കർഷകന്റെ മനസ്സ് നിറയണം: മന്ത്രി പി. പ്രസാദ്
text_fieldsകൃഷി മന്ത്രി പി. പ്രസാദ് പറയുന്നു കർഷകന്റെ മനസ്സ് നിറയണം
പോഷകങ്ങൾ അടങ്ങിയ ഭക്ഷണം കഴിക്കണമെന്ന അറിവ് മലയാളികൾക്ക് പുതുമയല്ല. എന്നാൽ, മലയാളിയുടെ ഭക്ഷണപ്ലേറ്റുകളിലേക്ക് സമ്പൂർണ പോഷക ഘടകങ്ങൾ ദിനംപ്രതി എത്തുന്നില്ല എന്നത് വാസ്തവവുമാണ്. ജീവിതശൈലി രോഗങ്ങൾ കേരള സമൂഹത്തെ തളർത്തുന്ന ഇന്നത്തെ അവസ്ഥയിൽ പോഷക സമ്പുഷ്ടമായ ഭക്ഷണം ഉറപ്പാക്കാൻ സാധ്യമായ മണ്ണിലെല്ലാം കൃഷിയിറക്കുക എന്ന പോംവഴിയാണ് കൃഷിവകുപ്പ് മുന്നോട്ടുവെക്കുന്നത്. തരിശിടാതെ കേരളത്തിന്റെ മണ്ണിനെ പൊന്നാക്കുന്ന കർഷകർക്കൊപ്പം ചേർന്നുനിൽക്കാനും അവരുടെ ലാഭം ഉറപ്പാക്കാനും സാധ്യമായ എല്ലാ വഴിയും തുറക്കുമെന്ന് കൃഷിമന്ത്രി പി. പ്രസാദ് ഉറപ്പുനൽകുന്നു. കൃഷിയിറക്കുന്നതിനൊപ്പം ഉൽപന്നങ്ങൾക്ക് മികച്ച വില ലഭിക്കാനുള്ള സാധ്യതകളും മൂല്യവർധിത ഉൽപന്ന മേഖലയിലെ വളർച്ചയും പ്രഖ്യാപിത ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളാണ് കൃഷിവകുപ്പ് മുന്നോട്ടുവെക്കുന്നത്.
നവകേരളത്തിന്റെ ആരോഗ്യത്തിന് കൃഷിയാണ് വഴി
നവകേരളം കാർഷികമേഖലയുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു. എല്ലാവരും ഭക്ഷണം കഴിക്കുന്നു എന്നതുതന്നെയാണ് ആ ബന്ധത്തിന്റെ അടിസ്ഥാനം. രോഗങ്ങൾ ഇല്ലാത്ത കേരളം എന്നതാണ് നവകേരളത്തിലൂടെ ലക്ഷ്യമിടുന്നത്. ഒരു രോഗവും ഒരാൾക്കും വരില്ല എന്നല്ല. എന്നാൽ, നിലവിലെ രോഗങ്ങളുടെ ഉയർന്ന തോത് കുറക്കുക എന്നതാണ് ലക്ഷ്യം. നല്ല ഭക്ഷണം എന്നത് ആ ലക്ഷ്യത്തിന് അത്യന്താപേക്ഷിതമാണ്. രോഗങ്ങളെ അകറ്റിനിർത്താൻ ഭക്ഷണത്തിലെ ക്രമീകരണം തന്നെയാണ് അതിപ്രധാനം.
