മാസ്കും സാമൂഹിക അകലവും ഇവർ അറിഞ്ഞിട്ടേയില്ല!! വുഹാനിലെ ബിരുദദാന ചടങ്ങിൽ പങ്കെടുത്തത് 9000 പേർ
text_fieldsബീജിങ്: ഒന്നര വർഷത്തിന് മുകളിലായി ലോകത്തിൻെറ പല ഭാഗങ്ങളും കോവിഡിനെ തുടർന്ന് അടച്ചിട്ടിരിക്കുകയാണ്. ചൈനയിലെ വുഹാനിലാണ് കോവിഡ് ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത്. ലോകം ആകെ അടച്ചിട്ടിരിക്കുേമ്പാഴും വുഹാനിലുള്ളവർ ഇപ്പോൾ അതെല്ലാം മറന്ന മട്ടിലാണ്. കഴിഞ്ഞദിവസം വുഹാൻ യൂനിവേഴ്സിറ്റിയിൽ നടന്ന ബിരുദാദന ചടങ്ങിൽ പങ്കെടുത്തത് 9000 വിദ്യാർഥികളാണ്.
പതിവുപോലെ ഗൗൺ ധരിച്ചാണ് ചടങ്ങിൽ വിദ്യാർഥികൾ അണിനിരന്നത്. ഒരാൾ പോലും മാസ്ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്തിട്ടില്ല. കഴിഞ്ഞ വർഷം ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ കഴിയാത്ത 2200 പേരും ഇത്തവണ അണിനിരന്നു.
ഇവർ അണിനിരന്ന ഗ്രൗണ്ടിൽ വലിയൊരു ബാനറുമുണ്ട്. '2020ലെ ബിരുദധാരികളെ നാട്ടിലേക്ക് സ്വാഗതം ചെയ്യുന്നു. നിങ്ങൾക്കെല്ലാവർക്കും മികച്ച ഭാവി നേരുന്നു. സമുദ്രത്തിന് അതിരുകളില്ല, മത്സ്യങ്ങൾക്ക് കുതിക്കാൻ' എന്നാണ് ആ ബാനറിലെ വാചകങ്ങൾ.
ഹുബെ പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനിൽ 2019 അവസാനത്തിലാണ് കോവിഡ് കേസുകൾ ആദ്യം റിപ്പോർട്ട് ചെയ്യുന്നത്. തുടർന്ന് 76 ദിവസം അടച്ചതിനുശേഷം നഗരം വീണ്ടും തുറക്കാൻ തുടങ്ങി. ഏപ്രിൽ വരെ നിയന്ത്രണങ്ങൾ തുടർന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പിന്നെയും അടച്ചിട്ടു.
കഴിഞ്ഞ വർഷം ഇവിടെ പരിമിതമായ രീതിയിലാണ് ബിരുദദാന ചടങ്ങുകൾ നടന്നത്. 2020 ജൂണിൽ വുഹാൻ യൂനിവേഴ്സിറ്റിയുടെ ബിരുദദാന ചടങ്ങ് ഓൺലൈൻ വഴിയായിരുന്നു.
കടുത്ത നിയന്ത്രണങ്ങളെ തുടർന്നും വാക്സിനേഷൻ ഡ്രൈവുകൾ വഴിയും ചൈന ഇപ്പോൾ കോവിഡിനെ പിടിച്ചുകെട്ടിയിട്ടുണ്ട്. ചൊവ്വാഴ്ച രാജ്യത്ത് 20 പേർക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 18 പേർ വിദേശത്തുനിന്ന് വന്നവരാണ്.
കഴിഞ്ഞമാസം വുഹാനിൽ നടന്ന സംഗീത പരിപാടിയും ലോക ശ്രദ്ധയാകർഷിച്ചിരുന്നു. മാസ്കും സാമൂഹിക അകലവും പാലിക്കാതെ ആയിരങ്ങളാണ് ഈ പരിപാടിയിൽ പങ്കെടുത്ത് ആഘോഷമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.