ലഹരിവേട്ട: അഞ്ചു പേർ അറസ്റ്റിൽ; കഞ്ചാവും മദ്യവും ഹാൻസും പിടികൂടി
text_fields
കൽപറ്റ: ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ പൊലീസും ലഹരിവിരുദ്ധ സേനാംഗങ്ങളും ഗുണ്ടാവിരുദ്ധ സേനാംഗങ്ങളും ഡോഗ്സ്ക്വാഡും നടത്തിയ പരിശോധനയിൽ ലഹരിമരുന്നുമായി അഞ്ചു പേർ അറസ്റ്റിലായി. ജില്ല പൊലീസ് മേധാവി ഡോ. അർവിന്ദ്സുകുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ജില്ല നാർകോട്ടിക്സെൽ ഡിവൈ.എസ്.പി വി. രജികുമാറിന്‍റെ നേതൃത്വത്തിൽ ജില്ല ലഹരിവിരുദ്ധ സേനാംഗങ്ങളും ഗുണ്ടാവിരുദ്ധ സ്ക്വാഡും ഡോഗ്സ്ക്വാഡും വിവിധ സ്റ്റേഷനുകളിലെ പൊലീസുകാരും സംയുക്തമായാണ് റെയ്ഡ് നടത്തിയത്.
മീനങ്ങാടി പൊലീസ് ഇൻസ്പെക്ടർ എം. സനൽരാജും സംഘവും സംയുക്തമായി മീനങ്ങാടി യൂകാലി കവലയിലെ വീട്ടിൽ നടത്തിയ റെയ്ഡിൽ 1.100 കിലോഗ്രാം കഞ്ചാവുമായി യുവാവിനെ പിടികൂടി. പാലക്കാപറമ്പിൽ ഹൗസിൽ രാഹുൽ (28) ആണ് അറസ്റ്റിലായത്.
സുൽത്താൻ ബത്തേരി എസ്.ഐ കെ.എം. റംലത്തും സംഘവും സംയുക്തമായി കുപ്പാടി ഒന്നാംമൈൽ പുലച്ചിക്കാവിലെ വീട്ടിൽ നടത്തിയ റെയ്ഡിൽ 450 ഗ്രാം കഞ്ചാവുമായി ഇടുക്കി സ്വദേശിയായ മുളമറ്റത്തിൽ ഹൗസിൽ മുഹമ്മദിനെ (58) അറസ്റ്റ് ചെയ്തു. സുൽത്താൻ ബത്തേരി എസ്.ഐയും സംഘവും സുൽത്താൻ ബത്തേരി ദ്വാരക ബാറിന് സമീപം നടത്തിയ റെയ്ഡിൽ കഞ്ചാവ് നിറച്ച ബീഡികളുമായി കോട്ടക്കുന്ന് പാറ്റയിൽ ഹൗസിൽ അസ്കാഫിനെ (40) അറസ്റ്റുചെയ്തു. സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ ദൊട്ടപ്പൻകുളത്തുള്ള 'മാവത്ത്' എന്ന സ്റ്റേഷനറി ആൻഡ് പലചരക്കുകടയിൽ സുൽത്താൻ ബത്തേരി എസ്.ഐ പി.ഡി. റോയിച്ചനും സംഘവും നടത്തിയ റെയ്ഡിൽ വില്പന നിരോധനമുള്ള ഇന്തോനേഷ്യൻ നിർമിത 160 അനധികൃത വ്യാജ സിഗരറ്റ് പിടികൂടി. കടയുടമ കല്ലൂർകുന്നിലെ മാവത്ത്ഹൗസിൽ സുനിൽകുമാറിനെ (49) അറസ്റ്റുചെയ്തു. മേപ്പാടി എസ്.ഐ വി.പി. സിറാജും സംഘവും പലവയലിലെ വാടക ക്വാട്ടേഴ്സിൽ നടത്തിയ റെയ്ഡിൽ കേരളത്തിൽ വിൽപന നിരോധിക്കപ്പെട്ടിട്ടുള്ള പോണ്ടിച്ചേരി മദ്യവും ഹാൻസും സഹിതം യുവാവിനെ പിടികൂടി. തൃക്കൈപറ്റ കോട്ടയിൽ ഹൗസിൽ കെ.എം. സൂരജ് (42) ആണ് അറസ്റ്റിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.