സമൃദ്ധിയിലേക്ക് ഒരു ചുവട്....
text_fieldsമുമ്പ് ഓരോ വീടിൻെറയും അടുക്കള ഭാഗത്ത് കൃഷിയുണ്ടായിരുന്നു. പാത്രം കഴുകുന്ന വെള്ളം ഒഴുക്കിവിടുന്ന ഭാഗത്ത് രണ്ട് വാഴത്തൈയോ പച്ചക്കറികളോ നട്ടുവളർത്തും. ഇടക്ക് ഇൗ ശീലങ്ങളിൽനിന്ന് മലയാളി പിന്നാക്കം പോയി. മണ്ണുമായി ബന്ധപ്പെട്ട് നിൽക്കുന്നത് മോശം കാര്യമായി തോന്നാൻ തുടങ്ങി. ഇൗ തൊഴിലിൽ ഏർപ്പെടാൻ ആളുകൾക്ക് നാണക്കേട് വന്നു. പലയിടത്തും കർഷക തൊഴിലാളികളെ കിട്ടാനില്ലാത്ത സ്ഥിതിയുണ്ടായി. കൃഷിപ്പണിയേക്കാൾ കുറഞ്ഞ വേതനമാണെങ്കിൽ കൂടി കടകളിൽ ജോലിക്ക് നിൽക്കാൻ ആളുകൾ തയാറാണ്. ഇതൊരു മനോഘടനയുടെ കൂടി പ്രശ്നമാണ്. അതുകൊണ്ട് പഴയകാലത്തെ അടുക്കളത്തോട്ടങ്ങളും പറമ്പുകൾ തരിശിടാതെ കൃഷി ചെയ്യുന്നതും തിരികെപിടിക്കൽ അനിവാര്യമാണ്.
ജനകീയ കാർഷിക ദൗത്യം
ജനകീയ കാർഷിക ദൗത്യത്തിന് തയാറെടുക്കുകയാണ് കൃഷി വകുപ്പ്. യുവാക്കൾ, സ്ത്രീകൾ എന്നിവരെ ലക്ഷ്യമിടുന്നതാണിത്. 1957ൽ ഭക്ഷ്യക്ഷാമ കാലത്ത് കൃഷിക്കാവശ്യമായ വളത്തിന് വൻ ക്ഷാമമുണ്ടായി. നെൽകൃഷിക്കാവശ്യമായ വളത്തിന് പ്രതിസന്ധി നേരിട്ടു. അങ്ങനെയാണ് അന്നത്തെ മുഖ്യമന്ത്രി ഇ.എം.എസും കൃഷി മന്ത്രി അച്യുതമേനോനും ചേർന്ന് 'ശീമക്കൊന്നവാരം' സംഘടിപ്പിക്കാൻ തീരുമാനിച്ചത്. രാസവളത്തിന് ബദലുെണ്ടന്ന് കേരളം 1957ൽ കാട്ടിക്കൊടുത്തിട്ടുണ്ട്. തരിശുകിടക്കുന്ന ഒരു പറമ്പ് പോലും ഉണ്ടാകാൻ പാടില്ലെന്നതാണ് ലക്ഷ്യം. കൃഷി ജനകീയ കാമ്പയിൻ ആകുന്ന പദ്ധതിയാണ് കൃഷിവകുപ്പ് ആലോചിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങൾ, ജനപ്രതിനിധികൾ, സംഘടനകൾ, സ്ഥാപനങ്ങൾ, ഏജൻസികൾ എന്നിവരെ കൂട്ടിയോജിപ്പിച്ചുള്ളതാണിത്.
ഭക്ഷണമുണ്ടാകുന്നത് ഫാക്ടറികളിലല്ല
കൃഷിചെയ്യുന്നവർക്ക് അതുകൊണ്ട് മാത്രം മാന്യമായി ജീവിക്കാനാകണം. കൃഷി, ഭക്ഷണം, ആരോഗ്യം എന്നിവ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു. ഇതിൽ ആരോഗ്യ കാര്യത്തിൽ മാത്രമാണ് നമ്മൾ എപ്പോഴും ശ്രദ്ധിക്കുന്നത്. ആരോഗ്യം നിലനിർത്തുന്നതിൽ ഭക്ഷണത്തിന് പ്രാധാന്യമുണ്ടെന്നത് നമ്മൾ വിസ്മരിച്ചു. ഈ ഭക്ഷണമെത്തുന്നത് കൃഷിയിൽനിന്നാണെന്നതും കാണാതെ പോയി. ഫാക്ടറികളിൽ ഒരു ഭക്ഷണവും ഉണ്ടാകുന്നില്ല. ഭക്ഷണമെല്ലാം കൃഷിയിൽ നിന്നാണ്. ഭക്ഷണം വിഷമില്ലാത്തതാകാൻ ആവശ്യമായ കൃഷിയുണ്ടാകണം.
സംഭരണത്തിനും പരിഗണന
കൂടുതൽ പച്ചക്കറി ഉൽപാദിപ്പിക്കുന്നവർക്ക് പ്രതിസന്ധി ഉണ്ടാകരുത്. നമ്മൾ ഉൽപാദിപ്പിക്കുന്ന മിക്ക പച്ചക്കറി ഇനങ്ങളും കിഴങ്ങുകളും ഏറെനാൾ സൂക്ഷിച്ചുവെക്കാൻ കഴിയാത്തവയാണ്. മാർക്കറ്റിൽ സാധനങ്ങൾ കൂടുതലെത്തുന്നത് വില കുറക്കും. കൃഷിക്കാർ വില കുറച്ച് വിൽക്കാൻ നിർബന്ധിതരാകും. ലോക്ഡൗൺ പോലുള്ള സാഹചര്യങ്ങളിൽ മാർക്കറ്റുകൾ ഇല്ലാതാകുന്നത് വിൽപന നടക്കാതാക്കും.
