റെയ്ഡ് നടന്ന ഹൈദരാബാദിലെ പബ് പ്രവർത്തിച്ചത് ലൈസൻസ് ഇല്ലാതെ; സന്ദർശകരെ ആകർഷിക്കാൻ സ്ത്രീകളെ എത്തിച്ചെന്ന് പൊലീസ്
text_fieldsഹൈദരാബാദ്: നിയമവിരുദ്ധ പ്രവർത്തനം നടക്കുന്നുവെന്ന പരാതിയെ തുടർന്ന് പൊലീസ് റെയ്ഡ് നടത്തിയ ഹൈദരാബാദിലെ പബ് പ്രവർത്തിച്ചിരുന്നത് നിയമവിരുദ്ധമായെന്ന് റിപ്പോർട്ട്. ആവശ്യമായ അനുമതിയില്ലാതെയാണ് ബൻജാര ഹിൽസിലെ ടെയിൽസ് ഓവർ സ്പിരിറ്റ് (ടി.ഒ.എസ്) പബ് പ്രവർത്തിച്ചിരുന്നത്.
റെസ്റ്റോറന്‍റും ബാറും പ്രവർത്തിപ്പിക്കാനുള്ള അനുമതി മാത്രമാണ് ഉണ്ടായിരുന്നതെന്ന് പൊലീസ് പറയുന്നു. സാധാരണ നിലയിൽ പ്രവർത്തിക്കേണ്ട ബാറിനെ ഡാൻസ് ബാർ ആക്കി മാറ്റുകയായിരുന്നു. സ്ത്രീകളെ ഉപയോഗിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങളിലൂടെ പബ് മാനേജ്‌മെന്‍റ് അനധികൃതമായി വരുമാനം ഉണ്ടാക്കുകയാണ്.
പുരുഷന്മാരെ പ്രലോഭിപ്പിക്കുന്നതിനായി സ്ത്രീകളെ നിയമവിരുദ്ധമായി പബിൽ എത്തിക്കുകയും വൻതുകക്കുള്ള ബിൽ ചുമത്തുകയുമാണ് പബ് ഉടമ ചെയ്തിരുന്നതെന്ന് അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി.
ഹൈദരാബാദിലെ ബൻജാര ഹിൽസിലെ ടി.ഒ.എസ് പബിൽ നടത്തിയ പൊലീസ് റെയ്ഡിൽ 42 സ്ത്രീകളടക്കം 140 പേരാണ് അറസ്റ്റിലായത്. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് യുവതികളെ എത്തിച്ച് ആളുകളെ ആകർഷിക്കാൻ അശ്ലീല നൃത്തം സംഘടിപ്പിക്കുന്നെന്നായിരുന്നു പരാതി.
പബ് മാനേജരും കാഷ്യറും ഡി.ജെ ഓപറേറ്ററും അടക്കമുള്ളവരും അറസ്റ്റിലായവരിൽ ഉൾപ്പെടും. പബിൽ നിന്ന് ഡി.ജെ സിസ്റ്റവും മൊബൈൽ ഫോണുകളും 2,50,000 രൂപയുടെ 187.5 ലിറ്റർ മദ്യവും സ്വൈപ്പിങ് മെഷീനുകളും പണവും പൊലീസ് പിടിച്ചെടുത്തു. റെയ്ഡിന് മുമ്പ് പബ് പൊലീസ് നിരീക്ഷണത്തിലായിരുന്നു.
ലഹരി മരുന്നുകൾ വ്യാപകമായി ഉപയോഗിക്കുന്നെന്ന പരാതിയെ തുടർന്നാണ് ഹൈദരാബാദിലെ പ്രമുഖ പബുകളിൽ പൊലീസ് റെയ്ഡ് നടത്തിയത്. ഏപ്രിൽ, മെയ് മാസങ്ങളിലായി ബൻജാര ഹിൽസിലെ ഒമ്പത് പബുകളിൽ റെയ്ഡ് നടന്നു. സംഭവത്തിൽ 33 പേരെയാണ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.