ബൈജുവിന്റെ മനോരഥങ്ങൾ
അന്നത്തെ വെയിലിന് ശകലം ദൈർഘ്യം കൂടുതലായിരുന്നു. ശാഠ്യക്കാരനെ പോലെ വന്ന ചൂടിന്റെ കാഠിന്യത്തിൽ തിരുനക്കരയിലെ പുൽനാമ്പുകൾ വാടി മയങ്ങി. പച്ചനിറം മാഞ്ഞ് നേർത്ത മഞ്ഞയിലേക്ക് പരകായപ്പെട്ടു. കോൺക്രീറ്റ് പടവുകളിലെ സിമെന്റ് പാളികൾ വാപൊളിച്ച് നിന്നു. അണ്ണാക്കിലേക്ക് ഒരിറ്റ് വെള്ളമെങ്കിലും കിട്ടിയാൽ മതിയെന്ന ഭാവമായിരുന്നു അതുങ്ങൾക്ക്. മരുന്നിനെന്നപോലെ വെയിൽ മാറിയ ഇടത്ത് ബൈജു രാമചന്ദ്രൻ ചന്തി കുത്തി ഇരുന്നപ്പോൾ പകലുറക്കത്തിന്റെ...
Your Subscription Supports Independent Journalism
View Plansഅന്നത്തെ വെയിലിന് ശകലം ദൈർഘ്യം കൂടുതലായിരുന്നു. ശാഠ്യക്കാരനെ പോലെ വന്ന ചൂടിന്റെ കാഠിന്യത്തിൽ തിരുനക്കരയിലെ പുൽനാമ്പുകൾ വാടി മയങ്ങി. പച്ചനിറം മാഞ്ഞ് നേർത്ത മഞ്ഞയിലേക്ക് പരകായപ്പെട്ടു. കോൺക്രീറ്റ് പടവുകളിലെ സിമെന്റ് പാളികൾ വാപൊളിച്ച് നിന്നു. അണ്ണാക്കിലേക്ക് ഒരിറ്റ് വെള്ളമെങ്കിലും കിട്ടിയാൽ മതിയെന്ന ഭാവമായിരുന്നു അതുങ്ങൾക്ക്. മരുന്നിനെന്നപോലെ വെയിൽ മാറിയ ഇടത്ത് ബൈജു രാമചന്ദ്രൻ ചന്തി കുത്തി ഇരുന്നപ്പോൾ പകലുറക്കത്തിന്റെ കിനാവിലായിരുന്നു ചെങ്കല്ല് കലർന്ന മണൽത്തരികൾ.
നാളത്തെ പത്രങ്ങളിൽ കോട്ടയം എഡിഷനിലെ പ്രധാന വാർത്ത എന്താകും? അവൻ ചിന്തയിലാണ്ടു. തെളിഞ്ഞുനിന്ന ആകാശത്തേക്ക് കുറെ സമയം നോക്കിയിരുന്നു. ക്ലീഷേ... ക്ലീഷേ... കൊള്ളാവുന്നത് ഒന്നുമില്ല. ബൈജു രാമചന്ദ്രൻ ഉന്മാദിയെപ്പോലെ അലറി. മൈതാനത്തെ മരക്കാലുകളുടെ തണല് പറ്റി നിന്നവർ പാഞ്ഞെത്തി മുഖാമുഖം നോക്കി. കൊള്ളാവുന്നതൊന്നും തലയിൽ കയറാത്തതിന്റെ നിരാശയിൽ വലതുകാലിലെ ചെരുപ്പ് കുടഞ്ഞെറിഞ്ഞു.
തലയ്ക്ക് വെളിവില്ലാത്തവൻ!
ആരോ പറഞ്ഞതു കേട്ട് അവൻ പൊട്ടിച്ചിരിച്ചു. ചാടിയെണീറ്റ് തലയിൽ മിന്നിമറഞ്ഞത് പെരുകാലിൽ മണ്ണിലേക്ക് കോറിയിട്ടു. രണ്ട്-മൂന്ന് ആവർത്തി വായിച്ചു. വെളുപ്പ് വീണ് തുടങ്ങിയ കട്ടിരോമങ്ങൾക്ക് താഴെയുള്ള ചുണ്ട് ഇടത്തേക്ക് കോടി. സാങ്കൽപിക ടെംപ്ലേറ്റ് കളങ്ങളിൽ തെല്ല് ദേഷ്യത്തോടെ ചവിട്ടി. ഇതിലും വലുത് എന്തെങ്കിലും സംഭവിച്ചാൽ വാർത്തയാകണമെന്നില്ല. അല്ലെങ്കിൽ സാധാരണപോലെ 10, 12 പേജിന്റെ വലത് മൂലയിൽ സ്ഥാനം പിടിക്കുമാകും. അവൻ പിറുപിറുത്തു.
മുമ്പുവരെ ഒരു സായാഹ്ന പത്രത്തിൽ പ്രൂഫ് റീഡറായിരുന്നു ബൈജു. അതൊരു തസ്തിക മാത്രമായിരുന്നു. കുത്തും കോമയും അക്ഷരത്തെറ്റും മാത്രമല്ല, പച്ചമലയാളത്തിൽ ഒന്നാന്തരം വാർത്തയെഴുതാനും മികവുണ്ടായിരുന്നു. മധ്യകേരളത്തിലെ രാഷ്ട്രീയ ഭൂപടം മാറ്റിമറിച്ച നിരവധി സ്കൂപ്പുകളാണ് അടുത്ത സുഹൃത്തുക്കൾക്ക് ബൈയാറായ ബൈജു രാമചന്ദ്രൻ പുറത്തുകൊണ്ടുവന്നത്. ഒന്നിൽപോലും ബൈലൈൻ വെക്കരുതെന്ന നിർബന്ധ ബുദ്ധിയുള്ളതിനാൽ ആ വാർത്തയുടെ പിന്നിലാരെന്ന് അധികം പേരറിഞ്ഞില്ല.
രാഷ്ട്രീയ സംഭവ വികാസങ്ങൾക്ക് ബൈയാറിടുന്ന തലക്കെട്ടുകൾ അതിമനോഹരമായിരുന്നു. പ്രൂഫ് നോട്ടത്തിന്റെ തിരക്കൊഴിഞ്ഞ് അയാളുടെ കണ്ണ് ഒന്നാം പേജിലുടക്കിയാൽ അയ്യായിരം കോപ്പികൂടി ധൈര്യമായി അടിക്കാം. എഡിറ്റോറിയൽ ടീമിലെ തലയെടുപ്പുള്ള സാറന്മാർ കേൾക്കാതെ സർക്കുലേഷൻ മാനേജർ സണ്ണി ജോൺസൺ ഒച്ച താഴ്ത്തി പറയുമ്പോളൊക്കെ ബൈജുവിന്റെ ഉള്ളിലെ ആത്മരതി വാണി ബാറിൽനിന്ന് വാങ്ങുന്ന ബിയറ് പോലെ നുരഞ്ഞ് പൊങ്ങും.
