കുടിയൊഴിപ്പിക്കൽ അക്രമാസക്തമായി; അസമിൽ രണ്ട് യുവാക്കൾ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു
text_fieldsഗുവാഹത്തി: അസമിലെ സോനാപൂരിൽ കുടിയൊഴിപ്പിക്കാനുള്ള അധികൃതരുടെ നീക്കം സംഘർഷത്തിൽ കലാശിച്ചു. പൊലീസ് വെടിവെപ്പിൽ രണ്ടു പേർ കൊല്ലപ്പെടുകയും പൊലീസുകാരടക്കം 35 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജുബാഹിർ അലി, ഹൈദർ അലി എന്നിവരാണ് മരിച്ചത്. അഞ്ച് പേരെയെങ്കിലും പൊലീസ് അറസ്റ്റ് ചെയ്തു.
ഗുവാഹത്തിയിൽനിന്നും 35 കിലോമീറ്റർ അകലെ സോനാപൂരിൽ ആണ് സംഭവം. മൂന്നു ദിവസമായി ഇവിടെ ഒഴിപ്പിക്കൽ നടപടികൾ നടന്നുവരികയാണ്. മറ്റൊരു സ്ഥലത്തേക്ക് മാറാൻ സമയംനൽകാതെ ഗ്രാമവാസികളുടെ താൽക്കാലിക ഷെഡുകൾ പൊളിച്ചുമാറ്റാൻ തുടങ്ങിയതോടെയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടതെന്നും ഉദ്യോഗസ്ഥർ അവരുടെ സാധനങ്ങൾ തട്ടുന്നത് കുടിയൊഴിപ്പിക്കപ്പെട്ട ഗ്രാമീണരെ പ്രകോപിപ്പിച്ചുവെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.
അതേസമയം, നേരത്തെ കുടിയൊഴിപ്പിക്കപ്പെട്ട ബംഗാളി സംസാരിക്കുന്ന മുസ്‍ലിം ഗ്രാമവാസികൾ കുടിയൊഴിപ്പിക്കപ്പെട്ട ഭൂമിയിലേക്ക് തിരിച്ചെത്തിയതോടെയാണ് സംഘർഷം ഉടലെടുത്തതെന്നാണ് പൊലീസ് വാദം. സോനാപൂർ സർക്കിൾ ഓഫിസിൽ നിന്നുള്ള സംഘവും പൊലീസും ജില്ലയിലെ കൊച്ചുതോളി ഗ്രാമത്തിൽ ബംഗാളി സംസാരിക്കുന്ന മുസ്‍ലിം ഗ്രാമവാസികളെ ഒഴിപ്പിക്കാൻ പോയ സമയത്താണ് സംഭവം നടന്നതെന്ന് അസം ഡി.ജി.പി ജി.പി സിങ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. സംഘർഷത്തിൽ ഒരു പൊലീസ് വാഹനത്തിന് കേടുപാടുകൾ സംഭവിച്ചതായി അറിയിച്ച സിങ് ഉദ്യോഗസ്ഥരെയും പൊലീസുകാരെയും വടികളും കല്ലുകളും ഉപയോഗിച്ച് ആക്രമിക്കുകയും ഒരു മജിസ്‌ട്രേറ്റിനും 20 ഓളം പോലീസ് ഉദ്യോഗസ്ഥർക്കും പരിക്കേൽക്കുകയും ചെയ്തതായും പറഞ്ഞു. പ്രാദേശിക ആദിവാസി സംഘടനകൾ സംഭവത്തെ അപലപിക്കുകയും കയ്യേറ്റക്കാർ വീണ്ടും സമാനമായ ആക്രമണം നടത്തിയാൽ പ്രക്ഷോഭം ആരംഭിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
‘ഒഴിവാക്കൽ യജ്ഞം സമാധാനപരമായി നടന്നുവരികയായിരുന്നു. ഇതിനെ രാവിലെ കോൺഗ്രസ് എതിർത്തു തുടങ്ങിയപ്പോൾ സ്ഥിതി കൂടുതൽ വഷളാവുകയും ലാത്തികളും മുളവടികളുമായി ധാരാളം ആളുകൾ പൊലീസിനെയും സർക്കാർ ഉദ്യോഗസ്ഥരെയും ആക്രമിക്കുകയും ചെയ്തു’വെന്ന് കോൺഗ്രസ് പാർട്ടിയെ കുറ്റപ്പെടുത്തി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സംസ്ഥാനത്തുടനീളമുള്ള ആദിവാസി മേഖലയിലുള്ള കയ്യേറ്റം ഒഴിപ്പിക്കാൻ തന്റെ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്ന് പറഞ്ഞ ശർമ, അക്രമത്തിൽ നിന്ന് ജനക്കൂട്ടത്തെ തടയാൻ പൊലീസിന് വെടിയുതിർക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ലെന്ന് വാദിച്ചു.
2021 മെയിൽ അധികാരത്തിൽ വന്നതിനുശേഷം ഹിമന്ത ബിശ്വ ശർമക്ക് കീഴിലുള്ള അസമിലെ ബി.ജെ.പി സർക്കാർ കുടിയൊഴിപ്പിക്കൽ ശ്രമം കടുപ്പിച്ചിരിക്കുകയാണ്. ഈ നടപടിയിലൂടെ ഈ വർഷം167ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണം വരുന്ന ഭൂമി ‘അനധികൃത കയ്യേറ്റ’ക്കാരിൽ നിന്ന് പിടിച്ചെടുത്തതായി കഴിഞ്ഞ ജൂലൈയിൽ ശർമ അവകാശപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.