മലയാളി ഇപ്പോൾ നാവിന്റെ രുചിയെമാത്രം കണക്കിലെടുക്കുന്നു. നാവിന് രുചി തോന്നിയാൽ എന്തും കഴിക്കും എന്ന നിലയിലേക്ക് നാം എത്തിയിരിക്കുന്നു. മറ്റൊന്നും പരിഗണിക്കുന്നില്ല. അത്യന്തം അപകടകരമായ സ്ഥിതിവിശേഷമാണിതെന്ന് ആരോഗ്യ മേഖലയിലെ വിദഗ്ധർ പറയുന്നു. ഒരു ദിവസം 200 ഗ്രാം പച്ചക്കറിയും 50 ഗ്രാം പഴവർഗങ്ങളും 50 ഗ്രാം ഇലവർഗങ്ങളും 50 ഗ്രാം കിഴങ്ങുവർഗങ്ങളും കഴിക്കണമെന്നാണ് ഐ.സി.എം.ആർ പഠനം. ഇത് കേരളത്തിൽ പാലിക്കപ്പെടുന്നില്ല. ആകെ കഴിക്കേണ്ട 300 ഗ്രാമിൽ കേരളത്തിൽ 150-160 ഗ്രാം വരെ മാത്രമേ ആളുകൾ ദിനംപ്രതി ഇത്തരം അവശ്യഘടകങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നുള്ളു. ഇത് ദേശീയ ശരാശരിയെക്കാൾ താഴെയാണ്. അപകടകരം എന്നുതന്നെ പറയാം. ഇത് കേരളീയ സമൂഹത്തെ സംബന്ധിച്ച് മോശം സൂചകമാണ്. എല്ലാ വിഷയങ്ങളെക്കുറിച്ചും മനസ്സിലാക്കുന്നവരാണ് മലയാളികൾ. അങ്ങനെ മനസ്സിലാക്കുമ്പോഴും മലയാളി മാറുന്നില്ല എന്ന് നമുക്ക് വ്യക്തമാക്കി തരുന്ന പഠനം, ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റേതായി ഉണ്ട്. പ്രമേഹത്തിന് ഗുണപ്രദമായി പച്ചക്കറിയുടെ ഉപയോഗം കൂട്ടണമെന്നും രക്തസമ്മർദം നിയന്ത്രിക്കാൻ ഉപ്പിന്റെ ഉപയോഗം കുറക്കണമെന്നും മലയാളിക്ക് നന്നായി അറിയാം.
എന്നാൽ, അക്കാര്യത്തിൽ ഒരു നിയന്ത്രണവും വരുത്തുന്നില്ല. അത് നമ്മുടെ വീടുകളിൽതന്നെ കാണാം. അതിനൊപ്പമാണ് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനവും മലയാളിയുടെ ഈ സ്വഭാവത്തെ ശാസ്ത്രീയമായി പഠിച്ച് സമർഥിക്കുന്നത്. ഇത് ഗൗരവത്തോടെ കാണേണ്ട സ്ഥിതിവിശേഷമാണ്. ഇവിടെയാണ് സാധ്യമാകുന്നിടത്തെല്ലാം കൃഷി ചെയ്യുക എന്ന ആശയത്തിന്റെ പ്രാധാന്യം. മണ്ണ് വെറുതെയിട്ട്, പച്ചക്കറി പുറത്തുനിന്ന് വാങ്ങി കഴിച്ചാൽ മതി എന്ന് തീരുമാനിക്കുമ്പോൾ രോഗങ്ങളെക്കൂടി വിലകൊടുത്ത് വാങ്ങുകയാണ് എന്ന് ഓർക്കണം. അറിയാതെ വന്നുപെടുന്ന രോഗങ്ങളല്ല, അറിഞ്ഞുകൊണ്ടുകൂടി രോഗങ്ങളെ നമ്മൾ സ്വീകരിച്ച് കയറ്റുകയാണ്. 35 മുതൽ 40 ശതമാനം വരെ കാൻസറുകൾക്ക് കാരണം ഭക്ഷണവും ജീവിതശൈലിയുമാണ്. അവിടെയും ഭക്ഷണത്തെ നമ്മൾ വില്ലനായി കാണേണ്ടി വരുന്നു. ഇതിന് മാറ്റം അനിവാര്യമാണ്.
വിജയവഴിയിൽ ‘ഞങ്ങളും കൃഷിയിലേക്ക്’
വ്യാവസായിക അടിസ്ഥാനത്തിൽ കൃഷി ഉപജീവനമാർഗമാക്കുന്നവരും മറ്റ് ജോലികൾക്കിടയിൽ കൃഷികൂടി താൽപര്യപ്പെട്ട് ചെയ്യുന്നവരുമായി നമുക്ക് രണ്ട് തരത്തിലുള്ള കർഷകരാണ് ഉള്ളത്. ആദ്യ വിഭാഗത്തിന് എല്ലാ സഹായ സഹകരണങ്ങളും നൽകുന്നതിനൊപ്പം രണ്ടാം വിഭാഗത്തിന് വേണ്ട പ്രോത്സാഹനമെല്ലാം ഉറപ്പാക്കുകയുമാണ് സർക്കാർ ചെയ്യുന്നത്. കർഷകന്റെ വരുമാനത്തിന് വർധന ഉണ്ടാക്കുകയാണ് ആത്യന്തികമായ നവകേരള ലക്ഷ്യം. കർഷകന്റെ വരുമാനത്തിന് ഇടിവുപറ്റിയാൽ അത് യാഥാർഥ്യമാകില്ല. കർഷകന്റെ കണ്ണു നിറയുകയല്ല, മനസ്സു നിറയുകയാണ് വേണ്ടത്.
