Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightആരാധനാലയ നിയമത്തിൽ...

ആരാധനാലയ നിയമത്തിൽ സുപ്രീംകോടതി ഇടപെടുമ്പോൾ

text_fields
bookmark_border
ആരാധനാലയ നിയമത്തിൽ സുപ്രീംകോടതി ഇടപെടുമ്പോൾ
cancel

ചരിത്രപ്രാധാന്യമുള്ള മസ്ജിദുകളിലും ദർഗകളിലുമെല്ലാം അവകാശവാദമുന്നയിച്ച് രാജ്യത്ത് ഭീതിയും സംഘർഷവും പടർത്താനുള്ള സംഘ്പരിവാർ നീക്കത്തിന് താൽക്കാലികമായെങ്കിലും തിരിച്ചടിയേകുന്നതാണ് ആരാധനാലയ നിയമം സംബന്ധിച്ച് കഴിഞ്ഞദിവസം സുപ്രീംകോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ്. മുസ്‍ലിം ആരാധനാലയങ്ങളുടെ അവകാശവാദത്തെച്ചൊല്ലിയുള്ള പുതിയ ഹരജികളൊന്നും കീഴ്കോടതികൾ പരിഗണിക്കരുതെന്നും നിലവിൽ നടന്നുകൊണ്ടിരിക്കുന്ന കേസുകളിൽ സർവേ അനുവദിക്കുന്നതടക്കമുള്ള ഉത്തരവുകളുണ്ടാകരുതെന്നുമാണ് പരമോന്നത നീതിപീഠം കൽപിച്ചിരിക്കുന്നത്. ആരാധനാലയ നിയമത്തിന്റെ സാധുത സുപ്രീംകോടതിതന്നെ പരിശോധിക്കുമെന്നും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടതോടെ, നിലവിൽ ഇതുസംബന്ധിച്ച് നടന്നുകൊണ്ടിരിക്കുന്ന നിയമവ്യവഹാരങ്ങളെല്ലാം താൽക്കാലികമായെങ്കിലൂം അവസാനിച്ചിരിക്കുകയാണ്.

ഉത്തർപ്രദേശിലെ വാരാണസിയിലുള്ള ഗ്യാൻവാപി മസ്ജിദ്, മഥുരയിലെ ശാഹി ഈദ് ഗാഹ്, സംഭൽ ശാഹി ജുമാ മസ്ജിദ്, രാജസ്ഥാനിലെ അജ്മീർ ദർഗ തുടങ്ങിയ ആരാധനാലയങ്ങളുടെ മേൽ അവകാശവാദമുന്നയിച്ച് ബി.ജെ.പി നേതാക്കളും മറ്റു ഹിന്ദുത്വവാദികളും സമർപ്പിച്ച ഹരജികളാണ് വിവിധ കോടതികളുടെ പരിഗണനയിലുള്ളത്. ചില ഹരജികളിൽ കേന്ദ്ര പുരാവസ്തു വകുപ്പിന്റെ (എ.എസ്.ഐ) സർവേയും നടന്നുകൊണ്ടിരിക്കുന്നു. ഈ ആരാധനാലയങ്ങളെല്ലാം മുമ്പ് ഹിന്ദു ക്ഷേത്രങ്ങളായിരുന്നുവെന്നും മുഗൾ ചക്രവർത്തിമാർ അവ തകർത്ത് മസ്ജിദുകളാക്കി പരിവർത്തിപ്പിച്ചുവെന്നും അവകാശപ്പെട്ടായിരുന്നു ഹരജികളെല്ലാം. ഇത്തരത്തിൽ, ആരാധനാലയങ്ങൾ ‘തിരിച്ചുപിടിച്ച്’ ഹിന്ദുത്വയുടെ സ്വാഭിമാനം വീണ്ടെടുക്കാനുള്ള പോരാട്ടം എന്ന പ്രഖ്യാപനത്തോടെ സർക്കാറിന്റെ ഒത്താശയോടെ നടന്നുകൊണ്ടിരിക്കുന്ന വ്യവഹാരങ്ങൾക്കാണ് അതിന്റെ സംഘർഷവ്യാപ്തി മനസ്സിലാക്കി പരമോന്നത നീതിപീഠം താൽക്കാലിക വിലക്കേർപ്പെടുത്തിയിരിക്കുന്നത്. സുപ്രീംകോടതി തീർപ്പ് കൽപിക്കുംവരെയെങ്കിലും ഇക്കാര്യത്തിൽ ആശ്വസിക്കാനുള്ള വകയുണ്ട്.