‘‘നാഴികയ്ക്ക് നാൽപത് വട്ടം സ്വപ്നം കാണുന്ന താനെങ്ങനാടോ ഈ കോപ്പിലെ പണിക്ക് വന്നത്...’’ ന്യൂസ് എഡിറ്റർ വികാസ് വർക്കിയുടെ ചൊറിച്ചിലിന് ചുട്ട മറുപടി കൊടുക്കണമെന്ന് തോന്നിയതാണ്.
‘‘പ്രൂഫ് റീഡറുകാരൻ വാർത്ത അടിക്കുന്നതിന്റെ ചൊരുക്കാടാ, നീ അതൊന്നും കാര്യമാക്കേണ്ട ചെറുക്കാ.’’ സണ്ണിച്ചായന് കൂറ് ആരൊടെന്ന് അറിയില്ലെങ്കിലും ആ സോഴ്സിനെ വാർത്ത എടുക്കുന്നതിന് ബൈജു ഉപയോഗിക്കാറുണ്ട്. വികാസിന് തന്റെ ഭൂതകാലം ചികയലിലാണ് ശ്രദ്ധയെന്ന് അടുത്തിടെ ആരോ ബൈജുവിനോട് പറയുകയുണ്ടായി.
താൻ എങ്ങനെ ഒരു മാധ്യമപ്രവർത്തകനായെന്ന് ബൈജു അത്ഭുതപ്പെട്ടിട്ടുണ്ട്. ചങ്ങനാശ്ശേരിയിലെ ഡിഗ്രി പഠനകാലത്ത് ക്ലാസിൽ നേരാംവണ്ണം കയറിയിട്ടില്ല. കൊടുമ്പിരികൊണ്ട സംഘടനാ പ്രവർത്തനമായിരുന്നു.
ക്ലാസിനേക്കാൾ കൂടുതൽ ഹാജർ വെച്ചത് ടെന്നീസ് കോർട്ടിന് മുന്നിലും ഓഡിറ്റോറിയ വരാന്തയിലുമായിരുന്നു. അവിടെ ഇരിക്കുമ്പോൾ കിട്ടിയ സുഖവും സുരക്ഷിതത്വവും വേറെ ഒരിടത്ത് നിന്നും ലഭിച്ചിട്ടില്ല. ഘടികാര കെട്ടിടത്തിന് താഴെ നിന്ന് വിളിച്ച മുദ്രാവാക്യത്തിന്റെ അലയൊലികളുടെയത്ര എഫക്ട് ഒരു തിയറ്ററിൽനിന്നും കിട്ടിയിട്ടില്ല. കാമ്പസിൽ പോസ്റ്ററെഴുത്തിന്റെ കുത്തക ഹരിക്കായിരുന്നു. നാടകവും സ്കിറ്റുമൊരുക്കി ബൈജു എഴുത്തുകാരന്റെ മേലങ്കിയണിഞ്ഞു.
‘‘ഈ പൊട്ട സ്ക്രിപ്റ്റിന് തല്ല് കിട്ടാത്തത് ഭാഗ്യം.’’ ബോട്ടണി ഡിപ്പാർട്മെന്റിന് മുന്നിലെ പുഷ്കരമുല്ല ചുവട്ടിലിരുന്ന് സൗമിനി പരിഹസിച്ചപ്പോൾ അവൻ ചൂളി.
ഡിഗ്രി കഴിഞ്ഞ് രണ്ട് വർഷക്കാലം പാലാരിവട്ടത്തെ വർക്കീസ് സൂപ്പർ മാർക്കറ്റിൽ കാഷ്യർ പണിയായിരുന്നു ബൈജുവിന്. കിട്ടുന്ന പൈസ മിച്ചംവെച്ച് ലോ കോളേജിലോ അക്കാദമിയിലോ എൽ.എൽബിക്ക് ചേരണമെന്നായിരുന്നു ആഗ്രഹം. ഇക്കാലത്താണ് സൗമിനിയുടെ വിദ്യാദ്യാസം അതിരമ്പുഴയിലെ സ്കൂൾ ഓഫ് കെമിക്കൽ സയൻസിലേക്ക് പറിച്ചു നട്ടത്. അവളെ ഇടക്കിടെ കാണാമെന്ന പൂതിയിൽ എറണാകുളത്തെ തൊഴിലിടം വിട്ടു.
ചങ്ങനാശ്ശേരിയിലെ രാമചന്ദ്രൻ സഖാവിന്റെ ശിപാർശയിലാണ് പൂവാങ്കലച്ചായന്റെ കമ്പനിയിൽ പണിക്ക് കയറിയത്.
‘‘നേരോം കാലോം പറഞ്ഞ് നിൽക്കാതെ പറയുന്ന പണി പറയുമ്പോൾ ചെയ്താൽ കൂലിക്ക് കുറവൊന്നും വരില്ല.’’
പണീന്ന് പറഞ്ഞാൽ അച്ചായൻ ഓരോന്ന് തരും. മൂഡ് പോലെയാണ് കാര്യങ്ങൾ.
‘‘ബൈജുവേ... നീയാ കാൽക്കുലേറ്ററ് പൊട്ടിക്കാതെ വല്ലോടത്തുമൊക്കെ കറങ്ങീട്ട് വാടാ.’’ പിന്നെ രണ്ട് ദിവസം ജോലിയുണ്ടാകില്ല. നേരെ ചൊവ്വെ പറഞ്ഞാൽ ബാബുച്ചായന്റെ കൂടെ ഫൈനാൻസിലെ കണക്കെഴുത്ത് തുടങ്ങിയതോടെയാണ് ആദ്യമായി മൂന്ന് നേരം വയറ് നിറയാൻ തുടങ്ങിയത്. സോഡാക്കുപ്പി കവിൾ തുടുത്തുവന്നു.
കുടവയറൊക്കെ വെച്ചല്ലോടാ! അമ്മച്ചി തെല്ലതിശയപ്പെട്ട് പറഞ്ഞു.
അച്ചാച്ചൻ മഞ്ഞപ്പല്ലുകൾ പുറത്തേക്ക് തള്ളി ചിരിച്ചു. പിറ്റേ മാസം മുതൽ അച്ചാച്ചൻ തോട്ടത്തിലെ പണി നിർത്തി വീട്ടിൽ കുത്തിയിരുപ്പായി. കട്ടൻ അനത്തി വശംകെട്ടെങ്കിലും അമ്മച്ചി ഈർഷ്യയൊന്നും കാണിച്ചില്ല.
‘‘നാശം പിടിക്കാൻ. ഒടുക്കലത്തെയൊരു ചുരുട്ടുവലി, അതങ്ങ് നെർത്തരുതോ?’’ തൊണ്ട പൊട്ടുന്ന ചുമയിൽ തങ്കച്ചൻ നെഞ്ചും തിരുമ്മിയിരുന്ന രാത്രിയിലാണ് ബൈജു കയർത്തത്.
