അമ്യൂസ്മെൻറ് പാർക്കിൽ പോയ വിദ്യാർഥികൾക്ക് വൈറസ് ബാധ
text_fieldsകുമ്പളം: ചാലക്കുടിയിലെ അമ്യൂസ്മെന്റ് പാർക്കിലേക്ക് കുമ്പളത്തെ സ്കൂളിൽ നിന്നും ടൂർ പോയ സംഘത്തിലെ വിദ്യാർഥികൾക്ക് വൈറസ് ബാധ. കുമ്പളം സെൻറ് മേരീസ് സ്കൂളിൽ നിന്നും കഴിഞ്ഞ 25നാണ് വിദ്യാർഥികൾ ചാലക്കുടിയിലെ അമ്യൂസ്മെൻറ് പാർക്കിലേക്ക് യാത്ര പോയത്. ടൂർ പോയ 130 വിദ്യാർത്ഥികളിൽ പലർക്കും പനി ബാധിച്ചതായി മാതാപിതാക്കൾ പറഞ്ഞു.
വാട്ടർ റൈഡിൽ കളിച്ചവർക്കാണ് വൈറസ് ബാധ. ഛർദി, വയറിളക്കം, പനി, കണ്ണിന് ചുവപ്പ് നിറം തുടങ്ങിയ ലക്ഷണങ്ങളാണ് പലർക്കും. ഒരാഴ്ച കഴിഞ്ഞിട്ടും പനി വിട്ടുമാറാതായതോടെ വിദഗ്ധ ചികിത്സ തേടുകയായിരുന്നു. ഇരുപതോളം കുട്ടികൾ ഇത്തരത്തിൽ വിവിധ ആശുപത്രിയിൽ ചികിത്സ തേടിയതായി വിവരമുണ്ട്. രണ്ട് മുതൽ ഏഴ് വരെ ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർഥികളാണ് സംഘത്തിലുണ്ടായിരുന്നത്. ഏതാനും മാസം മുമ്പ് പനങ്ങാട്ടെ ഒരു സ്കൂളിൽ നിന്നും യാത്ര പോയവർക്കും ഇത്തരത്തിൽ പ്രശ്നമുണ്ടായിട്ടുണ്ട്.
യാത്ര പോയ ശേഷം കുട്ടികൾക്കുണ്ടായ ബുദ്ധിമുട്ടുകൾ സ്കൂൾ അധികൃതർ ഹെൽത്ത് വിഭാഗത്തെ അറിയിക്കാതെ മറച്ചുവെച്ചതായും ആക്ഷേപമുണ്ട്. കുമ്പളം പഞ്ചായത്ത് ആരോഗ്യ വിഭാഗം സ്കൂളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രിക്ക് പരാതി നൽകിയതായും രക്ഷിതാക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.