മാമ്പൂ കൊഴിയുന്നുണ്ടോ.. പരിഹാരമുണ്ട്
text_fieldsകേരളത്തിലെ മിക്കവാറും എല്ലാ വീടുകളിലും കണ്ടുവരുന്ന ഫലവൃക്ഷമാണ് മാവ്. മാങ്ങ ഉണ്ടാകുമ്പോൾ അത് പറിക്കാമെന്നല്ലാതെ മാവിന് വരുന്ന രോഗങ്ങളെക്കുറിച്ചൊന്നും ആരും ശ്രദ്ധിക്കാറില്ല. അത് തനിയെ വളർന്ന് പന്തലിച്ച് കൊല്ലാകൊല്ലം സമയമാകുമ്പോൾ കായ്ഫലം തരുമെന്നാണ് നമ്മുടെ വിശ്വാസം. പണ്ട് പറമ്പിലും തൊടിയിലും കുറേ മാവുകളും ഉണ്ടായിരുന്നു. ഫ്ലാറ്റുകളിലേക്കും വില്ലകളിലേക്കും വീട് മാറിയതോടെ ഒരു മാവ് ഉണ്ടാകുന്നത് തന്നെ വലിയ കാര്യമാണ്. അതുകൊണ്ട് നല്ല കായ്ഫലം തരാനായി ഒരിത്തിരി ശ്രദ്ധ മാവുകൾക്കും കൊടുക്കാം.
കൊമ്പുണക്കം, കരിംപൂപ്പ്, ആന്ത്രക്നോസ്, ചൂര്‍ണപൂപ്പ് എന്നീ രോഗങ്ങൾക്ക് പുറമെ മാവിനെയും മാമ്പഴത്തേയും ആക്രമിക്കുന്ന കീടങ്ങളാണ് മാമ്പൂഹോപ്പറും മാമ്പഴ ഈച്ചയും.ഇലകളില്‍ തവിട്ടോ കറുപ്പോ നിറത്തില്‍ വട്ടത്തില്‍ കരിഞ്ഞുതുടങ്ങുന്നതാണ് കൊമ്പുണക്കത്തിന്‍റെ പ്രാരംഭലക്ഷണം. തളിരിലകളെയും ഇളംകമ്പുകളെയുമാണ് രോഗം പെട്ടെന്നു ബാധിക്കുക. ക്രമേണ ഇലകള്‍ കരിഞ്ഞുണങ്ങി അടര്‍ന്നുവീഴുന്നു. ഇല മുഴുവനായി കൊഴിഞ്ഞുപോകുന്നതും കൊമ്പുകള്‍ കരിയുന്നതും കൊമ്പുണക്കത്തിന്‍റെ ലക്ഷണങ്ങള്‍തന്നെ.
രോഗം ബാധിച്ച ഉണങ്ങിയ കൊമ്പുകള്‍ രണ്ട് ഇഞ്ച് കീഴെ വച്ച്‌മുറിച്ചു മാറ്റി ബോര്‍ഡോ കുഴമ്പ് പുരട്ടണം. സ്യൂഡോമോണസ് 20 ഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ കലക്കി മാവില്‍ തളിക്കുന്നതും കൊമ്പുണക്കത്തെ പിടിച്ചുനിര്‍ത്തും. രോഗബാധയുള്ളതോ ഇല്ലാത്തതോ ആയ മാവുകളിലും ബോർഡോമിശ്രിതം ഒരു ശതമാനം വീര്യത്തിൽ തയാറാക്കി തെളിക്കാവുന്നതാണ്.