‘‘നീ തന്തയെ തല്ലാനായോടാ പട്ടി. കൊണംപിടിക്കാനെല്ലടാ.’’ അമ്മച്ചി ശ്വാസമടക്കാതെ പറഞ്ഞു. അപ്പച്ചന്റെ കണ്ണിലൊരു തിളക്കം. മിന്നാമിനുങ്ങിനെ പോലെ തിളങ്ങിയ ആ കണ്ണുകളിലേക്ക് അറിയാതെ നോക്കി. ചാലുപോലെ താഴോട്ടൊരു നീരിറക്കം.
ഏഴാംനാൾ ഗുരുമന്ദിരത്തിലേക്കുള്ള ഇടവഴിയിൽ ചോരതുപ്പി വീഴുകയായിരുന്നു തങ്കച്ചൻ.
ബാബുച്ചായന് പൂപ്പാറയിൽ ഏല കൃഷിയുമുണ്ടായിരുന്നു. സീസണായാൽ ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും ഹൈറേഞ്ചിൽ തമ്പടിക്കും. അച്ചായനുള്ള ദിവസം മാത്രം ഫൈനാൻസിലേക്ക് ചെന്നാൽ മതിയെന്നാണ് തിട്ടൂരം. സൗമിനിക്കൊപ്പം ആനന്ദിലും ആഷയിലും മാറ്റിനി കണ്ട് സമയം കളഞ്ഞു. തിരുനക്കരയിലെ പടിക്കട്ടിലിരുന്ന ഒരു വൈകുന്നേരമാണ് അവൾ രഞ്ജനെ പരിചയപ്പെടുത്തിയത്. സ്കൂൾ ഓഫ് ലെറ്റേഴ്സിലെ റിസർച്ച് സ്കോളർ. മുണ്ടക്കയത്ത് തന്നെയാണ് വീടെങ്കിലും ആദ്യമായിട്ടാണ് ബൈജു കാണുന്നത്.
അവന്റെ സ്ഥിരം സാന്നിധ്യം അലോസരപ്പെടുത്തിയെങ്കിലും പുറത്ത് കാണിക്കാതിരിക്കാൻ ശ്രദ്ധിച്ചു. മാസങ്ങൾക്ക് ശേഷം മട്ടന്നൂർ കോളേജിലെ അപ്പോയിൻമെന്റ് ഓർഡർ കിട്ടിയതിന്റെ പിറ്റേന്ന് ആനന്ദ് ഭവനിലെ ആടിയിളകിയ കസേരയിലമർന്ന് ഉഴുന്നുവട ചട്ണിയിൽ മുക്കുമ്പോഴാണ് അവൾ കല്യാണക്കാര്യം പറഞ്ഞത്. രഞ്ജന്റെ കണ്ണുകളുടക്കിയത് മേശപ്പുറത്ത് വെച്ച ആഴ്ചപ്പതിപ്പിന്റെ പുറംചട്ടയിലായിരുന്നു.
കോടിമതയിൽ കൊടൂരാറ്റിലെ കുളവാഴകളുടെ എണ്ണമെടുത്ത വൈകുന്നേരമാണ് ബാബുച്ചായൻ ബിസിനസ് നിർത്തി അമേരിക്കയിൽ പോകുന്നത് പ്രിൻസിനോട് പറഞ്ഞത്.
‘‘ഒന്ന് പോയാൽ മറ്റൊന്ന്. അല്ലാതെന്താ?’’
പെണ്ണും പണിയും പോയവനോട് കോപ്പ് വർത്തമാനം പറയുന്നോടാന്ന് ചോദിക്കാൻ നാക്ക് തരിച്ചതാണ്. മുഖം മാറിയത് കണ്ടാകും അവൻ കുറച്ച് നേരം മിണ്ടാതിരുന്നു. പാന്റ്സിന്റെ കീശയിൽ കിടന്ന പേപ്പർ കഷ്ണമെടുത്ത് നീട്ടി.
നീയിതൊന്ന് നോക്കിയേ?
അതിന്...
വായിച്ചുനോക്കെടാ കൂവേ
ങും... ഇതൊന്നും പറ്റിയ പണിയല്ല.
നീ ചെയ്യാൻ പറ്റുന്നത് എന്തേലും പറ?
പിന്നെ, എല്ലാം അറിഞ്ഞ പണിയല്ലേ ചെയ്യുന്നത്. പത്തര തൊട്ട് വൈകിട്ട് നാലരക്ക് പത്രം ഇറങ്ങുംവരെ ഇരുന്നാൽ മതിയന്നേ.
മുണ്ടക്കയത്ത് നിന്ന് രാവിലെയുള്ള കൊണ്ടോടി ഫാസ്റ്റിലോ കെ.എസ്.ആർ.ടി.സി എൽ.എസിലോ കയറി കോട്ടയം പിടിക്കും. ബസിറങ്ങി ഓഫീസിലേക്ക് നടക്കുമ്പോൾ കടന്നൽക്കൂട് തലയിലേക്ക് തുരന്ന് കയറിയപോലെയാണ് തോന്നിയത്.
സർവ തലവേദനകളുമൊതുക്കി ഒന്ന് റിലാക്സ് മൂഡിൽ പത്രമോഫീസിലേക്ക് പോകാനായത് ജോർജ് സാറിനെ കണ്ടതുമുതലാണ്. കൂട്ടെന്ന് പറഞ്ഞാൽ ആദരവ് കലർന്ന സ്നേഹബന്ധം. അയാളെ കാണാൻ 15-20 മിനിറ്റോളം തിരുനക്കര മൈതാനത്ത് ചെലവഴിക്കും. ആ മതിൽക്കെട്ടിനകത്തിരുന്ന് നഗരത്തെ കാണും. മനസ്സിലാക്കും. വിലയിരുത്തും.
തനി കേരള കോൺഗ്രസുകാരനാണ് ജോർജ് സാർ. അയാളോളം രാഷ്ട്രീയം അറിയാവുന്ന ഒരാളെ ബൈജു കണ്ടിട്ടില്ലെന്ന് പറയുന്നതാകും ശരി. രണ്ട് ചിന്താധാരയിലൂടെ ഏറ്റുമുട്ടിയപ്പോഴൊക്കെ ഖണ്ഡിക്കുക പാടായി. പ്രത്യേകിച്ച്, മധ്യ തിരുവിതാംകൂറിന്റെയും മലനാടിന്റെയും രാഷ്ട്രീയത്തിൽ.