1980കളിൽ, ബാബരി മസ്ജിദ് വിഷയവുമായി ബന്ധപ്പെട്ട് എൽ.കെ. അദ്വാനി അടക്കമുള്ള മുതിർന്ന സംഘ്പരിവാർ നേതാക്കൾ ഉയർത്തിവിട്ട അത്യന്തം വിദ്വേഷജനകമായ പ്രചാരണങ്ങളും നിയമപോരാട്ടങ്ങളുമെല്ലാം രാജ്യത്തെ കടുത്ത വർഗീയ സംഘർഷത്തിലേക്ക് തള്ളിവിട്ടപ്പോഴാണ് 1991ൽ, നരസിംഹ റാവു സർക്കാർ ആരാധനാലയ നിയമം കൊണ്ടുവന്നത്. അയോധ്യയും ബാബരി മസ്ജിദും കേവലം മുന്നൊരുക്കം മാത്രമാണെന്നും ഗ്യാൻവാപിയും ശാഹി ഈദ് ഗാഹുമെല്ലാം അതേ മാതൃകയിൽ പിടിച്ചെടുക്കുമെന്നും അന്നേ വി.എച്ച്.പി ഉൾപ്പെടെയുള്ള ഹിന്ദുത്വ സംഘടനകൾ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. അതിനാൽ, ബാബരിക്കുശേഷം മറ്റൊരു ആരാധനാലയവും ന്യൂനപക്ഷങ്ങൾക്ക് നഷ്ടപ്പെടാതിരിക്കാനും കൂടുതൽ സംഘർഷങ്ങൾ ഒഴിവാക്കാനുമായുള്ള തന്ത്രപ്രധാനമായ ഇടപെടലായിരുന്നു ആരാധനാലയ നിയമം. ഇതുപ്രകാരം, 1947 ആഗസ്റ്റ് 15ന് ഉണ്ടായിരുന്ന അവസ്ഥയിൽതന്നെ നിലനിർത്തണമെന്ന് നിഷ്കർഷിച്ചിരുന്നതിനാൽ പ്രസ്തുത ആരാധനാലയങ്ങളുടെ ചരിത്രം സംബന്ധിച്ച് എന്തുതന്നെ തർക്കമുന്നയിച്ചാലും അവകാശവാദവുമായി ആർക്കും കോടതിയിൽ പോവാനും കഴിയുമായിരുന്നില്ല. നിയമത്തിൽ ആകെ ഇളവ് കൽപിച്ചത് ബാബരി മസ്ജിദ് വിഷയത്തിലായിരുന്നു.