സാധ്യമാകുന്നിടത്തെല്ലാം കൃഷിചെയ്യുക എന്ന ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഈ സർക്കാർ ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കിയത്. അത് കേവലം കാമ്പയിൻ ആയിരുന്നില്ല. പദ്ധതിയുടെ ഭാഗമായി കൃഷിക്കൂട്ടങ്ങൾ രൂപവത്കരിച്ചു. ഇപ്പോൾ ഏതാണ്ട് ഇരുപതിനായിരത്തോളം കൃഷിക്കൂട്ടങ്ങൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നു. കൃഷിക്കൂട്ടങ്ങളിലൂടെ തൊഴിൽ കൊടുക്കുകയാണ്. 30,000 കൃഷിക്കൂട്ടങ്ങൾ, 3,00,000 ലക്ഷം തൊഴിൽ എന്നതാണ് ലക്ഷ്യം. ഇത് പൊതുവായി ആളുകളെ കൃഷിയിലേക്ക് ആകർഷിക്കുന്നതിനാണ്. ഇത്തവണ ‘ഓണത്തിനൊരു പൂക്കൂട’ പദ്ധതിയിലൂടെ കോടിക്കണക്കിന് രൂപയുടെ പൂക്കളാണ് കേരളത്തിൽതന്നെ വിളയിച്ച് വിൽപന നടത്തിയത്. വൻ ലാഭകരമെന്ന് തെളിഞ്ഞ അത്തരം പദ്ധതികൾക്ക് കൂടുതൽ പ്രോത്സാഹനം കൃഷിവകുപ്പ് ഉറപ്പാക്കും. ചെറിയ അളവിലുള്ള ഭൂമിയാണെങ്കിലും തരിശിടാതെ ചെയ്യാൻ കഴിയുന്ന കൃഷിചെയ്യിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. തരിശ് രഹിതം എന്നത് പ്രഖ്യാപനത്തിൽ മാത്രമൊതുക്കാൻ ഉള്ളതല്ലെന്നും കേരളീയരുടെ ജീവിതത്തിനും ആരോഗ്യത്തിനും വേണ്ടിയുള്ളതാണെന്നും ബോധ്യപ്പെടുത്തിയുള്ള പ്രവർത്തനങ്ങൾ നടപ്പാക്കും.
