പ്രസ്ക്ലബ് പിടിച്ചെടുത്ത് ജമ്മു-കശ്മീർ ഗവൺമെന്റ്; കെട്ടിടം സർക്കാർ വകുപ്പിന് കൈമാറി
text_fieldsശ്രീനഗർ: മാധ്യമ സ്വാതന്ത്ര്യത്തിന് കനത്ത വെല്ലുവിളിയുയർത്തി കശ്മീർ പ്രസ് ക്ലബ് പിടിച്ചെടുത്ത് ജമ്മു-കശ്മീർ ഗവൺമെന്റ്. കശ്മീർ താഴ്വരയിലെ മാധ്യമപ്രവർത്തകരുടെ ഏറ്റവും വലിയ കൂട്ടായ്മയാണ് ഭരണകൂടം കൈയടക്കിയത്. ക്രമസമാധാന പ്രശ്നം ഉന്നയിച്ച് നടത്തിയ ഭരണകൂട' അട്ടിമറി'ക്കെതിരെ വൻ പ്രതിഷേധം ഉയർന്നുകഴിഞ്ഞു. പ്രസ് ക്ലബിന് ഭൂമി കൈമാറിയത് തടഞ്ഞതിനൊപ്പം നിലവിലെ കെട്ടിടം സർക്കാറിന് കീഴിലെ എസ്റ്റേറ്റ് വകുപ്പിന് കൈമാറുകയും ചെയ്തു.
പ്രസ് ക്ലബ് സമിതിയിലെ ഭിന്നിപ്പ് ചൂണ്ടിക്കാട്ടി പൊലീസ് സി.ഐ.ഡി വിഭാഗം നൽകിയ റിപ്പോർട്ടിനെ തുടർന്ന് ക്ലബിന്റെ രജിസ്ട്രേഷൻ കഴിഞ്ഞ ദിവസം സർക്കാർ റദ്ദാക്കിയിരുന്നു. ശനിയാഴ്ച ഒരു വിഭാഗം മാധ്യമപ്രവർത്തകർ സായുധ പൊലീസിന്റെ സഹായത്തോടെ പ്രസ് ക്ലബിന്റെ ഭരണം പിടിച്ചെടുത്തതായി പ്രഖ്യാപിച്ചിരുന്നു. തുടർഭരണത്തിനായി ഇടക്കാല സമിതിയെ നിയോഗിച്ചതായും അവർ പ്രഖ്യാപിച്ചു. ഇതേ തുടർന്നായിരുന്നു സർക്കാർ ഇടപെടൽ. അതേസമയം, ഭരണകൂട പിന്തുണയോടെ നടന്ന അട്ടിമറിയെന്നാണ് ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രി ഉമർ അബ്ദുല്ല ഇതിനെ വിശേഷിപ്പിച്ചത്.
എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യയും പ്രസ് ക്ലബ് ഓഫ് ഇന്ത്യയും കശ്മീർ പ്രസ് ക്ലബ് പിടിച്ചെടുക്കലിനെ ശക്തമായി അപലപിച്ചിരുന്നു. സൊസൈറ്റീസ് രജിസ്ട്രേഷൻ വകുപ്പനുസരിച്ച് പ്രസ് ക്ലബ് രജിസ്റ്റർ ചെയ്യാത്തതിനാലാണ് പിടിച്ചെടുക്കലെന്ന് ജമ്മു-കശ്മീർ സർക്കാർ വിശദീകരിച്ചു. നിയമപരമായി സാധുതയില്ലാത്ത സമിതിയാണ് ക്ലബിന്റെ നേതൃത്വത്തിലുള്ളതെന്നും സർക്കാർ പറഞ്ഞു. കഴിഞ്ഞ വർഷം ജൂലൈ 14ന് ക്ലബിന്റെ രജിസ്ട്രേഷൻ അവസാനിച്ചിരുന്നു. അതിനുശേഷം വന്ന സമിതിക്ക് നിയമസാധുതയില്ല.
പുതിയ സമിതിയെ തെരഞ്ഞെടുക്കാൻ കഴിയാഞ്ഞതിനാലാണ് രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതെ പോയത്. മാധ്യമപ്രവർത്തകരുടെ ജീവൻ അപകടത്തിലാകുന്ന സാഹചര്യത്തിലാണ് സർക്കാർ ഇടപെട്ടതെന്നും നിയമ പ്രകാരമുള്ള രജിസ്ട്രേഷനോടെ പുതിയ സമിതി വന്നാൽ മാധ്യമങ്ങൾക്ക് എല്ലാ സാഹചര്യവും ഒരുക്കിക്കൊടുക്കുമെന്നും സർക്കാർ വക്താവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.