കെങ്കേരി - ചല്ലഘട്ട മെട്രോ പാത സെപ്റ്റംബറിനകം
text_fieldsബംഗളൂരു: ബൈയ്യപ്പനഹള്ളി - കെ.ആര്. പുരം മെട്രോ പാത ജൂലൈയില്‍ പൂര്‍ത്തിയാകുമെന്നും കെങ്കേരി - ചല്ലഘട്ട പാത ആഗസ്റ്റിലോ സെപ്റ്റംബറിലോ പൂര്‍ത്തിയാകുമെന്നും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ പറഞ്ഞു. ബംഗളൂരു മെട്രോ റെയില്‍ കോർപറേഷന് ലിമിറ്റഡിന്റെ (ബി.എം.ആര്.സി.എല്‍) വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാന്തിനഗറിലെ ബി.എം.ആര്.സി.എല്‍ ഓഫിസില്‍ നടന്ന യോഗത്തില്‍ ബി.എം.ആര്.സി.എല്‍ മാനേജിങ് ഡയറക്ടര്‍ അഞ്ജും പര്‍വേസ് ഉള്‍പ്പെടെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
നാഗസാന്ദ്ര- മാധവാര പാത സെപ്റ്റംബറിലോ ഒക്ടോബറിലോ പൂര്‍ത്തിയാകും. ബൊമ്മസാന്ദ്ര - ആര്.വി റോഡ് പാത ഒക്ടോബറിലോ നവംബറിലോ പൂര്‍ത്തിയാകും. സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡ് - കെ.ആര് പുരം പാതയും എയര്‍പോര്‍ട്ട് പാതയും 2026 ജൂണില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. സര്ജാപുരയില്നിന്ന് ഹെബ്ബാളിലേക്കുള്ള മൂന്നാംഘട്ട പദ്ധതിയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് പൂര്‍ത്തിയായി വരുകയാണെന്നും ശിവകുമാര്‍ അറിയിച്ചു.
മെട്രോയുടെ വരുമാനം വർധിപ്പിക്കാനുള്ള കാര്യങ്ങളും ചർച്ച ചെയ്തു. അധികവരുമാനം ഉണ്ടാക്കാൻ മെട്രോ തൂണുകളിലുള്പ്പെടെയുള്ള പരസ്യ വിലക്ക് ഒഴിവാക്കും. പ്രവർത്തന ചെലവ് കുറക്കാന്‍ സബ്സിഡി നിരക്കില്‍ വൈദ്യുതി ലഭ്യമാക്കുന്ന കാര്യം ആലോചിക്കും. രാത്രി 11ന് ശേഷവും സര്‍വിസ് നടത്തുന്ന കാര്യവും ചര്‍ച്ചയായി. രാത്രി മാത്രം നടക്കുന്നതിനാല്‍ മെട്രോ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പതിയെ ആണ് പുരോഗമിക്കുന്നതെന്നും ഇത് മറികടക്കാനുള്ള മാർഗവും ചർച്ചയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.