‘‘1964 ഒക്ടോബർ 10ന് അഞ്ച് തിരിയിട്ട നെലവിളക്ക് കൊളുത്തിയത് ദാണ്ടവിടാണ്. ബാലകൃഷ്ണപിള്ള, മാത്തച്ചൻ കുരുവിനാക്കുന്നേൽ, ഇ. ജോൺ ജേക്കബ്, ജോസഫ് പുലിക്കുന്നേൽ... എന്റെ ഇടത്തും വലത്തുമായിട്ട് നെരന്ന് നിൽക്കുവല്ലായിരുന്നോ!.. ചമയം കെട്ടിയ കൊമ്പന്മാരെപ്പോലെ. അന്നത്തെപ്പോലൊരു ആൾക്കൂട്ടത്തെ ഞാൻ പിന്നെ കണ്ടത് ഇ.എം.എസ് വന്നപ്പോഴാണ്. എത്രയോ സമ്മേളനങ്ങൾ, പ്രതിഷേധങ്ങൾ, സമരങ്ങൾ, ജാഥകൾ... ചതുർമുഖ ഘടികാരം സാക്ഷിയാക്കി നടന്നിരിക്കുന്നു. അയാൾ ഓർമക്കൂട് തുറക്കുമ്പോൾ കേൾക്കാൻ രസമാണ്.
ഇരിങ്ങാലക്കുടയിൽ തുടങ്ങി അങ്കമാലി, മൂവാറ്റുപുഴ വഴി തൊടുപുഴയും പാലായും കയറി തിരുവല്ലായിലൂടെ കൊട്ടാരക്കരയിലെത്തി നിൽക്കുന്ന നേർവഴിയിലാണ് ജോർജ് സാറിന്റെ രാഷ്ട്രീയം. നെല്ലിന്റെ താങ്ങുവില കൂട്ടാത്തതും റബറിന്റെ പ്രതിസന്ധിയുമൊക്കെ ഇടയിൽ കയറും. മനുഷ്യനെപ്പറ്റി പറയണം, മനുഷ്യനെ ബാധിക്കുന്ന പ്രശ്നങ്ങൾ കണ്ടെത്തണം. സമൂഹത്തിന്റെ പുരോഗതിയും പുരോഗമനവും ആകണം ചർച്ചചെയ്യേണ്ടത്. കോട്ടയത്തും കൊച്ചിയിലുമൊക്കെ പോയി കേസ് വാദിച്ച ആളാണേത്ര. അങ്ങ് തിരുവനന്തപുരത്തും പിടിയുണ്ടായിരുന്നുവെന്നാണ് പറഞ്ഞത്.
ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപ്പാട് പെട്ടപ്പോഴാണ് ബൈജു പത്രക്കാരന്റെ കുപ്പായമഴിച്ചത്.
‘‘ന്റെ ബൈജുവേട്ടാ പിള്ളേര് വളർന്നങ്ങ് കേറുവാ... നിങ്ങള് വെല്ലതും കാണുന്നൊണ്ടോ?’’
തിണ്ണയിലെ ട്യൂബ് ലൈറ്റിനെ ചുറ്റിപ്പറ്റി ഈയാംപാറ്റകൾ പാറിക്കളിച്ച രാത്രിയിൽ മൂത്തവൾ ബിൻസിയെ ചൂണ്ടിക്കാട്ടിയാണ് ഷേർളി പറഞ്ഞത്.
നാല്-അഞ്ച് എണ്ണത്തിന് വയറ് നെറയ്ക്കാനും സ്കൂൾ ഫീസ് കൊടുക്കാനുമല്ലാതെ എന്തേലും നീക്കിയിരിപ്പൊണ്ടോ കയ്യീല്. ആ കൊച്ച് ആദ്യത്തെ കുളി കഴിഞ്ഞിറങ്ങിയപ്പോൾ കാൽ കിലോ അലുവ മേടിച്ചുകൊടുക്കാൻ പാങ്ങുണ്ടായോ? പലതും പറ്റാഞ്ഞിട്ടല്ല. കല്യാണം കഴിഞ്ഞേന്റെ പിറ്റേന്ന് പറഞ്ഞതാ ആദർശം പറഞ്ഞോണ്ടിരിക്കാതെ നാല് കാശ് കൂടുതൽ കിട്ടുന്ന വേറെ വെല്ല പണി നോക്കാൻ. എല്ലാം വിധി. അല്ലാതെന്നാ പറയാനാ. ഷേർളി മൂക്ക് പിഴിഞ്ഞ് നൈറ്റിയിൽ തുടച്ചു. അവൾ അമർത്തിച്ചവിട്ടി നടന്നത് തന്റെ നെഞ്ചിലേക്കാണെന്ന് ബൈജുവിന് തോന്നി.
ബദാം മരക്കാലുകൾക്കിടയിലൂടെ ചരിഞ്ഞെത്തിയ വെയിൽ ഉച്ചിയിൽ തൊട്ടപ്പോൾ ബൈജു രാമചന്ദ്രൻ എഴുന്നേറ്റു. നഗരത്തിൽ ഇപ്പോൾ പരിചയക്കാരില്ല. തീർത്തും അപരിചിതൻ. ഒട്ടേറെ സുഹൃത്തുക്കളും പരിചയക്കാരുമുണ്ടായിരുന്നു. അവരൊക്കെ പൊയ് മറയ്ക്കുള്ളിലായി. എന്തിന് അധികം പറയണം, ഡിഗ്രി വിദ്യാർഥിനിയായ ബിൻസി മോൾപോലും തന്നെ വെറുക്കുന്നുണ്ടാകും. അതും കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ. ജോർജ് സാറും തന്നെ വെറുക്കുന്നുണ്ടാകും. ഈ പരിസരത്തൊക്കെ ചുറ്റിപ്പറ്റിയാണല്ലോ അയാളുടെ ജീവിതം.
അവന്റെ ലോകം കീഴ്മേൽ മറിയുന്നത് ബാലഭവനിലെ ക്ലാസിന്റെ അന്നായിരുന്നു. സാധാരണയായി ഞായറാഴ്ച ദിവസങ്ങളിൽ പൊൻകുന്നത്താണ് ക്ലാസ്. ഇൻസ്റ്റിറ്റ്യൂട്ടിരുന്ന കെട്ടിടം ഇടിഞ്ഞുപൊളിഞ്ഞ് വീണതുകൊണ്ടാണ് ക്ലാസ് അങ്ങോട്ടേക്ക് മാറ്റേണ്ടിവന്നത്.
രണ്ടാം ലോക മഹായുദ്ധത്തെപ്പറ്റിയാണ് തൊണ്ട കീറിയത്. ഹിസ്റ്ററി പഠിച്ചപ്പോൾ ഏറെ ഇഷ്ടപ്പെട്ട ഭാഗം. എൽ.ഡി.സി ഉദ്യോഗാർഥികൾക്ക് റഷ്യൻ പടയുടെ ഐതിഹാസിക പോരാട്ടത്തെപ്പറ്റി ഒന്നര മണിക്കൂർ വിവരിച്ചിട്ടും മതിവന്നില്ല. ശേഷം അടുത്ത ക്ലാസിൽ. ബേബി തിയറ്ററിലെ അനൗൺസർ രാജുവിനെപ്പോലെ പാതി നിർത്തി അവസാനിപ്പിച്ചു.
പുഞ്ചവയൽ കവലയിൽ ഇറങ്ങുമ്പോൾ ബസ് സ്റ്റോപ്പിൽ പതിവുപോലെ ആരെയോ ചൊറിഞ്ഞിരിക്കുകയായിരുന്നു വാവരുകാവ് സജി.
