പുരാവസ്തു തട്ടിപ്പ്: സന്തോഷ് കോടികൾ തട്ടിയത് വിശ്വസ്തനെന്ന് നടിച്ച്
text_fieldsകിളിമാനൂർ: പുരാവസ്തുക്കളുടെ പേരിൽ കോടികൾ തട്ടിയ കേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കലിെൻറ സഹായിയായ കിളിമാനൂർ പോങ്ങനാട് സ്വദേശി സന്തോഷ് പലരിൽ നിന്നായി രണ്ടുകോടിയിലേറെ തട്ടിയത് വിശ്വസ്തത അഭിനയിച്ച്. കിളിമാനൂർ പോങ്ങനാട് ഗവ.യു.പി സ്കൂളിനു സമീപം നെടുവിള വീട്ടിൽ സന്തോഷ് ഒന്നര പതിറ്റാണ്ട് മുമ്പ് എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു.
വിദേശത്തുനിന്ന് നാട്ടിലെത്തിയ സന്തോഷ് പലിശക്ക് പണംകൊടുപ്പും ദിവസചിട്ടിയും നടത്തി. നിർധനർക്കടക്കം ദിവസ അടവ് അടക്കമുള്ള ചിട്ടി നടത്തി എല്ലാവരുടെയും സ്നേഹവും വിശ്വാസ്യതയും പിടിച്ചു പറ്റി. പിന്നീട്, സമ്പന്നരിൽനിന്ന് ലക്ഷങ്ങൾ പലിശക്കെടുത്ത് മറിച്ചുനൽകി അവരുടെ പലിശ കൃത്യമായി തിരിച്ചുനൽകി. ബാങ്ക് പലിശയെക്കാൾ കൃത്യമായി ഉയർന്ന പലിശ ലഭിച്ചതോടെ സമ്പന്നർ പത്തും പതിനഞ്ചും ലക്ഷങ്ങൾ വിശ്വാസ പൂർവം സന്തോഷിനെ ഏൽപിച്ചു. കൃത്യമായി പലിശ നൽകുകയും ചെയ്തു. ഇതിനിടെ, പഴയനാണങ്ങളും വിദേശ കറൻസി ശേഖരണത്തിലേക്കും തിരിഞ്ഞ സന്തോഷ്, പുരാവസ്തുക്കളും നൂറ്റാണ്ടുകൾ പഴക്കമുള്ള പ്രമാണങ്ങളുമടക്കം ശേഖരിച്ചു. പുരാവസ്തുക്കളുടെ ശേഖരം കണ്ട നാട്ടുകാർക്ക് സന്തോഷിലുള്ള വിശ്വാസം വർധിച്ചു. ഇതോടെ, വിശ്വസ്തരുടെ പണം സന്തോഷിലേക്ക് കുമിഞ്ഞുകൂടി. പഴയ ഓടിട്ട വീട് മാറ്റി സന്തോഷ് പുതിയ കെട്ടിടവും പണിതു.
ഇതിനിടെ, കൈവശമുള്ള പുരാവസ്തുക്കളുടെ ശേഖരം വിൽക്കാനായി എറണാകുളത്തേക്ക് പോയി. മാസങ്ങൾക്കു ശേഷം സിനിമ ഷൂട്ടിങ്ങുമായി വീണ്ടും തിരിച്ചെത്തി. ഇതിനിടെ പലരിൽ നിന്നായി ലക്ഷങ്ങൾ വീണ്ടും പലിശക്കെടുത്തു. റബർ ട്രെഡേഴ്സ് ഉടമയുടെ സഹോദരിൽ നിന്ന് 14 ലക്ഷം, പോങ്ങനാട് കലമ്പട്ടിവിള വീട്ടിൽ പ്രവാസിയായ രാജേന്ദ്രെൻറ ഭാര്യയുടെ കൈയിൽനിന്ന് മൂന്നര ലക്ഷം, പ്രവാസികളായ നിരവധി പേരിൽനിന്ന് ലക്ഷങ്ങളടക്കം വാങ്ങി. രാജേന്ദ്രെൻറ ഭാര്യ ഗീതയുടെ ചികിത്സാ സംബന്ധമായ പണം തിരികെ ചോദിച്ചതോടെയാണ് സന്തോഷ് നാടുവിട്ട വിവരം ഇവരറിയുന്നത്. തുടർന്ന്, സന്തോഷിെൻറ അമ്മയെയും സഹോദരിയെയും ബന്ധപ്പെട്ടെങ്കിലും പണം തിരികെ കിട്ടിയില്ലത്രെ.
വർഷങ്ങൾക്കുശേഷം കണ്ണ് ഓപറേഷനുമായി ബന്ധപ്പെട്ടപ്പോഴും സന്തോഷിനെ കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ലെന്ന് ഗീത 'മാധ്യമ'ത്തോട് പ്രതികരിച്ചു. കിളിമാനൂരിലെ ഒരു പാരലൽ കോളജ് നടത്തിപ്പുകാരനിൽനിന്ന് ഇയാൾ ലക്ഷങ്ങളാണ് വാങ്ങിയത്. സർക്കാർ ജോലി ലഭിച്ച ഇദ്ദേഹം ഇപ്പോഴും ശമ്പളം മുഴുവനും ഇതിെൻറ പലിശയടക്കം നൽകുന്നതായറിയുന്നു. സന്തോഷിെൻറ ഉടമസ്ഥതയിലുള്ള വീടും സ്ഥലവും കോടതി ഏറ്റെടുത്തിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.