‘നിർമിത ബുദ്ധി മനുഷ്യനെ കൊന്നു ?’; യുക്രെയിനിനെതിരെ എ.ഐ ആയുധം പ്രയോഗിച്ച് റഷ്യ, വിമാനം വെടിവെച്ചിട്ടു
text_fieldsരണ്ട് വർഷത്തിനുള്ളിൽ ‘അനേകം മനുഷ്യരെ കൊല്ലാനുള്ള’ ശക്തി നിർമിത ബുദ്ധി കൈവരിക്കുമെന്ന് യുകെ പ്രധാനമന്ത്രി റിഷി സുനകിന്റെ ഉപദേശകനായ മാറ്റ് ക്ലിഫോര്‍ഡ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ, ദിവസങ്ങൾക്കകം തന്നെ അത്തരമൊരു റിപ്പോർട്ട് വന്നതിന്റെ ഞെട്ടലിലാണിപ്പോൾ ലോകം. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ, 15 മാസമായി നീളുന്ന യുക്രെയ്നിനെതിരായ യുദ്ധത്തിൽ റഷ്യയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ ആദ്യത്തെ നരഹത്യ നടത്തിയത്.
തങ്ങളുടെ എസ്-350 വിത്യാസ് എന്ന വ്യോമ പ്രതിരോധ സംവിധാനം ഒരു യുക്രേനിയൻ വിമാനത്തെ വെടിവച്ചു വീഴ്ത്തിയതായാണ് റഷ്യ അവകാശപ്പെടുന്നത്. ഓട്ടോമാറ്റിക് മോഡിൽ പ്രവർത്തിക്കുന്ന എയർ ഡിഫൻസ് സിസ്റ്റം ഒരു അസാധാരണമായ ദൗത്യം പൂർത്തിയാക്കിയതായി റഷ്യൻ ഉപ പ്രധാനമന്ത്രി സ്ഥിരീകരിച്ചു. ഇത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നടത്തുന്ന ആദ്യത്തെ കൊലപാതകമാണ്.
എൻവിഒ സോണിൽ പ്രവർത്തിക്കുന്ന വിത്യാസ് വിമാനവേധ മിസൈൽ സംവിധാനം, ഓപ്പറേറ്റർമാരുടെ ഇടപെടലില്ലാതെ യുക്രേനിയൻ വ്യോമ ടാർഗറ്റുകൾ സ്വയം കണ്ടെത്തുകയും ട്രാക്കുചെയ്യുകയും നശിപ്പിക്കുകയും ചെയ്തുകൊണ്ട് സമാനതകളില്ലാത്ത കഴിവുകൾ പ്രകടിപ്പിച്ചതായി മന്ത്രി അറിയിച്ചു. യുദ്ധസാഹചര്യങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ഒരു സിസ്റ്റം പൂർണ്ണമായി യാന്ത്രികമായി പ്രവർത്തിപ്പിക്കുന്ന ആദ്യത്തെ ഉദാഹരണമായാണ് എസ്-350 വിത്യാസ് വ്യോമ പ്രതിരോധ സംവിധാനത്തെ അടയാളപ്പെടുത്തുന്നത്.
ആഗോളതലത്തിൽ തന്നെ ഹൈപ്പർസോണിക് മിസൈലുകളെ തടയാനും നശിപ്പിക്കാനും കഴിവുള്ള ഏക സംവിധാനമാണ് തങ്ങളുടെ എയർ ഡിഫൻസ് സിസ്റ്റമെന്ന് റഷ്യ അവകാശപ്പെടുന്നു. ഉക്രെയ്‌നിലെ നിരവധി യുദ്ധവിമാനങ്ങളും ഡ്രോണുകളും ഈ സംവിധാനത്തിന്റെ മിസൈലുകളാൽ വെടിവച്ചിട്ടതായും ഉപ പ്രധാനമന്ത്രി വെളിപ്പെടുത്തി.
റഷ്യൻ സൈന്യത്തിന് 2019-ലാണ് എസ് -350 എയർ ഡിഫൻസ് സംവിധാനങ്ങളുടെ ആദ്യ ബാച്ച് ലഭിക്കുന്നത്. മനുഷ്യ ഇടപെടലില്ലാതെ യുദ്ധസാഹചര്യങ്ങളിൽ ഈ സംവിധാനം എല്ലാ കാര്യങ്ങളും സ്വന്തമായി തന്നെ ഓപറേറ്റ് ചെയ്യും. അതിനായി പൂർണ്ണമായും ആശ്രയിക്കുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.