വിജയം വരും മൂല്യവർധിത ഉൽപന്നങ്ങളിലൂടെ
കൃഷിക്കൂട്ടങ്ങൾ മൂല്യവർധിത ഉൽപന്ന മേഖലകളിൽകൂടി എത്തുമ്പോഴാണ് വ്യാവസായിക അടിസ്ഥാനത്തിൽ കൃഷിചെയ്യുന്ന കർഷകരെ സഹായിക്കുക എന്ന ലക്ഷ്യം വിപുലമാകുന്നത്. കാർഷിക ഉൽപന്നങ്ങൾക്ക് ലഭിക്കുന്ന വിലകൊണ്ടുമാത്രം നമുക്ക് കർഷകരെ സഹായിക്കാൻ കഴിയില്ല. വരുമാനം വർധിക്കാൻ ഉത്പന്നം അതേരീതിയിൽ വിൽപന നടത്തിയിട്ട് കാര്യമില്ല. ഏറ്റവും ലാഭം കൊയ്യുന്നത് ആ ഉൽപന്നത്തിൽനിന്ന് മൂല്യവർധിത ഉൽപന്നം ഉണ്ടാകുമ്പോഴാണ്. നിലവിലെ സ്ഥിതിയിൽ കർഷകനിൽനിന്ന് വാങ്ങി മറ്റുള്ളവർ മൂല്യവർധിത ഉൽപന്നങ്ങൾ ഉണ്ടാക്കി വിൽക്കുമ്പോൾ തുച്ഛമായ തുകമാത്രമാണ് മണ്ണിൽ വിയർപ്പൊഴുക്കിയ ആ പാവം മനുഷ്യർക്ക് ലഭിക്കുന്നത്. ഈ സ്ഥിതിമാറാൻ കർഷകർതന്നെ തങ്ങളുടെ വിളയിൽനിന്ന് മൂല്യവർധിത ഉൽപന്നങ്ങൾ ഉണ്ടാക്കുന്നതിലേക്ക് എത്തിക്കണം. ഇത് ഒരു കർഷകന് മാത്രം കഴിയില്ല. കർഷകരുടെ കൂട്ടായ്മകളാണ് ഈ ലക്ഷ്യം പൂർത്തീകരിക്കുന്നത്. ഇന്ന് ഒരു കൃഷിഭവൻ ഒരു ഉത്പന്നം എങ്കിലും ഉണ്ടാക്കണം എന്ന പദ്ധതിയുണ്ട്. സംസ്ഥാനത്ത് 1,076 കൃഷിഭവനുണ്ട്. ഇതിൽ അമ്പതിൽ കൂടുതൽ ഉൽപന്നങ്ങൾ ഉണ്ടാക്കുന്ന കൃഷിഭവനുകളും ഒരെണ്ണം മാത്രം ഉള്ളതുമുണ്ട്. ഒന്നിലേക്ക് എത്താൻ ശ്രമം തുടരുന്ന കൃഷിഭവനുകളുണ്ട്. ഇവയെല്ലാം ചേർന്ന് ഇന്ന് നമ്മുടെ കൃഷിഭവനുകളിലൂടെ യാഥാർഥ്യമായ രണ്ടായിരത്തോളം ഉൽപന്നങ്ങൾ വിപണിയിലിറക്കുന്നു. ഇത് ഇനിയും ഉയരും. മൂല്യവർധിത ഉൽപന്ന നിർമാണത്തിൽ കർഷകന് കൈത്താങ്ങ് ആകാനായാണ് വാല്യു ആഡഡ് അഗ്രികൾചറൽ മിഷനും രൂപംനൽകിയത്. ലോകബാങ്ക് സഹായവും ഇതിന് പ്രതീക്ഷിക്കുന്നു.
ഫുഡ് പ്ലേറ്റുകളുമായി പോഷക സമൃദ്ധി മിഷൻ
വീട്ടുമുറ്റങ്ങളിലും പറമ്പുകളിലും കൃഷിചെയ്യാൻ താൽപര്യപ്പെട്ട് വരുന്നവരെ സഹായിക്കാനാണ് പോഷകസമൃദ്ധി മിഷന് സർക്കാർ രൂപം നൽകിയത്. ഒരു വർഷം 25 ലക്ഷം കുടുംബങ്ങളിലേക്ക് വിത്തുകളും തൈകളും എത്തിച്ച് പ്രവർത്തനം സജീവമാക്കും. നവകേരളത്തിന്റെ ആരോഗ്യപരിരക്ഷകൂടി ബന്ധപ്പെടുത്തിയാണ് ഈ മിഷൻ പ്രവർത്തിക്കുക. ഓരോ മേഖലയുടെയും പ്രത്യേകത അനുസരിച്ച് അവിടത്തെ ജനവിഭാഗങ്ങൾക്ക് ആവശ്യമായ പോഷകഘടകങ്ങൾ ഉൾപ്പെടുത്തുന്ന ‘ഫുഡ് പ്ലേറ്റ്’ നിശ്ചയിക്കുന്ന പദ്ധതി ഈ മിഷനിലൂടെ യാഥാർഥ്യമാക്കും. പോഷകക്കുറവ് ശാസ്ത്രീയമായി മനസ്സിലാക്കി, ഓരോ പ്രദേശത്തും ഏതെല്ലാം വിളകൾ കൃഷിചെയ്യാൻ കഴിയും, പുതിയ കാലത്തിനും ആരോഗ്യത്തിനും അനുസരിച്ച റെസിപ്പികൾ എന്തെല്ലാമാണ് എന്നിവയൊക്കെ പരിഗണിച്ചാണ് ഓരോ മേഖലക്കും അനുയോജ്യമായ ഫുഡ് പ്ലേറ്റ് അവതരിപ്പിക്കുക. സർക്കാർ മുൻകൈയെടുത്ത് രാജ്യത്തെ പ്രശസ്തമായ ഇൻസ്റ്റിറ്റ്യൂട്ടുകളുടെ സഹായത്തോടെയാണ് ഓരോ സ്ഥലത്തും താമസിക്കുന്നവർക്കായി ഫുഡ് പ്ലേറ്റ് ഒരുക്കുക. പഴവർഗ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഫ്രൂട്ട് വില്ലേജുകൾ യാഥാർഥ്യമാക്കും. ഇത്തരത്തിൽ ജനാരോഗ്യത്തിൽ അധിഷ്ഠിതമായ വിവിധ പ്രവർത്തനങ്ങൾക്ക് പോഷക സമൃദ്ധി മിഷൻ നേതൃത്വം നൽകും.