രാജ്യം അന്ന് നേരിട്ട സന്ദിഗ്ധഘട്ടത്തെ ചില വിട്ടുവീഴ്ചകളിലൂടെ മറികടക്കാനുള്ള നീക്കമായിരുന്നു പ്രസ്തുത നിയമമെന്ന് ഇതുസംബന്ധിച്ച് പാർലമെന്റിൽ നടന്ന ചർച്ചകൾ വ്യക്തമാക്കുന്നുണ്ട്. ബി.ജെ.പി ഒഴികെയുള്ള മുഴുവൻ കക്ഷികളും അതുകൊണ്ടാണ് നിയമത്തെ അനുകൂലിച്ചത്. അതെന്തായാലും, ആരാധനാലയ നിയമം ആ വർഗീയ സംഘർഷങ്ങൾക്കും നിയമവ്യവഹാരങ്ങൾക്കും വലിയ പ്രതിരോധം തീർത്തു. 1997ൽ, ഗ്യാൻവാപി മസ്ജിദിനു മേൽ അവകാശവാദം ഉന്നയിച്ച് യു.പിയിൽ ഒരു ഹിന്ദുത്വ സംഘടന കോടതിയെ സമീപിച്ചപ്പോൾ ആരാധനാലയ നിയമം ചൂണ്ടിക്കാട്ടി നീതിപീഠം അത് തള്ളി. ഏതാണ്ട് രണ്ട് പതിറ്റാണ്ട് ആ നിയമം രാജ്യത്തിന്റെ മതേതരത്വത്തിനും ആരാധനാ സ്വാതന്ത്ര്യത്തിനും കരുത്തേകി. എന്നാൽ, 2019ൽ, അയോധ്യ കേസിൽ രാമക്ഷേത്ര ട്രസ്റ്റിന് അനുകൂലമായി വിധി വന്നതോടെ കാര്യങ്ങൾ മാറിമറിയാൻ തുടങ്ങി. പ്രസ്തുത വിധിയിൽ ആരാധനാലയ നിയമത്തിന്റെ സാധുത സുപ്രീംകോടതി ശരിവെച്ചിരുന്നുവെങ്കിലും ചില പഴുതുകളുണ്ടായിരുന്നു. അതുപയോഗിച്ചാണ് വീണ്ടും ഗ്യാൻവാപി വിഷയം ഉയർത്തിക്കൊണ്ടുവരാൻ ബി.ജെ.പിക്കായത്. വിഷയം ആദ്യം മുൻസിഫ് കോടതിയിലും പിന്നീട് അലഹബാദ് ഹൈകോടതിയിലും അതുകഴിഞ്ഞ് സുപ്രീംകോടതിയിലും എത്തിയപ്പോഴെല്ലാം ആരാധനാലയ നിയമത്തിന് വിരുദ്ധമാണെന്ന് പരാമർശിക്കാൻ ഒരു ന്യായാധിപനും തയാറായില്ല എന്നത് വിചിത്രമാണ്.

എന്നല്ല, ഗ്യാൻവാപിയിൽ എ.എസ്.ഐ സർവേ സംബന്ധിച്ച അപ്പീൽ ഹരജിയിൽ വാദം കേൾക്കുമ്പോൾ മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നിരീക്ഷിച്ചത് ആരാധനാലയങ്ങളുടെ സ്വഭാവം പരിശോധിക്കുന്നതിൽ തെറ്റില്ല എന്നായിരുന്നു. ഈ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് അടിതുരന്ന് സർവേ നടത്താൻ എ.എസ്.ഐക്ക് അലഹബാദ് ഹൈകോടതി നിർദേശം നൽകിയത്. സംഭലിൽ സർവേക്ക് അനുമതി ലഭിച്ചതും ഇതേ നിരീക്ഷണം പരാമർശിച്ചായിരുന്നു. ഇത്തരത്തിൽ പത്ത് മുസ്‍ലിം ആരാധനാലയങ്ങളാണിപ്പോൾ എ.എസ്.ഐയുടെ പരിശോധന ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇതോടെ ആരാധനാലയ നിയമം തന്നെ ഫലത്തിൽ അപ്രസക്തമായി. ഇതിനു സമാന്തരമായാണ് നിയമത്തിന്റെ സാധുതതന്നെ ചോദ്യംചെയ്ത് ബി.ജെ.പി നേതാക്കൾ സുപ്രീംകോടതിയിൽ പോയത്. അത് അയോധ്യ വിധിയുടെ പശ്ചാത്തലത്തിലായിരുന്നുവെന്നത് ഒട്ടും യാദൃച്ഛികവുമല്ല. അഞ്ച് വർഷത്തിനുശേഷം വിഷയം പരിഗണനക്കെടുത്തപ്പോൾ നിലവിലുള്ള വ്യവഹാരങ്ങൾക്ക് അത് തിരിച്ചടിയായത് മറ്റൊരു വിഷയം.

