ഭൂമി തരം മാറ്റല്‍ അദാലത്: കാസര്‍കോട് 172 അപേക്ഷകള്‍ തീര്‍പ്പാക്കി
text_fieldsകാഞ്ഞങ്ങാട് റവന്യൂ ഡിവിഷനിലെ ഹോസ് ദുര്‍ഗ്, വെള്ളരിക്കുണ്ട് താലൂക്കുകളിലെ ഭൂമി തരം
മാറ്റല്‍ അദാലത്തില്‍ എം. രാജഗോപാലന്‍ എം.എല്‍.എ ഉത്തരവ് കൈമാറുന്നുകാസർകോട്: ഭൂമി തരം മാറ്റല്‍ അദാലത്തില്‍ കാസര്‍കോട് റവന്യൂ ഡിവിഷനില്‍ സൗജന്യ തരം മാറ്റം അനുവദിച്ച 116 ഉത്തരവുകള്‍ വിതരണം ചെയ്തു. കാസര്‍കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ചടങ്ങില്‍ അഡ്വ.സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി. ബേബി ബാലകൃഷ്ണന്, ജില്ല കലക്ടര്‍ കെ. ഇമ്പശേഖര്‍, എ.ഡി.എം കെ. നവീന്‍ബാബു, അസി.കലക്ടര്‍ ദിലീപ് കൈനിക്കര, ആര്.ഡി.ഒ അതുല്‍ എസ്. നാഥ് തുടങ്ങിയവര്‍ ഗുണഭോക്താക്കള്‍ക്ക് ഉത്തരവുകള്‍ വിതരണം ചെയ്തു. പൂര്‍ണമായും സൗജന്യമായാണ് തരംമാറ്റല്‍ ഉത്തരവുകള്‍ നല്‍കിയത്. കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ (ഭേദഗതി) നിയമം 2018 പ്രകാരം ഭൂമിയുടെ സ്വഭാവ വ്യതിയാനത്തിനായി നല്കിയ ഫോറം ആറ് ഓണ്‍ലൈന്‍ അപേക്ഷകളില്‍ സൗജന്യ തരംമാറ്റത്തിന് അര്‍ഹമായ 25 സെൻറില്‍ താഴെ ഭൂമിയുള്ള അപേക്ഷകളിലാണ് ഉത്തരവ് നല്‍കിയത്.
2022 ജനുവരി 10 മുതല്‍ ഓണ്‍ലൈനായി അപേക്ഷകള്‍ സ്വീകരിച്ചതിന് ശേഷം 1435 അപേക്ഷകള്‍ ലഭിച്ചു. ഇതുവരെ 60 ശതമാനം പരാതികള്‍ തീര്‍പ്പാക്കി. കാസര്‍കോട് ഡിവിഷനില്‍ അര്‍ഹമായ 430 അപേക്ഷകള്‍ പരിഗണിച്ചു. അദാലത്തിന്റെ ഭാഗമായി ആകെ 272 അപേക്ഷകളില്‍ നടപടി സ്വീകരിച്ചു. ഇതില്‍ 172 അന്തിമ ഉത്തരവ് നല്‍കുകയും 100 അപേക്ഷകര്‍ക്ക് തരം മാറ്റുന്നതിന് ഫീസ് അടക്കാന്‍ നോട്ടീസ് നല്‍കിയെന്നും ആര്.ഡി.ഒ അതുല്‍ എസ്. നാഥ് പറഞ്ഞു. കാസര്‍കോട്, മഞ്ചേശ്വരം തഹസില്‍ദാര്‍മാരായ ഉണ്ണികൃഷ്ണപ്പിള്ള, ടി. സജി, ഭൂരേഖ താഹസില്‍ദാര്‍മാരായ കെ.ജി. മോഹന്‍രാജ്, അബൂബക്കര്‍ സിദ്ദിഖ്, വിവിധ വില്ലേജ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കാഞ്ഞങ്ങാട്: റവന്യൂ ഡിവിഷനിലെ ഹോസ് ദുര്‍ഗ്, വെള്ളരിക്കുണ്ട് എന്നീ താലൂക്കുകളിലെ ഭൂമി തരം മാറ്റല്‍ അദാലത്തില്‍ 429 അപേക്ഷകള്‍ തീര്‍പ്പാക്കി ഉത്തരവ് കൈമാറി. 689 അപേക്ഷകളാണ് ലഭിച്ചിരുന്നത്. ഭൂമി തരംമാറ്റാനായുള്ള അപേക്ഷകര്‍ക്കായി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന അദാലത്തിലൂടെയാണ് ഉത്തരവ് കൈമാറിയത്. ഭൂമി തരംമാറ്റി ലഭിക്കാനായി വര്‍ഷങ്ങളായി കാത്തിരുന്നവര്‍ക്കാണ് അദാലത്ത് ആശ്വാസമായത്. ഹോസ് ദുര്‍ഗ് താലൂക്കില്‍ നിന്ന് 413 പേര്‍ക്കും വെള്ളരിക്കുണ്ട് താലൂക്കില്‍നിന്ന് 16 പേര്‍ക്കുമാണ് ഭൂമി തരംമാറ്റി ഉത്തരവ് നല്‍കിയത്. എം. രാജഗോപാലന്‍ എം.എല്‍.എ, സബ് കലക്ടര്‍ സൂഫിയാന് അഹമ്മദ്, കാഞ്ഞങ്ങാട് നഗരസഭ ചെയര്പേഴ്സൻ കെ.വി. സുജാത എന്നിവര്‍ ഉത്തരവ് കൈമാറി.
ഡെപ്യൂട്ടി കലക്ടര്‍ എല്‍.ആര് ജെഗ്ഗി പോള്‍, ഡെപ്യൂട്ടി കലക്ടര്‍ ദിനേശ് കുമാര്‍, ഹോസ് ദുര്‍ഗ് തഹസില്‍ദാര്‍ എം. മായ, വെള്ളരിക്കുണ്ട് തഹസില്‍ദാര്‍ പി.വി. മുരളി, ഹോസ് ദുര്‍ഗ് ഭൂരേഖ തഹസില്‍ദാര്‍ പി.കെ. ഉണ്ണികൃഷ്ണന്, സീനിയര്‍ സൂപ്രണ്ട് പി.ഐ. നൗഷാദ് എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.