ടാ ബൈജുവേ, എന്തോന്നിനാടാ നാടുനീളെ പഠിപ്പിച്ച് നടക്കുന്നത്?.. മോള് ഫയങ്കര ഫെയ്മസല്ലേ?
എന്ത്?
പണ്ടത്തെ സ്വഭാവമായിരുന്നേൽ കൈ വീശിയൊന്ന് പൊട്ടിച്ചേനെ. എന്തയാർ സ്കൂളിലും കാഞ്ഞിരപ്പള്ളി കോളേജിലെ പ്രീഡിഗ്രി കാലത്തും ഒന്നിലധികം തവണ കോർത്തിട്ടുണ്ട്. നേർക്കുനേർ മുട്ടാൻ അവന് ധൈര്യമുണ്ടായിട്ടില്ല. ഒളിപ്പോരും ഏഷണി പറച്ചിലും ആവോളമുണ്ട്. കഴിഞ്ഞ അലുമ്നി മീറ്റിങ്ങിലെ തർക്കംപോലും ആ സ്പിരിറ്റിലേ കണ്ടിട്ടൊള്ളൂ. പോയ വർഷത്തെ സർവകലാശാല യുവജനോത്സവത്തിൽ ബിൻസി രണ്ട് സമ്മാനമടിച്ചപ്പോൾ വേണ്ടാതീനം പറഞ്ഞ് നടന്നവനാണ്. അന്ന് ഷെർളി ഗുരുദേവന്റെ പടത്തെ തൊടീച്ച് സത്യം ചെയ്യിപ്പിച്ചോണ്ടാ വഴക്കിനും വക്കാണത്തിനും പോകാഞ്ഞത്. അല്ലേൽ അവന്റെ നെഞ്ചിൻകൂട് കലക്കിയേനെ.
കഴുവേറി... അൽപം ഒച്ചതാഴ്ത്തി പറഞ്ഞു.
അലിയാരെ മധുരം കുറച്ച് സ്ട്രോങ്ങായിട്ടൊന്ന്. ബൈജു ചായക്ക് പറയുമ്പോൾ വരാന്തയിലെ ബെഞ്ചിലിരുന്ന് ഫോണിൽ തോണ്ടിയിരിക്കുകയായിരുന്നു രഞ്ജൻ സാറിന്റെ മകൻ സുബി. കൂടെ നാട്ടിലധികം കാണാത്ത ഒന്ന് രണ്ട് പിള്ളേർ. വയറ് കത്തിക്കാളി. ബൈജു ആർത്തിയോടെ അലമാരയിലിരുന്ന ചൂട് ബോണ്ടയിൽ
ഒന്നെടുത്ത് കടിച്ചു. പാന്റ്സിന്റെ പോക്കറ്റിൽ കിടന്ന ഫോൺ
ചിലച്ചു.
സജി കോളിങ്.
‘‘നീയാ വാട്സാപ്പ് നോക്കിയേ. ഒന്ന് രണ്ട് ഗ്രൂപ്പിൽ പോയത് പിള്ളേർക്ക് ആരോ അയച്ച് കൊടുത്തതാണ്.’’
നെഞ്ചിൻകൂട്ടിലൊരു ഇടിവെട്ടി. കൈ ആലിലപോലെ വിറപൂണ്ടു. അലിയാർ ഡെസ്കിൻ പുറത്തുവെച്ച ചായ ഗ്ലാസിൽനിന്ന് പൊങ്ങിയ ചൂട് നീരാവി ബൈജുവിന്റെ ദേഹത്തേക്ക് പകർന്നു. അവൻ ശരീരമാസകലം വിയർത്തുകുളിച്ചു.
എന്ത് പറ്റിയെടാ കുഞ്ഞേ? അലിയാരുടെ നനഞ്ഞ കൈത്തലം കൈമുട്ടിൽ പതിഞ്ഞു. ശരീരത്തിലെ തരിപ്പ് മാറിയപ്പോൾ അവന്റെ നിയന്ത്രണം വിട്ടു. നിനക്കിതെന്ത് പറ്റിയെടാ. ഭ്രാന്താണോ? എല്ലാത്തിനേയും കൊല്ലും! അലിയാരുടെ കത്രിക പൂട്ടിൽ അമരുമ്പോൾ ബൈജു ഉന്മാദിയെ പോലെ ആയിരുന്നു. കൊല്ലുമെന്ന് പറഞ്ഞാൽ കൊല്ലും! അവൻ ആരൊടെന്നില്ലാതെ അലറി. മുണ്ടക്കയം സ്റ്റേഷനിലെ ലോക്കപ്പിനുള്ളിലെ തണുപ്പ് ശരീരത്തിലേക്ക് നൂഴ്ന്ന് കയറിയപ്പോൾ കടന്നുപോയ മണിക്കൂറുകളെപ്പറ്റി ബൈജു അവ്യക്തമായി ഓർത്തു.
ഒന്നും രണ്ടുമല്ല. ആറെണ്ണത്തിന്റെ തലയാ അടിച്ചു പൊട്ടിച്ചത്. ജാമ്യത്തിന് ശകലം പാടാ. ഇള്ളാക്കുഞ്ഞ് അല്ലല്ലോ. റൈറ്റർ സജീവ് വക്കീലിനെ നോക്കി കടുപ്പിച്ചു. സ്റ്റേഷൻ ഓഫീസറുടെ ചോദ്യംചെയ്യൽ, രാത്രി മജിസ്ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കൽ. പതിനഞ്ച് ദിവസം റിമാൻഡ്. വായിച്ചും എഴുതിയും വിട്ട ഒരു ലോകത്തേക്ക് താൻ എടുത്തെറിയപ്പെട്ടപ്പോൾ അവൻ പകച്ചിരുന്നു. മുശട് മണം നിറഞ്ഞ സെല്ലിന്റെ അകം മനം പുരട്ടിച്ചു. ബിൻസി മോളുടെ ചിത്രങ്ങൾ. സുബിയും കൂട്ടുകാരും ആർത്ത് ചിരിച്ച് കണ്ട ദൃശ്യം. ഓർക്കുംതോറും അടിവയറ്റിലെന്തോ ഉരുണ്ട് കൂടുന്നതായി തോന്നും.
‘‘നാട്ടുകാരെ അഭിമുഖീകരിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് പറ്റിയ സ്ഥലമാണ്. നിനക്ക് സംശയമുണ്ടോ? ആരേലും പണി തന്നെങ്കിൽ തിരിച്ച് കൊടുക്കണം. അതാണ് രീതി. പിന്നെ നീ ആ പാവപ്പെട്ട പ്രൊഫസറുടെ മോനെ റൊട്ടിയാക്കിയിട്ട് എന്നാ കാര്യം. വക്കീല് പറഞ്ഞത് വെച്ച് നോക്കിയാല് കോളേജീന്ന് ലീക്കായതാ.’’ ദീക്ഷ തടവിക്കൊണ്ട് മറിയപ്പള്ളി സേവ്യർ പറഞ്ഞു.
