മുസ്ലിംകൾ ഒഴിഞ്ഞുപോയില്ലെങ്കിൽ തീയിടുമെന്ന് ഗുരുഗ്രാമിൽ പോസ്റ്റർ
text_fieldsന്യൂഡൽഹി: ചേരികളിൽ കഴിയുന്ന മുസ്ലിം കുടുംബങ്ങളോട് ഒഴിഞ്ഞുപോകണമെന്നും ഇല്ലെങ്കിൽ തീയിടുമെന്നും ഭീഷണിപ്പെടുത്തി ഹരിയാനയിലെ ഗുരുഗ്രാമിൽ പോസ്റ്ററുകൾ. സമീപ ജില്ലയായ നൂഹിൽ വിശ്വഹിന്ദു പരിഷത്ത് പ്രഖ്യാപിച്ച ബ്രിജ്മണ്ഡൽ ജലാഭിഷേക് യാത്രയുടെ മുന്നോടിയായാണ് ഗുരുഗ്രാം സെക്ടർ 69ൽ ഭീഷണി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
ആഗസ്റ്റ് 28നകം ചേരികൾ ഒഴിയുക, അല്ലാത്തപക്ഷം ഞങ്ങൾ അവ തീയിടും, നിങ്ങളുടെ മരണത്തിന് നിങ്ങള്‍തന്നെ ഉത്തരവാദികളായിരിക്കും എന്നാണ് വി.എച്ച്.പിയുടെയും ബജ്റംഗ്ദളിന്റെയും പേരിൽ കൈയെഴുത്തിൽ എഴുതിയ രണ്ടു പോസ്റ്ററുകളിൽ പറയുന്നത്.
ജൂലൈ 31ലെ വി.എച്ച്.പി ബ്രിജ്മണ്ഡൽ ജലാഭിഷേക് യാത്രക്ക് പിന്നാലെ നൂഹിലുണ്ടായ വംശീയാതിക്രമം ഗുരുഗ്രാമിലേക്കും വ്യാപിച്ചിരുന്നു. ഗുരുഗ്രാമിൽ ഇമാമിനെ കൊലപ്പെടുത്തുകയും മുസ്ലിം വിഭാഗത്തിന്റെ നിരവധി വ്യാപാര സ്ഥാപനങ്ങൾക്ക് തീയിടുകയും ചെയ്തു. ജൂലൈ 31ലെ യാത്രക്ക് 10 ദിവസം മുമ്പ് ഗുരുഗ്രാം സെക്ടർ 69ലെ മുസ്ലിം വ്യാപാരികളോട് ഒഴിഞ്ഞുപോയില്ലെങ്കിൽ തീയിടുമെന്ന് ഒരു സംഘം ഭീഷണിപ്പെടുത്തുകയുണ്ടായി. ഈ കടകളിൽ ചിലത് പിന്നീട് രാത്രിയുടെ മറവിൽ കത്തിച്ചിരുന്നു.
ഗുരുഗ്രാം സെക്ടർ 69ലെ ചേരികളിൽ നിലവിൽ പശ്ചിമബംഗാളിൽ നിന്നുള്ള 200ഓളം കുടുംബങ്ങളാണുള്ളത്. മറ്റുള്ളവർ ഭയം കാരണം ആഗസ്റ്റ് തുടക്കത്തിൽ തന്നെ സ്വന്തം നാടുകളിലേക്ക് മടങ്ങി.
വിഷയം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും പോസ്റ്റർ ഒട്ടിച്ചതിനു പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ബാദ്ഷാപുർ പൊലീസ് വ്യക്തമാക്കി. എന്നാല്‍, സംഭവത്തില്‍ തങ്ങൾക്ക് ഒരു ബന്ധവുമില്ലെന്നാണ് പോസ്റ്ററിൽ പരാമർശിച്ച സംഘടനകൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.