും മണ്ണൊലിച്ച് പോയതും കേടുപാടുകൾ സംഭവിച്ചതുമായ സ്ഥലങ്ങളെല്ലാം നവീകരിച്ചിട്ടുണ്ട്. നഗരത്തിന്റെ തെരുവുകൾ സംരക്ഷിക്കുന്നതിനും മനോഹരമായ രൂപം നിലനിർത്തുന്നതിനുമൊപ്പം സുരക്ഷ, സുസ്ഥിരത എന്നിവ ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ആർ.ടി.എ നടപ്പാത അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയതെന്ന് ആർ.ടി.എ ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസി സി.ഇ.ഒ എൻജി. ഹുസൈൻ അൽ ബന്ന പറഞ്ഞു. നഗരത്തിലുടനീളം നടപ്പാതകളിലെ അറ്റകുറ്റപ്പണികൾ മുൻവർഷത്തെ അപേക്ഷിച്ച് 2024ൽ 10 ശതമാനമെങ്കിലും വർധിപ്പിക്കാനാണ് ആർ.ടി.എ ഉദ്ദേശിക്കുന്നതെന്ന് അൽ ബന്ന കൂട്ടിച്ചേർത്തു.
അൽ വുഹൈദ, അൽ ഖാബിസി, അൽ തവാർ 2, അൽ സുഫൂഹ് 1, ഡിസംബർ സെക്കൻഡ് സ്ട്രീറ്റ്, ജുമൈറ സ്ട്രീറ്റിലെ സൈക്ലിങ് ട്രാക്ക് എന്നിവിടങ്ങളിലെ നടപ്പാതകളും ദുബൈ മറീനയിലെ സൈക്ലിങ് ട്രാക്കുകൾ, ജുമൈറ സ്ട്രീറ്റിലെ കവലകൾ, ശൈഖ് സായിദ് റോഡിലെ സർവിസ് നടപ്പാതകൾ എന്നിവ പദ്ധതിയിൽ നവീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.