ഭക്ഷണം വിഷരഹിതമാകാൻ ജൈവ കാർഷിക മിഷൻ
ഭക്ഷണത്തിൽ വിഷം കലരുന്നു എന്നത് യാഥാർഥ്യമാണ്. പലപ്പോഴും വെള്ളായണി കാർഷിക കോളജ് ലാബിലെ പരിശോധന റിപ്പോർട്ട് വരുമ്പോഴാണ് ഞെട്ടുന്നത്. മാരക കീടനാശിനിയുടെ സാന്നിധ്യം ആ പരിശോധനകൾ ഉറപ്പിക്കുന്നു. ഇതിന് പരിഹാരം എല്ലായിടത്തും ലാബുകൾ നിർമിച്ച് പരിശോധിക്കുകയല്ല. പരിശോധിക്കാൻ എടുക്കുമ്പോഴേക്കും ആ ഉത്പന്നങ്ങൾ വിറ്റുപോയി ആളുകൾ കഴിച്ചിട്ടുണ്ടാകും. വിഷരഹിതമായ ഭക്ഷണം ഉൽപാദിപ്പിക്കുന്നത് മാത്രമാണ് ഇതിന് പ്രതിവിധി. 2006-11 കാലഘട്ടത്തിൽ വി.എസ്. അച്യുതാനന്ദൻ സർക്കാർ ജൈവകാർഷിക നയം പ്രഖ്യാപിച്ചിരുന്നു. ആ നയം പ്രവർത്തനപഥത്തിലെത്തിക്കാൻ ലക്ഷ്യമിട്ടുള്ള ജൈവകാർഷിക മിഷൻ കഴിഞ്ഞ മാസം രൂപവത്കൃതമായി. ജൈവ ഉൽപന്നങ്ങൾക്ക് നല്ല ഡിമാൻഡ് ഉണ്ട്. നല്ല വിലയും ലഭിക്കുന്നു. കൂടുതൽ കർഷകർ ഇത് അറിയുമ്പോൾ ജൈവരീതിയിലേക്ക് മാറുന്നു. മാറുന്നവർക്ക് സഹായം നൽകുകയാണ് പ്രധാനം. ജൈവ ഉൽപന്നങ്ങളുടെ ഗുണഫലം ജനങ്ങൾ തിരിച്ചറിയുന്നതിനും അതിലൂടെ അവയുടെ ഉപയോഗം കൂടുന്നതിനും ഉൽപാദനം വർധിപ്പിക്കുന്നതിനും വഴിയൊരുങ്ങുമ്പോളാണ് കർഷകന് നല്ല പ്രതിഫലം ലഭിക്കുന്നത്.