ഒന്നും പറ്റില്ലെങ്കിൽ പട്ടിയെ പോലെ മോങ്ങിക്കോണം. കിട്ടുന്നതും മേടിച്ച് ഇനിയുള്ള കാലം കട്ടിലേൽ ചുരുളാം. പേട്ട നൗഷാദ് പരിഹസിച്ചു. എന്തായാലും നീ എന്റെ കാലൊന്നു തടവിക്കേ. നൗഷാദ് സെല്ലിലെ ഭിത്തിയിലേക്ക് ശരീരം താങ്ങി നിവർന്നിരുന്നു.
ഠഠഠഠ
ഉച്ചക്ക് ഒരു മണി. കോട്ടയം നഗരസഭയുടെ സൈറൺ മുഴങ്ങി. ക്ലോക്ക് ടവറിന്റെ മുകളിൽ കശപിശ കൂടിയിരുന്ന പ്രാവുകൾ പറന്നകന്നു. ബൈജു റോഡ് മുറിച്ച് നഗരത്തിരക്കിലേക്ക് അലിഞ്ഞുചേർന്നു.
ഏത് വേണം?
അവൻ ഓരോന്നായി എടുത്തുനോക്കി. പിടി അൽപ്പം ചെറുതാണെന്നേ ഉള്ളൂ. നല്ല മൂർച്ചയാണ്. തുളഞ്ഞ് കയറിക്കോളും. വെള്ളിപോലെ തിളങ്ങിയ അരികിലൂടെ കൈവിരൽ ഓടിച്ചപ്പോൾ ശകലമൊന്ന് പോറി.
ഇതെടുക്കട്ടെ സാറെ?
ഉം...
നല്ല സാധനമാണ്. 750 ആണ് വില. സാറായ കൊണ്ട് 700 മതി. രണ്ട് അഞ്ഞൂറിന്റെ ബാക്കി 300 രൂപ മടക്കിക്കൊടുത്തു. കടലാസിൽ ഭദ്രമായി പൊതിഞ്ഞ് തന്നത് അരയിലൊളിപ്പിച്ചു.
ചങ്ങനാശ്ശേരി ഫാസ്റ്റിൽ കയറിപ്പറ്റിയപ്പോൾ കാലുകൾ തരിച്ചു. ഇടക്കിടെ അരയിൽ തപ്പുന്നതു കണ്ട് അടുത്ത സീറ്റിലിരുന്ന ആൾ സൂക്ഷിച്ച് നോക്കി. ഒന്നുമില്ല. അവൻ കണ്ണിറുക്കി.
കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ സമര കോലാഹലങ്ങൾക്കിടെയാണ് സ്റ്റാൻഡിൽ ബസിറങ്ങിയത്. ബൈജു വാച്ചിലേക്ക് നോക്കി. കോളേജ് വിടാനിനി രണ്ട് മണിക്കൂറിലേറെ സമയമുണ്ട്. അവൻ അലസനായി ടൗണിലൂടെ നടന്നു. നസീർ, അനിൽ, അലക്സ് അവരിലാരെയെങ്കിലും റോഡിന്റെ ഏതെങ്കിലും കോണിൽ വെച്ചു കണ്ടുമുട്ടാം. വല്ലപ്പോഴും ഫോണിൽ വരുന്നതല്ലാതെ നേരിൽ കണ്ടിട്ട് വർഷങ്ങളായി. കൂട്ടിമുട്ടിയാൽ എന്ത് പറയും? ഒരെത്തുംപിടിയും കിട്ടിയില്ല.
34 വർഷം മുമ്പ് ചങ്ങനാശ്ശേരിയിൽ ടൗണിൽ ആദ്യം കാലുകുത്തുന്നത് പി.പി. ജോസ് സ്റ്റാൻഡിലാണ്. മുണ്ടക്കയം കവലയേക്കാൾ വലിയ പ്രദേശം. വീട്ടിൽ തിരിച്ചെത്തുമ്പോൾ ചങ്ങനാശ്ശേരിയെപ്പറ്റി നൂറു നൂറ് കഥകളുണ്ടായിരുന്നു പറയാൻ.അവിടവിടെയായി സർബത്ത് സ്റ്റാളുകളും മന്തിക്കടകളും പൊട്ടിമുളച്ചതൊഴിച്ചാൽ വലിയ മാറ്റമില്ല.
‘ഒരു വെള്ളം കുടിച്ചാലോ? ഒരു സോഡാനാരങ്ങാ വെള്ളം മിക്സ്. ’
‘‘എനിക്ക് കൂടി ഒന്ന്.’’
ബൈജു പിന്നിലേക്ക് നോക്കി. ഇയാളോ!
അയാൾ മുഖത്തൊരു ചിരി വരുത്തി. പിന്നെ അടിമുടിയൊന്ന് നോക്കി.
‘‘നീ പൂച്ചയെ കൊന്നിട്ടൊണ്ടോടാ?’’
‘‘ഇല്ല.’’
‘‘പിന്നെ നീയാണോടാ ആരാണ്ടെ തീർക്കാൻ പിച്ചാത്തിയും തിരുകി നടക്കുന്നത്?’’ അയാൾ പുച്ഛത്തോടെ നാരങ്ങാവെള്ള ഗ്ലാസ് തൊണ്ടയിലേക്ക് തള്ളി.
അയാളെ നോക്കി പ്രതിമപോലെ കുറെ നേരം നിന്നല്ലാതെ ബൈജു ഒന്നും മിണ്ടിയില്ല.
‘‘നമുക്കൊന്ന് നടന്നാലോ?’’
അയാളുടെ പിന്നാലെ അനുസരണയുള്ള കുട്ടിയെ പോലെ നടക്കുമ്പോൾ ബൈജു ബിൻസി മോളെ ഓർത്തു.
പുഴവാത് റോഡിലൂടെ നടന്ന് ചിത്രക്കുളത്തിന്റെ മുന്നിലെ കാട് കയറിയിറങ്ങിയ പടവുകളിലൊന്നിൽ ഇരിപ്പുറപ്പിച്ചു. പേര് പറഞ്ഞില്ലെങ്കിലും ബൈജു അയാളെ മിസ്റ്റർ എക്സ് എന്ന് വിളിക്കാനാണ് ഇഷ്ടപ്പെട്ടത്. എന്തുകൊണ്ട് അങ്ങനെ? അങ്ങനെയൊരു മറുചോദ്യം അവൻ ഇഷ്ടപ്പെട്ടില്ല. ജില്ലാ ജയിലിലെ റിമാൻഡ് കാലത്ത് അയാളെ കണ്ടിട്ടുണ്ട്.
‘‘നിനക്കറിയാമോ ഞാനൊരു കള്ളനാണ്. വെറും കള്ളനല്ല. അമ്പലക്കള്ളൻ.’’
കുളവാഴകൾക്കിടയിലേക്ക് ചെറിയ മെറ്റൽ കഷ്ണമെറിഞ്ഞ് കളിച്ച ബൈജുവിന് അയാളുടെ വെളിപ്പെടുത്തൽ വലിയ ഞെട്ടലുണ്ടാക്കിയില്ല.
