മഹാത്മയിലെ കൃഷി മാഹാത്മ്യം
text_fieldsസ്വന്തം വീട്ടില്‍ കൃഷി ചെയ്യാനും ഭക്ഷണം കഴിക്കാനും യോഗമുണ്ടായില്ലെങ്കിലും എത്തിപ്പെട്ട 'കുടുംബ'ത്തില്‍ കൃഷി ചെയ്ത് വിളവെടുക്കുന്ന അന്തേവാസികള്‍ നാടിനൂ തന്നെ മാതൃകയാകുന്നു. വിഷമയമില്ലാത്ത പച്ചക്കറികളും മറ്റും വിളവെടുത്ത് അവിടെ തന്നെ ഭക്ഷണമായി ലഭിക്കുമ്പോള്‍ അവരുടെ മുഖത്ത് ആത്മനിര്‍വൃതി.
അടൂര്‍ മഹാത്മ ജനസേവന കേന്ദ്രം കൊടുമണ്‍ അങ്ങാടിക്കല്‍ കുളത്തിനാല്‍ യൂനിറ്റിലെ മൂന്നേക്കറിലാണ് സമ്മിശ്ര കൃഷി ചെയ്യുന്നത്. കൃഷി കൂടി ലക്ഷ്യമിട്ടാണ് മഹാത്മ ജനസേവന കേന്ദ്രം ചെയര്‍മാന്‍ രാജേഷ് തിരുവല്ല അഗതിമന്ദിരം നിര്‍മിക്കാന്‍ ഇവിടെ ഭൂമി വാങ്ങിയത്. ഇവിടെയുണ്ടായിരുന്ന റബര്‍ മരങ്ങള്‍ ഒഴിവാക്കിയാണ് കൃഷി തുടങ്ങിയത്.
പച്ചക്കറി, സുഗന്ധവ്യഞ്ജനങ്ങള്‍, പഴവര്‍ഗങ്ങള്‍, ഔഷധസസ്യങ്ങള്‍, പൂച്ചെടികള്‍ എന്നിവയെല്ലാം ഇവിടെ വിളയുന്നു. വാഴ, തക്കാളി, പടവലം, പാവല്‍, വള്ളിപയര്‍, കോളി ഫ്‌ളവര്‍, കാബേജ്, കാന്താരി, വെള്ളരി, വെണ്ട, ചീര എന്നിവയും മഞ്ഞള്‍, ഇഞ്ചി, കുരുമുളക്, ഗ്രാമ്പു, ഏലം തുടങ്ങിയവയും അമ്പഴം, ഓറഞ്ച്, പനിനീര്‍ ചാമ്പ, കടച്ചക്ക, മാംഗോസ്റ്റിന്‍, നെല്ലി, പേര, പാഷന്‍ ഫ്രൂട്ട് എന്നിവയും മറ്റു ഫലവൃക്ഷങ്ങളും ഔഷധ സസ്യങ്ങളും പൂചെടികളും എന്നിവയെല്ലാം ചേര്‍ന്ന ഹരിത ഗ്രാമമാണ് ഇവിടെ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. പ്രമേഹരോഗികള്‍ക്കും കഴിക്കാവുന്ന കപ്പ (മരച്ചീനി)യാണ് ഇവിടെ കൃഷി ചെയ്യുന്നത്. വലിയ കുളത്തില്‍ മത്സ്യം വളര്‍ത്തലുമുണ്ട്.
പന്നി ശല്യം മാത്രമാണ് ഇവിടെ കൃഷിക്ക് പ്രതിസന്ധിയായുള്ളത്. എങ്കിലും മറ്റു കൃഷിയിടങ്ങളിലേപ്പോലെ നാശനഷ്ടങ്ങള്‍ അവര്‍ ഇവിടെ വരുത്തിയിട്ടില്ലെന്ന് രാജേഷ് തിരുവല്ല പറഞ്ഞു.
വയോജന പരിപാലനം, യാചക പുനരധിവാസം എന്നീ മേഖലകളിലായി പ്രവര്‍ത്തിക്കുന്ന 'മഹാത്മ'യുടെ അടൂരിലെ മുഖ്യ കേന്ദ്രത്തിലും ചെങ്ങന്നൂര്‍, കോഴഞ്ചേരി, കൊടുമണ്‍-അങ്ങാടിക്കല്‍, കുളത്തിനാല്‍ എന്നിവിടങ്ങളിലെ യൂനിറ്റുകളിലും ശുദ്ധമായ പച്ചക്കറികളും പഴങ്ങളും ഉപയോഗിക്കുവാന്‍ കഴിയുന്നു എന്നതാണ് കൃഷിയുടെ ഗുണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.