കാർബൺ ന്യൂട്രൽ കൃഷിയിടം
കാർബർ ന്യൂട്രൽ കേരളം എന്നത് സർക്കാർ പ്രഖ്യാപിത ലക്ഷ്യമാണ്. അതിലേക്ക് കാർഷിക മേഖലക്ക് എന്ത് പങ്ക് വഹിക്കാനാകും എന്ന ചോദ്യത്തിന് അഭിമാനകരമായ ഉത്തരം ഇതിനകം യാഥാർഥ്യമായി. കാർബർ ന്യൂട്രൽ എന്ന നേട്ടം രാജ്യത്ത് ആദ്യമായി ഒരു ഫാം കൈവരിച്ചത് കേരളത്തിലാണ്. ആലുവയിൽ സ്റ്റേറ്റ് സീഡ്സ് ഫാം ആണ് കാർബൺ ന്യൂട്രൽ എന്നതിനുമപ്പുറം കാർബൺ മൈനസ് നേട്ടവുമായി അഭിമാനമാകുന്നത്. മറ്റ് 13 ഫാമുകൾകൂടി ഈ നേട്ടത്തിലേക്കുള്ള പ്രവർത്തനങ്ങളിലാണ്. ആരെയും നിർബന്ധിക്കാതെതന്നെ മാറ്റത്തിന്റെ പാതയിലേക്ക് എത്തുന്നതിന് മറ്റ് കർഷകർക്ക് ഇത് പാഠമാകുകയാണ്.
പുതുതലമുറക്കും ഇഷ്ടം കൃഷി
ലോകം വിരൽതുമ്പിൽ നിൽക്കുന്ന ഇക്കാലത്ത് ചെറിയ കുട്ടികൾപോലും വിദേശങ്ങളിലേക്ക് ചേക്കാറാൻ ആഗ്രഹിക്കുന്നത് സ്വാഭാവികമായി കഴിഞ്ഞിരിക്കുന്നു. അത്തരത്തിൽ പോകുന്ന ചെറുപ്പക്കാരിൽ പലരും നാട്ടിലേക്ക് തിരികെയെത്താൻ ആഗ്രഹിക്കുമ്പോൾ തെരഞ്ഞെടുക്കുന്ന ജീവിതമേഖലയായി ഇന്ന് കൃഷി മാറി. പുതിയ കൃഷിരീതികൾ പഠിക്കാൻ ഇസ്രായേലിലേക്ക് 27 അംഗ കർഷക സംഘത്തെ അയക്കാനുള്ള പദ്ധതിക്ക് 50 വയസ്സിൽ താഴെയുള്ളവർ എന്ന നിബന്ധനവെച്ചപ്പോൾ കുറച്ച് അപേക്ഷകൾ ആയിരിക്കും വരുക എന്നാണ് കരുതിയത്. എന്നാൽ, ആയിരക്കണക്കിന് അപേക്ഷകളാണ് വന്നത്. ദീർഘകാലമായി കാർഷിക രംഗത്ത് പ്രവർത്തിക്കുന്ന യുവകർഷകർ ഇന്ന് നാട്ടിൽ നിരവധിയാണ്. നാട്ടിൽ നിൽക്കാൻ ആഗ്രഹിക്കുന്ന ചെറുപ്പക്കാർ നല്ലൊരു വരുമാനമാർഗം എന്ന നിലയിൽ കൃഷി സ്വീകരിക്കുന്നു എന്നതാണ് ഇത് കാണിക്കുന്നത്. കാർഷിക മേഖലയിൽ പ്രതിമാസം ലക്ഷത്തോളം വരുമാനം ഉണ്ടാക്കുന്ന ചെറുപ്പക്കാർ ഇന്ന് കേരളത്തിന്റെ യാഥാർഥ്യമാണ്. മൂല്യവർധിത ഉൽപന്നങ്ങളാണ് അവരിൽ പലരുടെയും കരുത്ത്. സർക്കാറിനെ സഹായത്തിനായി സമീപിച്ച പലർക്കും മറ്റ് സംസ്ഥാനങ്ങളിൽ ഉൾപ്പെടെ മികച്ച പരിശീലനം നൽകിവരുന്നു. ഇത്തരത്തിൽ വിജയിച്ച 100 വനിതകളുടെ വിജയകഥകൾ പ്രസിദ്ധീകരിക്കാനുള്ള ഒരുക്കത്തിലാണ്. അഞ്ഞൂറോളം പേർ ഇതിനകം സമീപിച്ചുകഴിഞ്ഞു. കൂടുതൽ ആളുകളെ ആകർഷിക്കുന്നതിനുവേണ്ടി കൂടിയാണിത്. നേരെ മണ്ണിലേക്ക് ഇറങ്ങി കൃഷിചെയ്യുന്നത് മാത്രമല്ല കാർഷിക രംഗം. ലോജിസ്റ്റിക്സ്, വിപണനം, മൂല്യവർധിത ഉൽപന്ന സംരംഭങ്ങൾ എന്നിങ്ങനെ അനുബന്ധ മേഖലകളിൽ വലിയ സാധ്യതയാണ് പുതുതലമുറക്കുള്ളത്.
