േകാവിഡ് മാനദണ്ഡങ്ങളെല്ലാം കാറ്റിൽ പറന്നു; കൗൺസിൽ യോഗത്തിൽ കൈയാങ്കളി, തെറിവിളി, വാക്കേറ്റം
text_fieldsമഞ്ചേരി: കോവിഡ് മാനദണ്ഡങ്ങളെല്ലാ കാറ്റിൽ പറത്തി പോരടിച്ച് കൗൺസിലർമാർ. നഗരസഭ കൗൺസിൽ യോഗത്തിനുശേഷവും വാക്കേറ്റവും കൈയാങ്കളിയും പുറത്തേക്കും നീണ്ടു.
അടിയന്തര വിഷയങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന യോഗമാണ് കൈയാങ്കളിയിലേക്ക് നീങ്ങിയത്. പയ്യനാട് സ്പോർട്സ് കോംപ്ലക്സിെൻറ വികസന പ്രവർത്തനങ്ങൾക്കായി സ്പോർട്സ് കൗൺസിലിന് വിട്ടുകൊടുത്ത ഭൂമിയിൽ അഞ്ചേക്കർ വിട്ടുകിട്ടാൻ സർക്കാറിന് അപേക്ഷ സമർപ്പിക്കുന്നതായിരുന്നു വിഷയം. നഗരസഭ വിട്ടുകൊടുത്ത 25 ഏക്കർ ഭൂമിയിൽ ഒഴിഞ്ഞ് കിടക്കുന്ന 12 ഏക്കറിൽ അഞ്ചേക്കർ ഭൂമി ലൈഫ് ഭവന പദ്ധതി പ്രകാരം ഭൂ-ഭവനരഹിതർക്ക് വീടുനിർമിക്കാൻ ഉപയോഗിക്കാമെന്നായിരുന്നു ഭരണപക്ഷത്തിെൻറ നിലപാട്. എന്നാൽ, കായിക വികസനങ്ങൾക്കായി വിട്ടുനൽകിയ ഭൂമിയിൽ മറ്റുപദ്ധതികൾ നടപ്പാക്കുന്നതിനെ പ്രതിപക്ഷം എതിർത്തു.
നഗരസഭയുടെ ഉടമസ്ഥതയിൽ തന്നെ ഒട്ടേറെ പുറമ്പോക്ക് ഭൂമി ഉണ്ടെന്നിരിക്കെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് സർക്കാറിലേക്ക് അപേക്ഷ നൽകുന്നതെന്നായിരുന്നു പ്രതിപക്ഷ ആരോപണം. ഇതോടെ യോഗം ബഹളത്തിലേക്ക് നീങ്ങി. ഭരണപക്ഷ പ്രതിപക്ഷ അംഗങ്ങൾ കസേരയിൽ നിന്നും എഴുന്നേറ്റ് പരസ്പരം പോരടിച്ചു. ഉന്തിയും തള്ളിയും മൈക്ക് പിടിച്ചുവാങ്ങിയും കൊമ്പുകോർത്തു. ഇതിനിടെ ബഹളം രൂക്ഷമായതോടെ നഗരസഭ സെക്രട്ടറി കൗൺസിൽ ഹാളിെൻറ വാതിലടച്ചു.
എന്നാൽ, പാവപ്പെട്ടവർക്ക് വേണ്ടി വീടൊരുക്കുന്നതിനായുള്ള പദ്ധതിക്കായാണ് സ്ഥലം തിരികെ വാങ്ങുന്നതെന്ന് നഗരസഭ ചെയർപേഴ്സൻ വി.എം. സുബൈദ പറഞ്ഞു.
കൗൺസിലർ തമ്മിൽ വാക്കേറ്റം തുടരുന്നതിനിടെ കൗൺസിൽ പിരിച്ചുവിട്ടതായി നഗരസഭ ചെയർപേഴ്സൻ അറിയിച്ചു. ഇതോടെ വാക്കേറ്റം കൗൺസിൽ ഹാളിന് പുറത്തായി.
നഗരസഭ വൈസ് ചെയർമാൻ വി.പി. ഫിറോസും പ്രതിപക്ഷ നേതാവ് അഡ്വ. ഫിറോസ് ബാബുവും തമ്മിൽ രൂക്ഷമായ വാക്കേറ്റവും കൈയാങ്കളിയും നടന്നു. തെരഞ്ഞെടുപ്പ് ഹിയറിങ്ങിനായി എത്തിയ പ്രവർത്തകരും നേതാക്കളും ചേർന്നതോടെ വാക്കേറ്റവും കൈയാങ്കളിയും കൂടുതൽ രൂക്ഷമായി. പരസ്പരം വെല്ലുവിളിച്ചു ഇരുകൂട്ടരും നിലയുറപ്പിച്ചു. ഒടുവിൽ നഗരസഭ സെക്രട്ടറി എത്തി പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടതോടെയാണ് ഇരുവിഭാഗവും അയഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.