കൃഷിവകുപ്പിന്റെ ഇനിയുള്ള ശ്രദ്ധ സംഭരണം, സംസ്കരണം, വിപണനം എന്നിവയിലായിരിക്കും. കൂടുതലായി ഉൽപാദിപ്പിക്കുന്ന സാധനങ്ങൾ സർക്കാർ സംഭരിക്കും.
വിപണികൾ വിപുലമാക്കും
സംഭരിച്ചാലും ശീതീകരിച്ച് സൂക്ഷിക്കൽ പ്രധാനമാണ്. ഓരോന്നിനും ഒാരോ ഊഷ്മാവാണ്. കപ്പ സൂക്ഷിക്കുന്നത് പോലെയല്ല വെണ്ടയ്ക്ക സൂക്ഷിക്കുന്നത്. ഇത്തരം ശീതീകരണ മുറികൾ അത്യന്താേപക്ഷിതമാണ്. ഇത് എത്രനാൾ സംഭരിച്ചുവെക്കുമെന്നതാണ് പ്രധാന പ്രശ്നം. ഇൗ സാഹചര്യത്തിലാണ് മൂല്യവർധിത ഉൽപന്നങ്ങളാക്കി സംസ്കരിക്കുന്നതിന്റെ പ്രസക്തി. എല്ലാ പച്ചക്കറി ഉൽപന്നങ്ങളെയും ഇങ്ങനെ മാറ്റാനാവില്ലെങ്കിലും ചിലതിലൊക്കെ പ്രാേയാഗികമാണ്. ആറുമാസം വരെ സൂക്ഷിക്കാവുന്നവയെ രണ്ട് വർഷം വരെ സംസ്കരിച്ച് വെക്കാനാകും. ഇത് വിപണിയിലെത്തിക്കണം. ഗോഡൗണിൽ കെട്ടിക്കിടക്കാൻ പാടില്ല.
ഇതിന് സംവിധാനമൊരുക്കലും പ്രധാനമാണ്. സാധനങ്ങൾ എത്തിക്കാൻ ഫ്രീസർ വാനുകൾ, കോൾഡ് റൂമുകൾ വളരെ വേഗത്തിൽ സംസ്ഥാനത്ത് യാഥാർഥ്യമാക്കും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്കാണ് സാധാരണ നമ്മുടെ ഉൽപന്നങ്ങൾ പോകുന്നത്. ഇത് വിപുലമാക്കണം. ശർക്കര, ചക്ക, മുരിങ്ങയില, കൂവ എന്നിവക്ക് വലിയ ഡിമാൻറുണ്ട്. യൂറോപ്യൻ രാജ്യങ്ങളിലടക്കം പോകാൻ കഴിയുന്ന നിരവധി ഉൽപന്നങ്ങൾ കേരളത്തിലുണ്ട്.
സ്മാർട്ട് കൃഷിഭവൻ
കർഷകരുമായി അടുത്തിടപെടുന്ന സർക്കാർ സംവിധാനമാണ് കൃഷി ഭവനുകൾ. കൃഷി ഓഫിസർമാർ 'പേപ്പർ വർക്ക്' ചെയ്യേണ്ടവരല്ല. അവർ വിളകളുടെ ഡോക്ടർമാരാണ്. കൃഷിയിടത്തിൽ പോയി കണ്ടെങ്കിലേ ചികിത്സ വിധിക്കാനാകൂ. പലവിധ ജോലികൾ കാരണം അതിന് സമയം കിട്ടുന്നില്ല. ഓഫിസുകൾ വിട്ട് കൂടുതൽ സമയം പാടത്തും പറമ്പിലും കൃഷി ഓഫിസറുടെ സേവനം ലഭ്യമാക്കുകയാണ് പ്രധാനം.
അതുകൊണ്ടാണ് സ്മാർട്ട് കൃഷിഭവന് സർക്കാർ ലക്ഷ്യമി ടുന്നത്. ഓഫിസുകൾ കടലാസ് രഹിതമാവുകയാണ് ആദ്യ പടി. ഇതോടെ ജോലിഭാരം കുറയ്ക്കാനും അവരെ ഫീൽഡിലേക്കെത്തിക്കാനുമാകും. ഇത്തരം സ്മാർട്ട് കൃഷിഭവനുകൾക്ക് ഇൗവർഷം തുടക്കമിടും.
കർഷകർക്കെല്ലാം സ്മാർട്ട്കാർഡ് നൽകും. ഇതിൽ കൃഷി, ഭൂമി, വിള എന്നീ വിവരങ്ങളുണ്ടാകും. ഓരോ ആവശ്യങ്ങൾക്കും പോകുേമ്പാൾ രേഖകൾ വീണ്ടും ആവശ്യപ്പെടുന്നത് ഒഴിവാക്കാനാകും. കാർഷിക മേഖലയിൽ കാർഷിക ദ്രുതകർമസേനക്കും ആലോചനയുണ്ട്. കാർഷിക മേഖലയിലെ ഓൺലൈൻ വിപണി സാധ്യതകളും ആരായുന്നുണ്ട്.
രണ്ടാഴ്ചക്കകം 20 ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ (എഫ്.പി.ഒ ) പ്രവർത്തനമാരംഭിക്കും. ഈ വർഷം 100 എഫ്.പി.ഒകൾ യാഥാർഥ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.