ചോരയുടെ രുചിയറിയാനെത്തിയ കൊതുകുകളെ ഇടംകൈകൊണ്ട് തുരത്തുന്നതിനിടെ മിസ്റ്റർ എക്സ് അയാളുടെ കഥ പറഞ്ഞു തുടങ്ങി. കടപ്പനക്കടുത്ത് തോപ്രാംകുടിയിലാണ് വീട്. എട്ടാം ക്ലാസിൽ മൂന്നുവട്ടം പൊട്ടിയപ്പോൾ അപ്പനൊപ്പം കുരുമുളക് പറിക്കാൻ പോയാണ് തുടക്കം. പിന്നെ റബർ പാലെടുക്കലായി. പത്തൊമ്പതാം വയസ്സിൽ ഈശ്വർ പാപ്പി ടാപ്പിങ് കത്തി കയ്യിൽ വെച്ച് തന്നു. മുതുമരം വെട്ടുന്നതിന് 50 പൈസയായിരുന്നു കൂലി. തുടക്കത്തിൽ 45-50. പിന്നെ 80-90. പിന്നെ അത് 350 എണ്ണം വരെയായി. പല്ല് കൂട്ടിമുട്ടുന്ന കൊച്ചു വെളുപ്പാൻകാലത്ത് ഇറങ്ങുമ്പോൾ കുത്തിമറിച്ചിടാൻ വരുന്ന കാട്ടുപന്നിയെ മാത്രമായിരുന്നു പേടി.
‘‘അവൻ നേർക്കുനേർ വന്നാൽ നീയാ ഹെഡ്സെറ്റ് അവന്റെ കണ്ണിന് നേരെയങ്ങ് പിടിച്ചേക്കണം. പേടിച്ചാൽ അവൻ നിന്റെ തീട്ടമെടുക്കും.’’
ഇന്ദ്രനേയും ചന്ദ്രനേയും പേടിയില്ലാത്തവനാണ് അപ്പനെന്നാണ് പറച്ചിൽ. പക്ഷേ, ആകെ പേടി പന്നിയെ ആയിരുന്നു.
ഹൈറേഞ്ചിലെ മരക്കാലുകൾപോലും തണുത്ത് വിറയ്ക്കുന്ന ഒരു ധനുമാസക്കാലം. എനിക്ക് 22 തികഞ്ഞതിന്റെ പിറ്റേന്ന്. വെളുപ്പിന് നാലാംമണിക്ക് വല്യമ്മച്ചി തെളപ്പിച്ച കടുംകാപ്പിയും മോന്തിയിട്ടാണ് ഇറങ്ങിയത്. വഞ്ചിപ്പടിക്ക് താഴത്തെ തിട്ടയിൽ മൂലയ്ക്ക് ഇരിക്കുന്നവന്റെ തൊലിയിലാണ് ആദ്യം കത്തിയിറക്കുന്നത്. ഹെഡ്സെറ്റിന്റെ മഞ്ഞവെട്ടത്തിൽ അതിന്റെ കറ വെള്ളിവരപോലെ താഴേക്ക് കിനിഞ്ഞിറങ്ങുന്നത് രസിച്ചിരിക്കുമ്പോഴാണ് എവടെന്നോ ഒരു മുക്രശബ്ദം കേട്ടത്. നോക്കുമ്പോൾ എട്ട്-പത്തെണ്ണം കാണും.
ഒരുത്തനെ ആണെങ്കിൽ നേരിടാം. കാട്ടുകല്ലുകൾ ചവിട്ടിത്തെറിപ്പിച്ച് ഓടിക്കയറിയത് റോഡരികിലെ കാണിക്ക മണ്ഡപത്തിലാണ്. അൽപം കിളരമുള്ളിടത്ത് പന്നി കയറില്ലെന്ന് കരുതി വഞ്ചിയുടെ കീഴിൽ പതുങ്ങിക്കൂടി. രാവിലെ വെളക്ക് കത്തിക്കാൻ വന്ന ഇഞ്ചക്കാരൻ ഷാജിയാണ് വിളിച്ച് പൊക്കിയത്. കുറച്ച് മരവും വെട്ടി തലേന്നത്തെ ഷീറ്റുമടിച്ച് കിടന്നപ്പോൾ മണി ഒരു പതിന്നൊന്നരയായി കാണും. ഓടിളക്കി വന്ന വെയിലിൽ അണ്ണാക്കിലേക്ക് ചോറുരുള അണ്ണാക്കിലേക്ക് തള്ളി. തൈരും കാന്താരിയും പൊട്ടിച്ചതും കൂട്ടി തട്ടാൻ പ്ലേറ്റിലേക്ക് രണ്ടാമത് ചോറിട്ടപ്പോൾ മിറ്റത്തൊരു ആൾക്കൂട്ടം.
അവനുണ്ട്... ഞാൻ പറഞ്ഞില്ലേ... ഉണ്ടെന്ന്. കള്ളക്കഴുവേറി... ചാരിയിട്ട കതക് തള്ളി വന്ന പോലീസുകാരിലൊരു സാറ് ഇടത്തെ ചെവിക്കല്ലിന് കീഴെ ഒരു പോട് തന്നു. പിന്നെ സ്റ്റേഷനിലെ ആദ്യത്തെ ഇടിയിലെ ജട്ടി നനഞ്ഞു. കണ്ണും മൂക്കുമില്ലാത്ത ഇടിയിൽ കാണിക്കവഞ്ചി മോഷണം ഞാനങ്ങ് ഏറ്റെടുത്തു. കട്ടപ്പന കോടതീൽ ചെന്നപ്പോളാണ് അറിഞ്ഞത് 16 കേസുകളുണ്ടെന്ന്. ജീവിതത്തിലിതുവരെ ഒരു കാണിക്കവഞ്ചി തുറന്ന് കാണാത്തവന്റെ പേരിൽ കാമാക്ഷിയിലും തൊടുപുഴയിലും പാലായിലുമൊക്കെ വെല്ലവനും പൊട്ടിച്ചത് പതിപ്പിച്ചു.
ഏമാന്മാർ മേടിച്ചുതന്ന തൊഴിലു പിന്നെ വിട്ടില്ല. കൂടെ ഇവനുമുണ്ട്. മിസ്റ്റർ എക്സ് പ്ലാസ്റ്റിക് കവർ തുറന്ന് പേപ്പറിൽ പൊതിഞ്ഞുവെച്ച ടാപ്പിങ് കത്തി പുറത്തെടുത്തു. കാണിക്കവഞ്ചീടെ പൂട്ടും ഇവനിട്ടൊരു പിടിത്തംപിടിച്ചാലുണ്ടല്ലോ? കർ...പ് എന്ന് പറഞ്ഞങ്ങ് തൊറന്നോളും.
കാണണോ നിനക്ക്? ബൈജു ഒന്നും മിണ്ടിയില്ല.
