പുലിയെ പിടികൂടാൻ കൊരട്ടിയിൽ കൂട് എത്തി
text_fieldsപുലിയെ പിടികൂടാനായി കൊരട്ടിയിൽ എത്തിച്ച കൂട്
കൊരട്ടി: നാട്ടുകാരുടെ സമാധാനം കെടുത്തുന്ന പുലിയെ പിടികൂടാൻ കൊരട്ടിയിൽ വ്യാഴാഴ്ച വൈകീട്ട് വനം വകുപ്പ് കൂട് എത്തിച്ചു. രാത്രിയിൽ കൂട് സ്ഥാപിക്കുന്ന നടപടികളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം വൈകീട്ട് കൊരട്ടിയിൽ സംശയമുള്ള സ്ഥലങ്ങളിൽ വനംവകുപ്പ് നടത്തിയ ഡ്രോൺ പരിശോധനയിൽ പുലിയെ കണ്ടെത്തിയിരുന്നില്ല. കൊരട്ടി ഗവ. പ്രസ്സിന്റെയും മദുര കോട്സിന്റെയും അടക്കമുള്ള കാടുപിടിച്ചു കിടക്കുന്ന സ്ഥലങ്ങളിലാണ് ഡ്രോൺ പറത്തിയത്.
പുലിയെ കണ്ടെത്താൻ സ്ഥാപിച്ച അഞ്ച് കാമറകളിലും പുലിയുടെ ദൃശ്യം പതിഞ്ഞിട്ടില്ലെന്നാണ് വനം വകുപ്പ് പറയുന്നത്. എന്നാൽ പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തിയതിനാൽ പുലി പ്രദേശത്ത് ഉണ്ടെന്ന നിഗമനത്തിലാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചിറങ്ങര ഭാഗത്തെ വീട്ടിൽ നിന്ന് വളർത്തുനായെ പുലി പിടിച്ച് കൊണ്ടുപോയത്.
സി.സി.ടി.വി കാമറയിൽ ഈ ദൃശ്യം കണ്ടെത്തിയിരുന്നു. ഇതോടെയാണ് കൊരട്ടി പഞ്ചായത്തിലെ ജനങ്ങളിൽ പുലിഭീതി വ്യാപിച്ചത്. ബുധനാഴ്ച രാത്രി 10 ഓടെ കൊരട്ടി മുറിപ്പറമ്പ് ഭാഗത്തും പുലിയെ കണ്ടതായി പറയുന്നുണ്ട്. നാട്ടുകാർ പറഞ്ഞതിനെ തുടർന്ന് ആർ.ആർ.ടി സംഘവും പഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു അടക്കമുള്ള ജനപ്രതിനിധികളും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും പുലിയെ കണ്ടെത്തിയില്ല.
പുലിയെന്ന് സംശയിക്കുന്ന ജീവി ഒഴിഞ്ഞ സ്ഥലത്തു കൂടെ പോയെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഒരു പെൺകുട്ടി പുലിയുടെ ഫോട്ടോ എടുത്തിരുന്നെങ്കിലും വ്യക്തത ഉണ്ടായിരുന്നില്ല. ഏതാനും ദിവസങ്ങളായി പുലിയെ വിവിധ ഭാഗങ്ങളിൽ കണ്ടതായി നാട്ടുകാർ പറഞ്ഞിരുന്നു. എന്നാൽ, പുലിയെ കണ്ടുവെന്ന് പറഞ്ഞ സ്ഥലങ്ങളിലെ കാമറ ദൃശ്യങ്ങളിലൊന്നും പതിഞ്ഞത് പുലി ആയിരുന്നില്ല. അത്യാവശ്യ ഘട്ടത്തിൽ നാട്ടുകാരുടെ സഹായത്തിനായി രാത്രിയും പകലും ആർ.ആർ.ടി സംഘം കൊരട്ടിയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. ഒരോ വാർഡുകളിലും ജനങ്ങളുടെ സന്നദ്ധ സംഘവും ഉണർന്നിരിക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.