ആരാധനാലയ നിയമത്തിലെ മൂന്ന്, നാല് വകുപ്പുകളുടെ സാധുതയാണ് ജസ്റ്റിസ് ഖന്നയും സംഘവും പരിശോധിക്കുക. ആരാധനാലയത്തിനു മേൽ മറ്റൊരു മതവിഭാഗമോ അല്ലെങ്കിൽ നിലവിൽ നിയന്ത്രണമുള്ള വിഭാഗത്തിലെ തന്നെ അവാന്തര വിഭാഗങ്ങളോ അവകാശവാദമുന്നയിക്കുന്നത് വിലക്കുന്നതാണ് മൂന്നാം വകുപ്പ്; ആരാധനാലയത്തിന്റെ സ്വഭാവം മാറ്റുന്നതുമായി ബന്ധപ്പെട്ടാണ് നാലാം വകുപ്പ്. ഇക്കാര്യം നീതിപീഠം പരിശോധിക്കുമ്പോൾ, കേന്ദ്രസർക്കാർ നിലപാട് അതിനിർണായകമാണ്. രാമക്ഷേത്രം പ്രഖ്യാപിത അജണ്ടയായി സ്വീകരിക്കുകയും അത് നടപ്പാക്കുകയും ചെയ്തൊരു ഭരണകൂടത്തിന് ഇക്കാര്യത്തിൽ എന്തു സമീപനമായിരിക്കുമെന്നത് ഊഹിക്കാവുന്നതേയുള്ളൂ. വിഷയത്തെ സങ്കീർണമാക്കുന്ന വേറെയും ചില ഘടകങ്ങൾ ഇതിനകം പുറത്തുവന്നു കഴിഞ്ഞിട്ടുണ്ട്. ഗ്യാൻവാപിയിൽ എ.എസ്.ഐ നടത്തിയ സർവേ ഫലങ്ങൾ അവർ പുറത്തുവിട്ടിട്ടുണ്ട്. അത് ഹിന്ദുത്വയുടെ അവകാശവാദങ്ങളെ ശരിവെക്കുന്നതുമാണ്. മാത്രവുമല്ല, അവിടെ ഇപ്പോൾ പൂജക്ക് അനുമതിയും നൽകിയിട്ടുണ്ട്. സമാനമാണ് മധ്യപ്രദേശിലെ ഭോജ്ശാല മസ്ജിദിന്റെ കാര്യവും. അഥവാ, ഒരുവശത്ത് നിയമപോരാട്ടം നടക്കുമ്പോൾതന്നെ ‘പിടിച്ചടക്കൽ’ മറ്റൊരു ഭാഗത്തുകൂടി നടന്നുവരുന്നുണ്ട്. ഇതിനെ സുപ്രീംകോടതി എങ്ങനെ നോക്കിക്കാണുമെന്ന് കാത്തിരുന്നു കാണണം. അതുകൊണ്ടുതന്നെ, ഇപ്പോഴത്തെ സുപ്രീംകോടതി ഇടപെടലിന്റെ ആശ്വാസം താൽക്കാലികമാണെന്നേ പറയാനാകൂ. നീതിപീഠത്തിന്റെ തുടർനടപടികളെ ആശ്രയിച്ചിരിക്കും മതേതര ഇന്ത്യയുടെ ഭാവി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam EditorialPlaces Of Worship Act 1991
News Summary - Madhyamam Editorial on Supreme Court intervenes of Worship Act 1991
Next Story