സൂര്യൻ താണ് ഇരുട്ടിന് കനംവെച്ചപ്പോൾ അവർ തെക്കോട്ട് നടന്നു. മിസ്റ്റർ എക്സിന്റെ നടത്തം അവൻ ശ്രദ്ധിച്ചു. ചെവി വട്ടം പിടിച്ച്, പൂച്ചയെ പോലെ. ഓടയിലേക്ക് ഊളിയിട്ടിറങ്ങുന്ന എലികളുടെ ചലനംപോലും അയാൾ ശ്രദ്ധിക്കുന്നുണ്ട്. നടന്ന് നടന്ന് വേട്ടടിയിലെത്തിയപ്പോൾ കാലുകൾ നീരുവെച്ച് മന്തു പോലെയായി. ഒന്ന് ഇരുന്നാലോ?.. അയാളെ നോക്കി. ചാരിയിട്ട ഗേറ്റ് തള്ളി നീക്കി ആൽത്തറയിൽ നെടുനീളത്തിൽ കിടന്നു. ഈ വളപ്പിലെവിടെയോ ആണ് എട്ടുവീട്ടിൽ പിള്ളമാരെ കുടിയിരുത്തിയതെന്ന് കേട്ടിട്ടുണ്ട്. തെക്ക് കിഴക്ക് ദിശയിൽനിന്ന് വന്ന കാറ്റ് രൗദ്രതാളത്തിൽ ഇലഞ്ഞിക്കമ്പുകളെ തൊട്ടപ്പോൾ അവൻ കണ്ണുപൂട്ടി കിടന്നു.
പാതിമയക്കത്തിലെപ്പോഴോ കുളമ്പടി ശബ്ദം കേട്ടു. ഇങ്ങോട്ടേക്കാണോ? അവൻ ചെവി വട്ടംപിടിച്ചു. ഒന്നും രണ്ടുമല്ല. പത്ത്-അമ്പതെണ്ണം കാണും. ആർത്ത് അട്ടഹസിച്ചാണ് വരവ്, തിരുവിതാംകൂർ സൈന്യത്തിന്റെ വരവ്. അവന്റെ നാവ് വരണ്ടു. മിസ്റ്റർ എക്സിനെ തോണ്ടി. നാശം. ശവംപോലെ കിടക്കുകയാണ്.
തെക്കുംകൂർ മാർത്താണ്ഡവർമയുടെ കയ്യിലാകും. അതിനുമുമ്പ് എന്തെങ്കിലും ചെയ്യണം. ഉടവാളെടുത്ത് മുറുക്കെ പിടിച്ചു. മതിൽക്കെട്ട് ആദ്യം കടന്നുവരുന്നവനെ തന്നെ തീർക്കണം. ആൽമരച്ചുവട്ടിൽ പമ്മിയിരുന്നാൽ കുന്ന് കയറുന്നവരെ കാണാം. മുന്നിൽ ചുവപ്പ് പട്ട് കച്ചയുടുത്ത് സൗമിനിയുടെ മകൻ.
ചെറ്റ.
ഇവനല്ലേ ബിൻസിമോളുടെ നഗ്നദൃശ്യമെടുത്ത് നാടു മുഴുവൻ കാണിച്ചത്. കഴുവേറിെയ ഇന്ന് തീർക്കണം. ബൈജു ദിഗന്തംപൊട്ടുമാറ് അലറി. കൊല്ലെടാ അവനെ. വാളുമായി ഉയർന്നു പൊങ്ങി താണു. അവനെ കൊല്ലും!
എന്താ? എന്തുപറ്റി. നിങ്ങൾക്ക് ചെവി കേൾക്കില്ലെ?.. അടുക്കളയിൽനിന്ന് ഓടിവന്ന ഷേർളി മാക്സിയിൽ കൈ തുടച്ചിട്ട് കട്ടിലിൽനിന്ന് തറയിൽ വീണ് കിടന്ന ബൈജുവിനെ പിടിച്ച് എഴുന്നേൽപ്പിച്ചു.
കൊല്ലും. ഞാനവനെ!
ആരെ? ഷേർളി നെറ്റിചുളിച്ചു.
എന്റെ പെങ്കൊച്ചിനെ പെഴപ്പിക്കാൻ നോക്കിയ സൗമിനിയുടെ മോനെ.
നിങ്ങൾ എന്ത് പ്രാന്താ മനുഷ്യാ പറയുന്നത്. ദീപുവും അവളുമായിട്ടുള്ള കല്യാണം കഴിഞ്ഞിട്ട് എത്ര കൊല്ലമായി. നിങ്ങൾക്ക് വെല്ല ഓർമയുമുണ്ടോ? എനി പഴേത് ഓരോന്നെടുത്ത് കുത്തിക്കൊണ്ടിരുന്നോണം. ദേ പിന്നെ ചായയിട്ടത് മേശപ്പുറത്തിരിപ്പുണ്ട്.
ടീപ്പോയിലിരുന്ന ഷേർളിയുടെ ഫോൺ ശബ്ദിച്ചു. ബിൻസി ദീപു കോളിങ്. അപ്പുറത്തെ മുറിയിലിരുന്ന് അവർ പറഞ്ഞു.
‘‘അച്ഛനൊരു മാറ്റവുമില്ലെടി. മരുന്നും മന്ത്രവുമൊക്കെ ആവശ്യത്തിനുണ്ട്. ഓർമക്കുറവെന്ന് പറഞ്ഞാൽ ഇങ്ങനെയുണ്ടോ. ഇപ്പോ സെക്കെന്റ് സ്റ്റേജിലായെന്നാ സൈമൺ ഡോക്ടർ പറഞ്ഞത്.’’
വൈകിട്ടത്തെ നടപ്പിന് മുമ്പായി ബൈജുവിന്റെ ഷർട്ടിന്റെപോക്കറ്റിലേക്ക് പതിവുപോലെ ഷേർളി ഒരു കുറിപ്പിട്ടു. അവനാ കുറിപ്പെടുത്ത് വായിച്ചു. ബൈജു രാമചന്ദ്രൻ. Clo പി.വി. ഷേർളി. താഴെ എഴുതിയിട്ട പത്തക്ക നമ്പർ എത്ര ശ്രമിച്ചിട്ടും വായിക്കാനായില്ല.
പുറത്ത് മഴ ചാറുന്നുണ്ട്. കുടയെടുത്ത് പുറത്തേക്കിറങ്ങിയെങ്കിലും മടി തോന്നി. കാലു വഴുതുന്നതുപോലെ. തിരികെ സിറ്റൗട്ടിലേക്ക് കയറി. കോളിങ് ബെല്ലടിച്ച് ഷേർളിയെ ശല്യപ്പെടുത്തേണ്ടെന്ന് വിചാരിച്ചു. കസേര നീക്കിയിട്ടിട്ട് തിണ്ണയിലേക്ക് ഒരു ഇരിപ്പിരുന്നു. മുമ്പ് തിരുനക്കര മൈതാനത്ത് ഇരുന്നപോലെ.