ക്ഷീരകൃഷിയിൽ 'ഷൈൻ' ചെയ്തു; കൂട്ടിനെത്തി പുരസ്കാരത്തിന്റെ പാൽമധുരം
text_fieldsതൊടുപുഴ: ഉടുമ്പന്നൂർ ചീനിക്കുഴിയിലെ ഷൈനിന്റെ ഫാമിൽ ഇപ്പോൾ സംസ്ഥാന അംഗീകാരം കൊണ്ടുവന്ന ആനന്ദത്തിന്റെ പാൽമഴയാണ്. 15 വർഷത്തെ അധ്വാനത്തിലൂടെ പാൽഉൽപാദന രംഗത്ത് 47കാരനായ ഈ കർഷകൻ വെട്ടിപ്പിടിച്ച നേട്ടങ്ങൾക്ക് ക്ഷീരവികസന വകുപ്പിന്റെ അംഗീകാരം അധ്വാനത്തിനുള്ള മുദ്ര കൂടിയാകുന്നു.
സംസ്ഥാനത്തെ മികച്ച ക്ഷീര കർഷകന് വകുപ്പ് ഏർപ്പെടുത്തിയ ഒരു ലക്ഷം രൂപയുടെ പുരസ്കാരമാണ് തൊടുപുഴ ഉടുമ്പന്നൂർ ചീനിക്കുഴി കുറുമുള്ളാനിയിൽ കെ.വി. ഷൈനിനെ തേടിയെത്തിയത്.
ഐ.ടി.ഐ പഠനം കഴിഞ്ഞ എ.സി മെക്കാനിക്കായി ജോലി ചെയ്യുന്നതിനിടെ 15 വർഷം മുമ്പാണ് ഷൈൻ ക്ഷീരകൃഷിയിലേക്ക് കടന്നത്. ചെറുപ്പം മുതൽ പശുവളർത്തലിലുള്ള താൽപര്യമായിരുന്നു പ്രേരണ.
നാല് പശുക്കളുമായി തുടങ്ങിയ ഫാമിൽ ഇപ്പോൾ എച്ച്.എഫ്, ജഴ്സി ഇനങ്ങളിൽപ്പെട്ട പശുക്കളും കിടാരികളും പശുക്കുട്ടികളും ഉൾപ്പെടെ 250ഓളം ഉണ്ട്. പ്രതിദിനം 2600 ലിറ്ററിലധികം പാൽ വിപണനം നടത്തുന്നു. ഇതിൽ 2000ലിറ്ററോളവും മിൽമ സംഭരിക്കും. ബാക്കി പ്രാദേശികമായ വിൽപനയാണ്. മറ്റ് പാൽ ഉൽപന്നങ്ങളുടെ വിപണനവുമുണ്ട്.
പ്രതിദിനം 45 ലിറ്റർ വരെ പാൽ നൽകുന്ന പശുക്കളും ഫാമിലുണ്ട്. സ്വന്തമായി നാലേക്കർ സ്ഥലത്ത് തീറ്റപ്പുൽ കൃഷി നടത്തുന്നു. ഫാമിൽനിന്നുള്ള മലിനജലം മറ്റ് കൃഷികൾക്ക് വളമായി മാറും. ചാണകം ഉണക്കി സ്വന്തം കൃഷിക്ക് ഉപയോഗിക്കുന്നതിന് പുറമെ വിൽപനയുമുണ്ട്.
ക്ഷീരകൃഷിയിലെ മികവിന് മൃഗസംരക്ഷണ വകുപ്പിന്റെ ജില്ല അവാർഡ്, ക്ഷീരവികസന വകുപ്പിന്റെ എറണാകുളം മേഖല സഹകാരി അവാർഡ് തുടങ്ങിയ അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. സുബിയാണ് ഭാര്യ. മക്കൾ: അഞ്ജന (യു.കെ), നന്ദന, അഭിരാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.