പോപ്പുലർ ഫിനാൻസ് തട്ടിപ്പ്: പ്രധാന ആസൂത്രകർ ഉടമയുടെ മക്കൾ
text_fieldsപത്തനംതിട്ട: പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ പ്രധാന ആസൂത്രകർ ഉടമയുടെ മൂന്ന് പെൺമക്കളെന്ന് സൂചന. കഴിഞ്ഞ ദിവസം രാജ്യംവിടാനുള്ള ശ്രമത്തിനിടെ സ്ഥാപന ഉടമയുടെ മക്കളായ സി.ഇ.ഒ ഡോ. റിനു മറിയം തോമസ്, ഡയറക്ടർ ഡോ. റിയ ആൻ തോമസ് എന്നിവർ ഡൽഹിയിൽ പിടിയിലായിരുന്നു. ഇപ്പോൾ അറസ്റ്റിലായ രണ്ട് പെൺമക്കളും ഇവരുടെ ഭർത്താക്കന്മാരും ഡോക്ടർമാരാണ്. തിരുവല്ലയിലെ പ്രമുഖ സ്വകാര്യ മെഡിക്കൽ കോളജിൽ ഇവർ ജോലി ചെയ്തിരുന്നു. നിക്ഷേപകരുടെ പണം മറ്റുനിരവധി കമ്പനികൾ രൂപവത്കരിച്ച് വകമാറ്റിയതിനുപിന്നിലും ഡോക്ടർമാരാെണന്നാണ് സൂചന.
തൃശൂരും തിരുവനന്തപുരവും കേന്ദ്രീകരിച്ച് വിവിധ കമ്പനികൾ രൂപവത്കരിച്ചാണ് പണം വകമാറ്റിയത്. നിക്ഷേപകർ അറിയാതെ പണം വകമാറ്റിയതിന് ഉടമകളുടെ പേരിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടന്നുവരികയാണ്. റിനുവും റിയയുമാണ് കമ്പനി രൂപവത്കരിച്ചതിന് നേതൃത്വം നൽകിയത്. പാർട്ണർഷിപ്പായി 21കമ്പനി രൂപവത്കരിച്ചിട്ടുണ്ടെന്നറിയുന്നു. ഈ കമ്പനികൾ അംഗീകാരം ഇല്ലാത്തവയുമാണ്. വിദേശത്തുൾപ്പെടെ ചില വ്യവസായസ്ഥാപനങ്ങളിലും ഇവർക്ക് നിക്ഷേപമുണ്ട്.
നിക്ഷേപകർ ചേർന്ന് ആക്ഷൻ കൗൺസിൽ രൂപവത്കരിച്ചു. സർക്കാറിനെ കബളിപ്പിച്ചതിന് ധനവകുപ്പും കേസെടുക്കും. മണി ലെൻഡിങ് ആക്ട് പ്രകാരം കേസെടുക്കാനാണ് തീരുമാനം. അന്വേഷണം കൃത്യമായി നടക്കുന്നതായി ജില്ല പൊലീസ് മേധാവി കെ.ജി. സൈമൺ പറഞ്ഞു. സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കുന്നത് ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിെല പ്രത്യേക ടീമാണ്. ദക്ഷിണമേഖല ഐ.ജി ഹർഷിത അട്ടല്ലൂരിക്കാണ് അന്വേഷണ ചുമതല.
ഇതിനിടെ, സ്ഥാപന ഉടമ പത്തനംതിട്ട സബ്കോടതിയിൽ പാപ്പർ ഹരജി നൽകിയിട്ടുണ്ട്. കേസ് െസപ്റ്റംബർ ഏഴിന് പരിഗണിക്കും. സ്ഥാപനത്തിന് സംസ്ഥാനത്തും പുറത്തുമായി മുന്നൂറ്റമ്പതോളം ശാഖകളുണ്ട്. അയ്യായിരത്തോളം നിക്ഷേപകരിൽനിന്നായി 2000 കോടിയാണ് പോപ്പുലർ ഫിനാൻസ് സമാഹരിച്ചിരിക്കുന്നത്.
കുടുംബം റിമാൻഡിൽ
പോപ്പുലർ ഫിനാൻസ് തട്ടിപ്പുകേസിൽ അറസ്റ്റിലായ സ്ഥാപന ഉടമയെയും കുടുംബത്തെയും വിഡിയോ കോൺഫറൻസിങ് വഴി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് അവധിയായതിനാൽ തിരുവല്ല മജിസ്ട്രേറ്റിന് മുന്നിലാണ് ഹാജരാക്കിയത്. മുഖ്യപ്രതിയും സ്ഥാപന ഉടമയുമായ തോമസ് ഡാനിയേലിനെ കൊട്ടാരക്കര സബ്ജയിലിലേക്കും മറ്റുപ്രതികളായ ഭാര്യ പ്രഭ, മക്കളായ ഡോ. റിനു മറിയം തോമസ്, ഡോ. റിയ ആൻ തോമസ് എന്നിവരെ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലേക്കുമാണ് അയച്ചത്. തോമസ് ഡാനിേയലിനെ കൊല്ലത്തെ നായേഴ്സ് ആശുപത്രിയിലും മറ്റുള്ളവരെ തിരുവനന്തപുരം ഇൗസ്റ്റ്ഫോർട്ടിലെ ക്വാറൻറീൻ കേന്ദ്രത്തിലേക്കും മാറ്റി. കോവിഡ് പരിശോധനഫലം വന്നതിനുശേഷം ജയിലിലേക്ക് മാറ്റും.
പ്രതികൾക്ക് വിദേശത്ത് വൻ നിക്ഷേപം
2000 േകാടിയുടെ നിക്ഷേപ തട്ടിപ്പിൽ അറസ്റ്റിലായ പോപ്പുലർ ഫിനാൻസ് ഉടമക്കും മക്കൾക്കും വിദേശത്ത് കോടികളുടെ നിക്ഷേപമുള്ളതായി പൊലീസിെൻറ ചോദ്യം ചെയ്യലിൽ വ്യക്തമായി. ആസ്ട്രേലിയയിലാണ് വൻ നിക്ഷേപമുള്ളത്. അതിനാൽ വിദേശ അന്വേഷണത്തിന് ഇൻറർപോളിെൻറ സഹായവും തേടും.
സ്ഥാപന ഉടമ തോമസ് ഡാനിയേലിെൻറ മാതാവും സഹോദരിമാരും ഭാര്യ പ്രഭയുടെ അടുത്തബന്ധുക്കളും ആസ്ട്രേലിയയിൽ താമസിക്കുന്നുണ്ട്. നിക്ഷേപങ്ങൾ സ്വന്തം നേട്ടത്തിന് ഉപയോഗിച്ചതായി പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.