പട്ടയം:ആന്‍ഡ്രൂസിനും മക്കള്‍ക്കും ഇനി ആശ്വാസത്തിെൻറ നാളുകള്‍
text_fieldsആലപ്പുഴ: സ്വന്തമെന്ന് പറയാന്‍ ഒരു സെൻറ് ഭൂമി പോലുമില്ലാതിരുന്ന ആലപ്പുഴ നഗരസഭ പരിധിയിലെ സര്‍ക്കാര്‍ വെളി സ്വദേശി ആന്‍ഡ്രൂസിനും മക്കള്‍ക്കും വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനൊടുവില്‍ പട്ടയം ലഭിക്കുന്നു. 100 ദിന കര്‍മ പരിപാടിയുടെ ഭാഗമായി ചൊവ്വാഴ്ച നടക്കുന്ന പട്ടയമേളയിലാണ് ഇവര്‍ക്ക് പട്ടയം ലഭിക്കുക. നഗരസഭയിലെ ശുചീകരണ തൊഴിലാളികളായ മുന്‍ തലമുറക്കാര്‍ താമസിച്ചിരുന്ന ഒരു മുറിയും അടുക്കളയും മാത്രമുള്ള ചെറിയ വീട്ടിലാണ് ഇവരുടെ താമസം. കാലപ്പഴക്കത്താല്‍ ഏതുനിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ് വീട്.
ഭിന്നശേഷിക്കാരനായ ആന്‍ഡ്രൂസ് ലോട്ടറി കച്ചവടം നടത്തിയായിരുന്നു ഉപജീവനം നടത്തിയത്. കൊറോണ വന്നതോടെ ആ വരുമാനവും നിലച്ചു. ഭിന്നശേഷി പെന്ഷന് ലഭിച്ചിരുന്നെങ്കിലും കുറച്ചുനാളുകള്‍ കുട്ടികളുമായി സ്വദേശമായ തമിഴ്നാട്ടിലേക്ക് പോയി വന്നപ്പോഴേക്കും റേഷന്‍ കാര്‍ഡ്, പെന്ഷന് എന്നിവയില്‍നിന്നെല്ലാം പേര് വെട്ടിയിരുന്നു. റേഷന്‍ കാര്‍ഡ് ഇല്ലാതായതോടെ സൗജന്യകിറ്റുകളും ലഭിച്ചില്ല. നാലാം ക്ലാസില്‍ പഠിക്കുന്ന മക്കളായ ശ്രീബാല, ബാലിക എന്നിവര്ക്കാവശ്യമായ സഹായങ്ങളെല്ലാം ചെയ്തു നല്‍കുന്നത് പ്രദേശവാസികളാണ്. പട്ടയം ലഭിക്കുന്നതോടെ സര്‍ക്കാര്‍ അനുകൂല്യങ്ങളെല്ലാം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
പട്ടയം ലഭിച്ചതിനുശേഷം വീഴാറായ വീട് പൊളിച്ച് പണിയണമെന്നാണ് ഇവരുടെ ആഗ്രഹം. നിലവില്‍ കല്ല് കൂട്ടിവെച്ച അടുപ്പിലാണ് ഭക്ഷണം പാകം ചെയ്യുന്നത്. പുറത്ത് ഒരു ഷീറ്റ് ഇട്ട് മറച്ച ശൗചാലയമാണുള്ളത്. പെണ്മക്കള് വളരുന്നതോടെ സൗകര്യം സുരക്ഷിതമാകുമോ എന്ന പേടിയും ആന്‍ഡ്രൂസ് പങ്കുവെക്കുന്നു. ബന്ധപ്പെട്ട ഓഫിസില്‍ റേഷന്‍ കാര്‍ഡിനുള്ള അപേക്ഷയും നല്‍കിയിട്ടുണ്ട്. പട്ടയം, റേഷന്‍ കാര്‍ഡ് എന്നിവ ലഭിക്കുന്നത്തോടെ പെന്‍ഷനായി വീണ്ടും അപേക്ഷ നല്‍കാനിരിക്കുകയാണ് ആന്‍ഡ്രൂസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.