കാട വളർത്തി വരുമാനം ഇരട്ടിയാക്കാം
text_fieldsകാട്ടിലുണ്ടായിരുന്ന കാടപ്പക്ഷികളെ മെരുക്കി വളർത്തുപക്ഷികളാക്കി വ്യവസായികാടിസ്ഥാനത്തിൽ വികസിപ്പിച്ചെടുത്തത് ജപ്പാൻകാരാണ്. അതുകൊണ്ടാണ് ഇവ ജാപ്പനീസ് ക്വയിൽ (ജാപ്പനീസ് കാട) എന്നറിയപ്പെടുന്നത്. ഇക്കാലത്ത് മിക്ക രാജ്യങ്ങളിലും മുട്ടക്കും മാംസത്തിനും ഇവയെ വളർത്തിവരുന്നു. ഇന്ത്യയിൽ ഉത്തർപ്രദേശിലെ ഇന്ത്യൻ വെറ്ററിനറി ഗവേഷണകേന്ദ്രത്തിൽ ഈ പക്ഷികളെക്കുറിച്ചുള്ള ആദ്യ പഠനങ്ങൾ ആരംഭിച്ചത് 1974ലാണ്.
ഗുണം, ഇനം
കുറഞ്ഞ തീറ്റച്ചെലവ്, മുട്ടവിരിയിക്കാൻ ചുരുങ്ങിയ ദിവസം, വളർത്താൻ കുറഞ്ഞ സ്ഥലം എന്നിവ പ്രത്യേകതകളാണ്. ആറാഴ്ച പ്രായമാകുേമ്പാൾ കാടകൾ മുട്ടയിട്ടുതുടങ്ങും. മുട്ടയും മാംസവും സ്വാദിഷ്ടവും ഔഷധമേന്മയുള്ളതുമാണ്. വിവിധയിനം കാടകളുണ്ടെങ്കിലും ജാപ്പനീസ് കാടകളും ബോബ് വൈറ്റ് കാടകളുമാണ് ഏറെ പ്രചാരത്തിലുള്ളത്. കാടകൾ വർഷത്തിൽ 250 മുതൽ 300 വരെ മുട്ടകൾ ഇടുന്നു. ഏറ്റവും കൂടുതൽ മുട്ടയിടുക എട്ട് ആഴ്ച മുതൽ 25 ആഴ്ച വരെയുള്ള കാലത്താണ്.
വൈകീട്ട് മൂന്നു മണി മുതൽ ആറു മണി വരെയാണ് 75 ശതമാനം കാടകളും മുട്ടയിടുക. എട്ട് ആഴ്ച തൊട്ട് 12 മാസം വരെ മുട്ടയുൽപാദനം തുടരും. അടയിരിക്കുന്ന സ്വഭാവം കാടകൾക്കില്ല. ഇൻക്യുബേറ്റർ ഉപയോഗിച്ചോ അടയിരിക്കുന്ന കോഴികളെ ഉപയോഗിച്ചോ കാട മുട്ടകൾ വിരിയിക്കാം. മുട്ട വിരിയാൻ 16 മുതൽ 18 ദിവസം വരെ വേണ്ടിവരും. മൂന്നാഴ്ച കൃത്രിമമായ ചൂട് വേണം.
ഡീപ് ലിറ്റർ സമ്പ്രദായത്തിലാണ് കാടക്കുഞ്ഞുങ്ങളെ വളർത്തിയെടുക്കുക. നിലത്തു വിരിച്ച തവിട്, അറക്കപ്പൊടി, വയ്ക്കോൽ എന്നിവയിൽ ഒരേ പ്രായത്തിലും വർഗത്തിലുമുള്ള പക്ഷികളെ ഒന്നിച്ച് വളർത്തുന്നതിനെയാണ് ഡീപ് ലിറ്റർ സമ്പ്രദായം എന്നു പറയുന്നത്. ഒരു ചതുരശ്രയടി സ്ഥലത്ത് അഞ്ചോ ആറോ കാടകളെ ഈ സമ്പ്രദായത്തിൽ വളർത്താം. നല്ല വാതായനവും വായു സഞ്ചാരവും വൃത്തിയുമുള്ള അന്തരീക്ഷവും കൂട്ടിൽ ഉണ്ടാകണം.
