നന്നായി പാവൽ ഉണ്ടാകാൻ ഇങ്ങനെ പരിചരിക്കാം
text_fieldsരണ്ടടി വലുപ്പവും ഒരടി ആഴവുമുള്ള കുഴിയെടുക്കുക. 50 കിലോ ചാണകം, കമ്പോസ്റ്റ് മേൽമണ്ണുമായി ചേർത്ത് കുഴികളിലിടുക. നാലു മുതൽ അഞ്ച് വിത്ത് വീതം ഒരു കുഴിയിൽ പാകുക. മുളച്ച് രണ്ടാഴ്ചക്കുശേഷം ഒരു തടത്തിൽ നല്ല മൂന്നു തൈകൾ വീതം നിർത്തിയാൽ മതി. മേൽവളമായി ചാണകമോ കമ്പോസ്റ്റോ 30 കിലോ വീതം അല്ലെങ്കിൽ മണ്ണിര കമ്പോസ്റ്റ് 15 കിലോ രണ്ടു പ്രാവശ്യമായി വള്ളി വീശുമ്പോഴും പൂവിടുമ്പോഴും കൊടുക്കുക. രണ്ടാഴ്ചയിലൊരിക്കൽ ചാണകം 1 കിലോ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി പൂവിടുമ്പോൾ കൊടുക്കുക.
പരിചരണം
പാവൽ വള്ളി വീശുമ്പോൾ പന്തലിട്ടു കൊടുക്കുക. വളമിടുന്നതിനൊപ്പം കള പറിക്കലും ഇടയിളക്കലും നടത്തുക. മഴക്കാലത്ത് മണ്ണ് കൂട്ടിക്കൊടുക്കുക. പച്ചില വിളയവശിഷ്ടം, വിഘടിപ്പിച്ച ചകിരിച്ചോർ കമ്പോസ്റ്റ്, തൊണ്ട്, വൈക്കോൽ തുടങ്ങിയവകൊണ്ട് വിളകൾക്ക് പുതയിടുക. വളർച്ചയുടെ ആദ്യഘട്ടങ്ങളിൽ 2–3 ദിവസം ഇടവിട്ടും പൂവും കായും ഉള്ള സമയത്ത് ഒന്നിടവിട്ടും നനയ്ക്കുക. മണൽ കലർന്ന പശിമരാശി മണ്ണിൽ വേനൽക്കാലങ്ങളിൽ മൂന്ന് ദിവസത്തിലൊരിക്കൽ നനച്ചാൽ മതിയാകും.
മൊസൈക്ക് രോഗം:
ഇലപ്പരപ്പിൽ പച്ചയും മഞ്ഞയും കലർന്ന നിറങ്ങൾ കാണപ്പെടുന്നു. ഇലകൾ മുരടിക്കുന്നു. പുതിയ ഇലകൾ ചെറുതാകുകയും മുരടിക്കുകയും ചെയ്യുന്നു. ശാഖകളുടെ എണ്ണം നന്നേ കുറയുകയും കായ്പിടിത്തം തീരെ കുറയുകയും ചെയ്യുന്നു.
രോഗം ബാധിച്ച ചെടികളെ നശിപ്പിച്ചു കളയുക. രോഗവിമുക്തമായ തോട്ടത്തിൽ നിന്നു മാത്രം വിത്ത് ശേഖരിക്കുക. തടങ്ങളിലെ വിത്തിന്റെ തോത് കൂട്ടുക. ചെടി വള്ളിപൊട്ടുന്ന അവസരത്തിൽ ആരോഗ്യമുള്ള രണ്ടോ മൂന്നോ മാത്രം നിർത്തി ബാക്കി നശിപ്പിക്കുക. രോഗവാഹകരായ കീടങ്ങളെ നശിപ്പിക്കാൻ വേപ്പെണ്ണ, ആവണക്കെണ്ണ- വെളുത്തുള്ളി മിശ്രിതം അല്ലെങ്കിൽ രണ്ടു ശതമാനം വീര്യമുള്ള വേപ്പധിഷ്ഠിത കീടനാശിനി എന്നിവ ഉപയോഗിക്കുക.
ഇലപ്പുള്ളി രോഗം:
ഇലയുടെ അടിഭാഗത്ത് വെള്ളം നനഞ്ഞപോലെയുള്ള പാടുകൾ ഉണ്ടാവുകയും തുടർന്ന് ഇലയുടെ മുകൾ ഭാഗത്ത് മഞ്ഞപ്പുള്ളികൾ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. പുള്ളികൾ വലുതായി ഒന്നിച്ചു ചേർന്ന് ഇലകൾ കരിഞ്ഞുണങ്ങുന്നു. രോഗലക്ഷണമുള്ള ഇലകൾ നശിപ്പിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.