വിദ്യാലയങ്ങളിലെ റാഗിങ് കേസുകള്‍ പരിഗണിക്കാന്‍ ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച്
text_fieldsകൊച്ചി: വിദ്യാലയങ്ങളിൽ വർധിച്ചു വരുന്ന റാഗിങ് കേസുകള്‍ പരിഗണിക്കാന്‍ പ്രത്യേക ബെഞ്ച് രൂപികരിച്ച് ഹൈക്കോടതി. കേരളത്തിൽ അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ട റാഗിങ് കേസുകളുടെ പശ്ചാത്തലത്തിലാണ് പുതിയ സംവിധാനം ഏർപ്പെടുത്തുന്നത്.
ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് എസ് മനു എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റി (കെല്‍സ)യാണ് പ്രശ്‌നം ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചത്.
ബോധവൽകരണ പരിപാടികൾ വിദ്യാലയങ്ങളിൽ നടത്തുന്നുണ്ടെങ്കിലും അതൊന്നും ഫലപ്രതമല്ലെന്നതിന്‍റെ തെളിവാണ് സമീപകാലങ്ങളിൽ നടന്ന സംഭവങ്ങളെന്ന് കെല്‍സ ആരോപിച്ചു.
അതിനാൽ റാഗിങ്ങുകൾ തടയാൻ സംസ്ഥാന ജില്ലാതല നിരീക്ഷണ സമിതികൾ രുപീകരിക്കണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം. മാർഗനിർദേശങ്ങളും നിയമങ്ങളും പൊതുജനങ്ങളിൽ എത്തിക്കാൻ ബോധവൽക്കരണ കാമ്പയിനുകൾ ആരംഭിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ വകുപ്പുകൾ എന്നിവ സംസ്ഥാനതല നിരീക്ഷക സമിതി മുമ്പാകെ പുരോഗതി റിപ്പോർട്ട് സമർപ്പിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു. തുടർന്നാണ് ഈ വിഷയം പരിഗണിക്കുന്നതിന് പ്രത്യേക ബെഞ്ച് രൂപീകരിക്കാൻ കോടതി തീരുമാനിച്ചത്. കേസ് നാളെ പ്രത്യേക ബെഞ്ച് പരിഗണിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.