കൗതുകവും വിജ്ഞാനവും നൽകി 'പഴമക്കൂട്ട്'
text_fieldsമലപ്പുറം: അപൂർവ വസ്തുക്കളുടെ ശേഖരങ്ങളുമായി മലപ്പുറം ന്യൂമിസ്മാറ്റിക് സൊസൈറ്റി സംഘടിപ്പിച്ച 'പഴമക്കൂട്ട് 2021' പൈതൃക വസ്തുക്കളുടെ പ്രദർശനം ശ്രദ്ധേയമായി. പുതുതലമുറക്ക് സുപരിചിതമല്ലാത്തതും കേട്ടുകേൾവി മാത്രവുമുള്ള നിരവധി വസ്തുക്കളും ഉപകരണങ്ങളും മലബാർ ഹൗസിൽ ഒരുക്കിയ ഹാളിൽ പ്രദർശിപ്പിച്ചു.
മുൻ പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ മരണവാർത്ത പ്രസിദ്ധീകരിച്ച പത്രങ്ങൾ, ഭീമൻ കടൽ തേങ്ങ, പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ മരണവാർത്തയുള്ള പത്രം, സംസ്ഥാനത്ത് അടുത്തിടെയുണ്ടായ ഉരുൾ പൊട്ടലും പ്രളയവും സംബന്ധിച്ച വാർത്ത പ്രസിദ്ധീകരിച്ച പത്രങ്ങൾ, ഇൻലൻറ് കാർഡുകൾ, പഴയ വാതിൽ പൂട്ടുകൾ, വർഷങ്ങളോളം പഴക്കമുള്ള കല്ലുകൾ, മത്സ്യങ്ങളുടെ ഫോസിലുകൾ, വാച്ചുകൾ, നാണയങ്ങൾ, രണ്ടാം ലോക മഹായുദ്ധത്തിൽ ഉപയോഗിച്ച ഉപകരണങ്ങൾ, വലിയ കാമറകൾ, പഴയ കാല ഗ്രന്ഥങ്ങൾ, കിണ്ടികൾ, ഗ്രാമഫോണുകൾ, വിളക്കുകൾ, അളവുതൂക്ക ഉപകരണങ്ങൾ, ചർക്ക, കോളാമ്പി തുടങ്ങിയ അറിവും കൗതുകവും നൽകുന്ന നിരവധി വസ്തുക്കളാണ് പ്രദർശിപ്പിച്ചത്.
ശേഖരണവസ്തുക്കളുടെ കൈമാറ്റം, കുടുംബസംഗമം, മാജിക് ഷോ എന്നിവയും നടത്തി. നഗരസഭ ചെയർമാൻ മുജീബ് കാടേരി പ്രദർശനം ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സലിം പടവണ്ണ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ സി.പി. ആയിശാബി, മഹ്മൂദ് കോതേങ്ങൽ, സെക്രട്ടറി എ.പി. നൗഷാദ്, വൈസ് പ്രസിഡൻറ് അബ്ദുൽ കരീം നിലമ്പൂർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.