യുക്രെയ്ൻ ഷോപ്പിങ് മാളിൽ റഷ്യൻ ആക്രമണം; അപലപിച്ച് ജി 7 രാജ്യങ്ങൾ
text_fieldsകിയവ്: യുക്രെയ്ൻ ഷോപ്പിങ് മാളിലെ റഷ്യൻ ആക്രമണത്തെ അപലപിച്ച് ജി 7 രാജ്യങ്ങൾ. ഒരിടവേളക്ക് ശേഷം റഷ്യ നടത്തിയ ആക്രമണത്തിൽ 13 പേരാണ് കൊല്ലപ്പെട്ടത്. തീർത്തും അപലപനീയവും ക്രൂരവുമായ ആക്രമണമാണ് റഷ്യ നടത്തിയതെന്ന് യുക്രെയ്ൻ പ്രസിഡന്‍റ് വൊളോദിമിർ സെലെൻസ്കി ആരോപിച്ചു. റഷ്യക്കെതിരെ മറ്റ് രാജ്യങ്ങൾ ഉപരോധം കടുപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ക്രമൻചുക്കിലെ മാളിലാണ് ആക്രമണമുണ്ടായത്. ഉക്രെയ്നിൽ ലിസിഷാൻസ്കിലും ഖാർക്കിവിലും മിസൈലാക്രമണം നടന്നു. ലിസിഷാൻസ്കിൽ എട്ട് പേരും ഖാർക്കിവിൽ നാല് പേരും കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു.
ജി 7 ഉച്ചകോടിയുടെ രണ്ടാം ദിനത്തിൽ രാജ്യങ്ങൾ വീണ്ടും യുക്രെയ്ന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സാമ്പത്തിക, സൈനിക, മാനുഷിക, നയതന്ത്ര സഹായങ്ങൾ നൽകി സഹായിക്കുമെന്ന് ജി 7രാജ്യങ്ങൾ വ്യക്തമാക്കി. റഷ്യക്കെതിരെ ഉപരോധങ്ങൾ കടുപ്പിക്കും. റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് കുറക്കുമെന്നും പ്രതിരോധ മേഖലക്കെതിരെ ഉപരോധങ്ങൾ കൊണ്ടുവരുമെന്നും ജി7 രാജ്യങ്ങൾ വ്യക്തമാക്കി.
യുക്രെയ്നിൽ നടപ്പിലാക്കുന്നത് വ്ലാദിമിർ പുടിന്‍റെ ഏറ്റവും പൈശാചികമായ തീരുമാനമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ തുറന്നടിച്ചു. ഈ യുദ്ധം അവസാനിക്കണം. അതിനായി വ്ലാദിമിർ പുടിന് മേൽ സമ്മർദം ചെലുത്തുമെന്ന് ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.