ആണുങ്ങളെയും പെണ്ണുങ്ങളെയും തിരിച്ചറിയാം
മൂന്നാഴ്ച പ്രായമാകുേമ്പാൾ കഴുത്തിലെയും നെഞ്ചുഭാഗത്തെയും തൂവലുകളുടെ നിറവ്യത്യാസത്തിൽനിന്ന് ആൺ-പെൺ കാടകളെ വേർതിരിക്കാം. ആൺ കാടകൾക്ക് ഈ ഭാഗങ്ങളിൽ ചുവപ്പും തവിട്ടും കലർന്ന നിറത്തിലുള്ള തൂവലുകളാണെങ്കിൽ പെൺ കാടകൾക്ക് കറുപ്പ് പുള്ളികളടങ്ങിയ 'ടാൻ' അല്ലെങ്കിൽ ഗ്രേ നിറത്തിലുള്ള തൂവലുകളാണ് ഉണ്ടാകുക.
മറ്റുപക്ഷികളിൽനിന്ന് വ്യത്യസ്തമായി ആൺകാടകൾ പെൺകാടകളേക്കാൾ വലുപ്പം കുറഞ്ഞവയായിരിക്കും. പ്രായപൂർത്തിയായ ആൺകാടകളുടെ വിസർജനാവയവത്തിനടുത്ത് വിരൽകൊണ്ട് അമർത്തുകയാണെങ്കിൽ വെളുത്ത നിറത്തിൽ പത രൂപത്തിലുള്ള ഒരു ദ്രാവകം ഊറിവരുന്നതായി കാണാം. ഇത് ആൺകാടയെ പെൺകാടയിൽനിന്ന് വേർതിരിച്ചറിയാൻ സഹായിക്കുന്നു. ആറാഴ്ചകൊണ്ട് പ്രായപൂർത്തിയാവുന്ന ഒരു കാടക്ക് 150 ഗ്രാം തൂക്കമുണ്ടാകും.
പെൺകാടകൾ ഈ പ്രായത്തിൽ മുട്ടയിട്ടുതുടങ്ങുന്നു. മുട്ടയിടുന്ന കാടകൾക്ക് അതിന് സൗകര്യം ഉണ്ടാക്കിക്കൊടുക്കണം. അഞ്ചോളം കാടകൾക്ക് ഒരു പെട്ടി എന്ന നിലയിൽ ഡീപ് ലിറ്ററിൽ വെച്ചിരിക്കണം. പെൺകാടകൾക്ക് പ്രതിദിനം 16 മണിക്കൂർ വെളിച്ചം ആവശ്യമാണ്. കേജ് സമ്പ്രദായത്തിലും കാടകളെ വളർത്താം. 25 കാടകൾക്ക് 60x60x25 സെ.മീ. അളവിലുള്ള കൂടുകൾ മതി.
സമീകൃതാഹാരം വേണം
കോഴികളെപ്പോലെ സമീകൃതാഹാരം കാടകൾക്കും ആവശ്യമാണ്. ആദ്യ മൂന്നാഴ്ച സ്റ്റാർട്ടർ തീറ്റ കൊടുക്കാം. ഇതിൽ 27 ശതമാനം മാംസ്യവും 2800 കിലോ കലോറി ഊർജവും അടങ്ങിയിരിക്കണം. മുട്ടയിടുന്ന കാടകൾക്ക് തീറ്റയിൽ കക്കപ്പൊടി ചേർത്ത് നൽകണം. ഒരു വർഷത്തിൽ ഒരു കാട എട്ടു കിലോ തീറ്റയെടുക്കും. വിവിധയിനം കാടത്തീറ്റകൾ ലഭിക്കാത്ത സാഹചര്യത്തിൽ ഇറച്ചിക്കോഴിത്തീറ്റ 100 കിലോയിൽ രണ്ടു കിലോ മീൻപൊടിയും അഞ്ചു കിലോ കടലപ്പിണ്ണാക്കും ആറു ഗ്രാം ജീവകം ഇ പൊടിയും ചേർത്ത് തീറ്റയായി നൽകാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.