ഏതു കാലാവസ്ഥയിലും ചെയ്യാം പയർകൃഷി
text_fieldsഏതു കാലാവസഥയും പയർ കൃഷിക്ക് അനുയോജ്യമാണ്. പച്ചക്കറിയിൽ പ്രധാന സ്ഥാനം പയറിനുണ്ട്. രണ്ടു തരം പയറുകളുണ്ട്. കുറ്റിപ്പയറും വള്ളിപ്പയറും. അടുക്കളത്തോട്ടമായും വാണിജ്യകൃഷിയായും പയർ സ്ഥാനംപിടിച്ചിട്ടുണ്ട്. രണ്ടുമൂന്ന് േഗ്രാബാഗ് പയർ കൃഷി ഇന്ന് ഓരോ വീട്ടിലും സർവസാധാരണമാണ്. ഭാഗ്യലക്ഷ്മി എന്ന ഇനമാണ് കുറ്റിപ്പയറിൽ മികച്ചത്. കൂടാതെ കൈരളി, അനശ്വര എന്നിവയുമുണ്ട്. ലോല, വൈജയന്തി, ശാരിക, വെള്ളായണി ജ്യോതിക എന്നിവ മികച്ച പടരുന്ന പയറിനങ്ങൾ ആണ്.
ഇതുകൂടാതെ അത്യുൽപാദനശേഷിയുള്ള ഇനം ഹൈബ്രിഡ് വിത്തുകളും സുലഭമാണ്. വാങ്ങുമ്പോൾ കാലാവധി കഴിഞ്ഞില്ലെന്ന് പാക്കറ്റ് നോക്കി ഉറപ്പുവരുത്തണം. േഗ്രാബാഗിലും ചെറുതടങ്ങളിലും മണ്ണിൽ നിന്നും ഉയർത്തി കൂനകൂട്ടിയും ഒരു ദിവസം കുതിർത്ത അല്ലെങ്കിൽ നേരത്തേ പാകിമുളപ്പിച്ച തൈകളും ഉപയോഗിക്കാം. 45 സെ.മീ. x 15 സെ.മീ. അകലത്തിൽ നടാം. ഒരു തടത്തിൽ മൂന്ന് തൈകൾ വരെ നടാം. കൃഷിയിടം നന്നായി ഉഴുതുമറിച്ച് കട്ടകൾ ഉടച്ച് മണ്ണ് പരുവപ്പെടുത്തിയശേഷം കുമ്മായം ചേർക്കണം. ഇത് നടീലിന് 15 ദിവസം മുമ്പ് ചേർക്കുന്നതാണ് നല്ലത്.
അടിവളമായി ചാണകം, മണ്ണിരക്കമ്പോസ്റ്റ്, കോഴിവളം എന്നിവ ഉപയോഗിക്കാം. ജൈവവളങ്ങൾ തടങ്ങളിൽ രണ്ടാഴ്ച ഇടവേളകളിൽ ഇട്ടുകൊടുക്കണം. വളർച്ചാത്വരകങ്ങളായ മത്തി ശർക്കര മിശ്രിതം, വെർമിവാഷ്, പഞ്ചഗവ്യം എന്നിവ വെള്ളത്തിൽ നേർപ്പിച്ച് തടത്തിൽ ഒഴിക്കാം. വള്ളികളിൽ തളിച്ചുകൊടുക്കാം. മേൽവളം ഇട്ടശേഷം ചെറുതായി മണ്ണിളക്കി കൊടുത്താൽ ചെടിക്ക് നല്ല വേരോട്ടവും വളർച്ചയും കൂടും. വള്ളി വീശാൻ തുടങ്ങുമ്പോൾ പന്തലിൽ കയറ്റിവിടണം. ചൂടിക്കയറുകൊണ്ടുള്ള പന്തലും പ്ലാസ്റ്റിക് നെറ്റ് ഉപയോഗിച്ചുള്ള പന്തലും ഉപയോഗപ്പെടുത്താം. കുറ്റിപ്പയർ ആണെങ്കിൽ ഉണങ്ങിയ മരച്ചില്ലകൾ നാട്ടിക്കൊടുക്കാം. നല്ല കായിക വളർച്ച ഉണ്ടാകുന്ന അവസരത്തിൽ ഇലകൾ ചെറുതായി നുള്ളിക്കളഞ്ഞാൽ പൂവിടുന്നത് കൂടുന്നതായി കാണപ്പെടുന്നു. പയർ അധികം മൂക്കുംമുമ്പേ വിളവെടുത്ത് തുടങ്ങണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.