ആർക്കും അനുകരിക്കാം കലാഭവൻ നവാസിനെ
text_fieldsതൃശൂർ വടക്കാഞ്ചേരി ഒരുപാട് പ്രശസ്തരെ മലയാളത്തിന് നൽകി. ഭരതൻ, ഒടുവിൽ ഉണ്ണിക്കൃഷ്ണൻ, അബൂബക്കർ, കലാമണ്ഡലം ഹൈദരാലി... ആ നിര നീളുന്നു. മലയും പുഴയും പാടങ്ങളും ചേർന്ന ഗ്രാമം. കർഷകരും കൃഷിയും ഈ ഗ്രാമത്തിെൻറ ഹൃദയത്തോട് ചേർന്നതാണ്. ഇവിടെ ജനിച്ചുവളർന്ന പ്രമുഖരുടെ പിന്മുറക്കാരനായാണ് സിനിമയിലൂടെയും അനുകരണ കലയിലൂടെയും സ്റ്റേജ് ഷോകളിലൂടെയും മലയാളികളെ ചിരിപ്പിക്കുന്ന കലാഭവൻ നവാസ് എത്തുന്നത്. ഇവിടെ ജനിച്ച നവാസ് കണ്ടുവളർന്നത് കൃഷിയിടങ്ങളെയും കർഷകരെയുമാണ്. അതുകൊണ്ടാണ് സിനിമാഭിനയവും അനുകരണ കലയും പോലെ കൃഷിയും നവാസിന് പ്രിയപ്പെട്ടതായത്. വിവാഹശേഷം ആലുവ ചൂണ്ടിയിൽ വീടുവെക്കുവാൻ സ്ഥലം കണ്ടെത്തിയപ്പോൾ കൃഷി സൗകര്യമുള്ളയിടം തിരഞ്ഞെടുത്തതും അതുകൊണ്ടുതന്നെ.
പച്ചമുളക് മുതൽ മാങ്കോസ്റ്റിൻ വരെ
വീട്ടിലേക്ക് ആവശ്യമുള്ള പച്ചക്കറികൾ സാധാരണ പുറത്തുനിന്ന് വാങ്ങാറില്ല. എല്ലാം തോട്ടത്തിൽ ലഭിക്കും. വെണ്ട, വഴുതന, കോവൽ, പാവൽ, ചേമ്പ്, ചേന, മഞ്ഞൾ, വേപ്പ്, പച്ചമുളക്, ഇഞ്ചി തുടങ്ങിയവ ചെറിയ രീതിയിൽ ഇവിടെ കൃഷി ചെയ്യുന്നുണ്ട്. ആവശ്യത്തിനുള്ള പഴങ്ങളും ഇവിടെനിന്ന് ലഭിക്കും. മാങ്കോസ്റ്റിൻ, നോനി, റംബൂട്ടാൻ, 'സപ്പോട്ട, ലൂവി, സ്റ്റാർ ഫ്രൂട്ട്, സിങ്കപ്പൂർ ചെറി, ആപ്പിൾ ചാമ്പ, അത്തി, നാരകം, വാഴ, മാവ്, പ്ലാവ്, തെങ്ങ്, കവുങ്ങ്, ആഞ്ഞിലി, ലക്ഷ്മി തരു അങ്ങനെ വൃക്ഷങ്ങളുടെയും ചെടികളുടെയും നിര നീളും.
വീടിനോട് ചേർന്ന് 80 സെൻറ് സ്ഥലത്താണ് കൃഷി. ഭാര്യയും മക്കളും സമയം കിട്ടുേമ്പാഴൊക്കെ കൃഷിത്തോട്ടത്തിൽ ഉണ്ടാകും. 10 ആടുകളെയും വളർത്തുന്നുണ്ട്. വീട്ടിലേക്ക് ആവശ്യമായ പാൽ അങ്ങനെ ലഭിക്കും. കോഴികളെ വളർത്തുന്നതിനാൽ നാടൻ മുട്ടകൾക്കും പുറത്തുപോകണ്ട.
ആട് വളർത്തലും കോഴിവളർത്തലും മറ്റു കൃഷികളും ബിസിനസായി ചെയ്യുന്നതല്ല. വീട്ടിലെ ആവശ്യങ്ങൾക്ക് വിഷമയമില്ലാത്ത ഉൽപന്നങ്ങൾ ലഭിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ്. പിന്നെ സുഹൃത്തുക്കളും ബന്ധുക്കളും വരുേമ്പാൾ അവർക്കും ഇത് നൽകുന്നതും സന്തോഷമാണ്. വീടിനടുത്ത് കൃഷിസ്ഥലം ലഭിച്ചതും ഭാഗ്യമായി.
സാധ്യതയേറെ
കൃഷി തൊഴിലാക്കി എടുക്കുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. പക്ഷേ, കേരളത്തിലെ ഈ മണ്ണിന് സാധ്യതകൾ ഏറെയാണ്. ചെറിയ അധ്വാനം ഉണ്ടെങ്കിൽ ആവശ്യമായ പച്ചക്കറികൾ വിഷമയമില്ലാതെ നമുക്ക് ഉണ്ടാക്കാം.
എല്ലാ കറികളിലും ഉപയോഗിക്കുന്ന മുളകും കറിവേപ്പും കൃഷി ചെയ്യാൻ വലിയ സ്ഥലം വേണ്ടല്ലോ. ചെടിച്ചട്ടിയിൽ വളർത്താവുന്നതല്ലേയുള്ളൂ- അദ്ദേഹം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.