കാർഷിക സംരംഭങ്ങൾക്ക് കൈത്താങ്ങ്
സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ ഡി.പി.ആർ തയാറാക്കുക എന്നതാണ് ഏറ്റവും അത്യാവശ്യം. അത്തരത്തിൽ സഹായം നൽകുന്ന ഡി.പി.ആർ ക്ലിനിക് കേരളത്തിൽ ആദ്യമായി വിജയകരമായി നടപ്പാക്കിയത് കൃഷിവകുപ്പാണ്. സംരംഭം ആരംഭിക്കാൻ എത്തുന്നയാളെ കേട്ട്, ആശയങ്ങൾ അറിഞ്ഞ് തയാറാക്കുന്ന പദ്ധതിരേഖകൾ മാത്രമേ വായ്പകൾ ഉൾപ്പെടെ ആകർഷിക്കുകയുള്ളു. പലപ്പോഴും സ്വകാര്യ ഏജൻസികൾ തയാറാക്കുന്ന ജീവനില്ലാത്ത ഡി.പി.ആറുകൾ കാരണം പദ്ധതികൾ ആരംഭഘട്ടത്തിൽ തന്നെ പൊലിഞ്ഞുപോകുന്നതിന് പരിഹാരമാണ് കൃഷിവകുപ്പ് ഡി.പി.ആർ ക്ലിനിക്ക് ഒരുക്കിയത്. ബാങ്കുകളുടെ ഉൾപ്പെടെ പ്രതിനിധികൾ ഉൾപ്പെട്ട ബോർഡാണ് പദ്ധതികളുമായി എത്തുന്നവരെ കേട്ട് തത്സമയം കരട് പദ്ധതിരേഖ ഉൾപ്പെടെ തയാറാക്കി നൽകുന്നത്. ഇത്തരം ക്ലിനിക്കിൽ എത്തിയ ഭൂരിഭാഗം പേർക്കും ബാങ്കുകൾ വായ്പ നൽകാനും ഉടൻ തയാറായി. ഇത്തരം പദ്ധതികളിലൂടെ കാർഷിക മേഖലക്ക് കൂടുതൽ വളർച്ച നൽകാനാണ് കൃഷി വകുപ്പ് ലക്ഷ്യമിടുന്നത്.
മാറണം, കേന്ദ്രനയം
കേന്ദ്ര സർക്കാറിന്റെ നയങ്ങൾ നിരവധി പ്രശ്നങ്ങൾ കേരളത്തിന്റെ കാർഷിക മേഖലയിൽ സൃഷ്ടിക്കുന്നുണ്ട്. രാസവളം ഉപയോഗിച്ച് കൃഷിചെയ്യുന്നവർക്ക് വില വലിയ പ്രശ്നമാണ്. സംഭരണത്തിന് സർക്കാർ നൽകുന്ന വില തിരികെ കിട്ടുന്നതിന് പ്രശ്നം നേരിടുന്നു. റബറിനെ കൃഷിയായി പരിഗണിക്കാതെ വ്യവസായമായി പരിഗണിക്കുകയും ഒരുസഹായവും ചെയ്യാതിരിക്കുകയുമാണ്. റബർ കർഷകരോട് കേന്ദ്രത്തിന് എന്തെങ്കിലും താൽപര്യമുണ്ടെങ്കിൽ ഇറക്കുമറി ചുങ്കം വർധിപ്പിക്കുകയും കർഷകർക്ക് ഇൻസെന്റീവ് നൽകുകയുമാണ് വേണ്ടത്. ഇത്തരത്തിൽ കേന്ദ്രനയങ്ങളിൽ മാറ്റം വന്നാൽ കാർഷിക മേഖലയിൽ കൂടുതൽ സുഗമമായി പ്രവർത്തനം സാധ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.