തടയണ തകർന്നിട്ട് ആറാണ്ട്; തിരിഞ്ഞുനോക്കാതെ അധികൃതർ
text_fieldsകാളികാവ്: ഗ്രാമത്തിന്റെ ജലസ്രോതസ്സായ തടയണ തകർന്നിട്ട് ആറാണ്ട് കഴിഞ്ഞിട്ടും തിരിഞ്ഞു നോക്കാത്ത അധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധം. തകർന്നത് നന്നാക്കാതെ അരിമണൽ പാലത്തിന് താഴെ പുതിയ തടയണ നിർമിക്കാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ.
കാളികാവ് പാറശ്ശേരി കുറുക്കനങ്ങാടി തടയണ 2018ലെ പ്രളയത്തിലാണ് തകർന്നത്. ഇതോടെ മുന്നൂറോളം കുടുംബങ്ങളുടെ കുടിവെള്ളം മുട്ടി. അരനൂറ്റാണ്ട് മുമ്പ് ജല സേചനത്തിനും കുടിവെള്ളത്തിനുമായി അരിമണൽ പുഴക്ക് കുറുകെ നിർമിച്ചതായിരുന്നു ഈ കരിങ്കൽ തടയണ.
2018ൽ തടയണയുടെ ഒരുഭാഗം തകർന്ന് പുഴ ഗതിമാറി ഒഴുകി. ഇത് തൊട്ടടുത്ത കൃഷിഭൂമിക്കും നാശനഷ്ടമുണ്ടാക്കി. ചെങ്കോട്, അടക്കാക്കുണ്ട് ഭാഗങ്ങളിലെ കൃഷിയാവശ്യത്തിന് വേണ്ടി ഈ ചിറയിൽനിന്നാണ് നേരത്തെ തോട് നിർമിച്ച് വെള്ളം കൊണ്ടുപോയിരുന്നത്.
പിന്നീട് കൃഷിയാവശ്യം ഇല്ലാതായെങ്കിലും നാടിന്റെ കുടിനീർ പ്രശ്നം പരിഹരിച്ചിരുന്നത് ഈ തടയണയായിരുന്നു. സമൃദ്ധമായ ജലാശയത്തിൽ കുളിക്കാനും സൗന്ദര്യം ആസ്വദിക്കാനുമായി ദൂരദിക്കിൽനിന്ന് പോലും ആളെത്തിയിരുന്നു.
ഇപ്പോൾ തടയണയിൽ വെള്ളം കെട്ടിനിർത്താൻ പറ്റാത്തതിനാൽ പ്രദേശത്തെ കിണറുകൾ മുഴുവൻ വരണ്ടു. വേനൽകാലത്ത് കുടിവെള്ളത്തിനായി നാട്ടുകാർ കടുത്ത പ്രയാസം നേരിടുന്നുണ്ട്.
തടയണ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പലതവണ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. ഇതിനിടയിലാണ് ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ നിർമിക്കുന്ന വ്യവസായ പാർക്കിനു വേണ്ടി 50 ലക്ഷം രൂപ ചെലവിൽ മറ്റൊരു തടയണ നിർമിക്കാനുള്ള പദ്ധതി ഒരുക്കുന്നത്. ഇതിനെതിരെയാണ് നാട്ടുകാർ രംഗത്ത് വന്നത്.
അരിമണലിൽ പുതുതായി നിർമിക്കുന്ന തടയണക്ക് പകരം കുറക്കനങ്ങാടിയിലെ തകർന്ന തടയണ പുനർനിർമിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ അപേക്ഷ നൽകിയിട്ടുണ്ടെന്ന് ബ്ലോക്ക് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.