കുട്ടിക്കാലത്തെ അലസത പിന്നീട് ഹൃദ്രോഗത്തിന് കാരണമായേക്കാം -പഠനം
text_fieldsവാഷിങ്ടൺ: നമ്മുടെ കുട്ടികളിൽ ഇപ്പോഴുള്ള അലസത പിന്നീട് അവരുടെ യുവത്വ കാലത്ത് ഹൃദ്രോഗത്തിനും ഹൃദയാഘാതത്തിനും വരെ കാരണമായേക്കാമെന്ന് പഠനം. ഇ.എസ്.സി കോൺഗ്രസ് 2023-ൽ അവതരിപ്പിച്ച ഒരു പഠനമാണ് ഇക്കാര്യം പറയുന്നത്.
നിഷ്ക്രിയരും അലസരുമായി കുട്ടിക്കാലം ചെലവഴിക്കുന്നത് പിന്നീട് ഹൃദയത്തിന്‍റെ ആരോഗ്യാവസ്ഥ അപകടാവസ്ഥയിലെത്തിച്ചേക്കുമെന്നാണ് പഠനം പറയുന്നത്.
അമിതഭാരമൊന്നുമില്ലാത്ത കുട്ടികളാണെങ്കിലും പോലും കുട്ടിക്കാലം മുതൽ യൗവനം വരെയുള്ള കാലഘട്ടത്തിൽ ശരീരികമായി ആക്ടീവല്ലെങ്കിൽ പിന്നീട് ഹൃദയാഘാതത്തിന് സാധ്യത കൂടുതലാണെന്ന് പഠനം കണ്ടെത്തി.
ദീർഘകാലത്തിൽ ആരോഗ്യ സംരക്ഷണത്തിനായി കുട്ടികളും കൗമാരക്കാരും കൂടുതൽ ആക്ടീവാകേണ്ടതുണ്ടെന്ന് പഠനം പറയുന്നു. പഠനത്തിനായി നിരീക്ഷിച്ച കുട്ടികൾ ദിവസത്തിൽ ആറ് മണിക്കൂറിലധികം ഉദാസീനരായിരുന്നു, പ്രായപൂർത്തിയാകുമ്പോഴേക്കും ഈ സമയം ഏകദേശം മൂന്ന് മണിക്കൂർ വർധിച്ചെന്ന് പഠനം പറയുന്നു.
കുട്ടികൾ സമൂഹമാധ്യമങ്ങളിലും വീഡിയോ ഗെയിമുകളിലും ചെലവഴിക്കുന്ന സമയം പരിമിതപ്പെടുത്തണം. നടക്കാൻ പോകുമ്പോൾ കുട്ടികളെ കൂടെ കൂട്ടിയും മറ്റും ശീലം മാറ്റിയെടുക്കണമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
ടി.വി, മൊബൈൽ തുടങ്ങിയ സ്ക്രീനുകൾക്ക് മുന്നിൽ മണിക്കൂറുകൾ കുത്തിയിരിക്കുന്ന പ്രവണത പിന്നീട് ഹൃദയാഘാതത്തിനും പക്ഷാഘതത്തിനും സാധ്യത വർധിപ്പിക്കുന്നു എന്ന് ഈസ്റ്റേൺ ഫിൻലാൻഡ് സർവകലാശാലയിലെ ഡോ. ആൻഡ്രൂ അഗ്ബജെ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.