മാവിന്‍റെ ഇലകളിലും പൂങ്കുലയിലും മാങ്ങയിലും കറുപ്പുനിറം അതിക്രമിച്ചു കയറുന്നതാണ് കരിംപൂപ്പ് രോഗത്തിന്‍റെ ലക്ഷണം. മുകുളങ്ങളുടെ വളര്‍ച്ച മുരടിക്കുക, മാവ് തളിരിടാതിരിക്കുക എന്നതെല്ലാം ലക്ഷണങ്ങളാണ്. കഞ്ഞിവെള്ളം മാവിന്‍റെ എല്ലാ ഭാഗങ്ങളിലും വീഴത്തക്ക വിധം തളിക്കുന്നത് രോഗനിയന്ത്രണമാകും. കരിംപൂപ്പ് ഉണങ്ങിയ കഞ്ഞിവെള്ളത്തോടൊപ്പം ഇളകിപ്പോകും. രണ്ടാഴ്ചയ്ക്കു ശേഷം ഒരു ശതമാനം വീര്യത്തില്‍ ബോര്‍ഡോ മിശ്രിതം തളിക്കാം.
തളിരിലകളിലും പൂങ്കുലകളിലും വെളുത്ത പൊടി പറ്റിപ്പിടിച്ചിരിക്കുന്നതാണ് ചൂര്‍ണപൂപ്പ്. പച്ചനിറം നശിച്ച് നരച്ചുതുടങ്ങുന്ന ഇലകള്‍ കാലക്രമേണ കൊഴിയുന്നു. പൂകൊഴിച്ചിൽ, ആകൃതിയില്ലാത്ത മാങ്ങകൾ, എന്നിവയെല്ലാം ചൂർണപൂപ്പ് മൂലം ഉണ്ടാകുന്നതാണ്. വെറ്റബിള്‍ സള്‍ഫര്‍ ആണ് ചൂര്‍ണപൂപ്പില്‍ നിന്നുമുള്ള മാവിന്‍റെ സംരക്ഷകന്‍. മാവ് പൂവിടുന്നതിന് തൊട്ടുമുമ്പും കണ്ണിമാങ്ങ നിരന്നുകഴിഞ്ഞശേഷവും രണ്ടുഗ്രാം വെറ്റബിള്‍സള്‍ഫര്‍ ഒരുലിറ്റര്‍ വെള്ളത്തില്‍ കലക്കി മാവില്‍ തളിക്കണം.
ഇലകളിലും കായകളിലും തവിട്ടുനിറത്തിലുള്ള പൊട്ടുകള്‍ പ്രത്യക്ഷപ്പെടുന്നതാണ് ആന്ത്രാക്നോസിന്റെ പ്രാരംഭലക്ഷണം. പാകമായ കായകള്‍ അഴുകുന്നതിനും ഇലകള്‍ ധാരാളമായി പൊഴിയുന്നതിനും ആന്ത്രക്നോസ് കാരണക്കാരനാകുന്നു. സ്യൂഡോമോണസ് 20 ഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ കലക്കിത്തളിക്കാം
മാവിന്‍റെ ഇളം നാമ്പിനുള്ളിലും പൂങ്കുല തണ്ടിനുള്ളിലും ഇലക്കുള്ളിലുമാണ് മാമ്പൂ ഹോപ്പറുകള്‍ മുട്ടയിടുക. ഇളംതണ്ടുകളും പൂങ്കുലകളും കരിഞ്ഞുണങ്ങുന്നു. ഹോപ്പറുകളുടെ മധുര വിസര്‍ജ്യം ഇലകളില്‍ പതിക്കുന്നതും അവിടെ കരിംപൂപ്പ് വളരുന്നതും നമ്മുടെ മാവുകളിലെ പ്രധാന പ്രശ്നം. വേപ്പെണ്ണ ബാര്‍സോപ്പ് എമല്‍ഷന്‍, വീര്യംകുറഞ്ഞ കീടനാശിനിയായ മാലത്തിയോണ്‍ എന്നിവ തളിക്കാം.
പെണ്‍ മാമ്പഴ പുഴു മാങ്ങയുടെ തൊലിക്കടിയില്‍ മുട്ടയിടുന്നു. രണ്ടുമൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ പുഴുക്കള്‍ വിരിഞ്ഞുവരികയും ഉള്‍ഭാഗത്തിന് പൂര്‍ണവളര്‍ച്ച പ്രാപിക്കുന്നതുമാണ് വളര്‍ച്ചാരീതി. പുഴുബാധയേറ്റ മാങ്ങ പൊഴിയും. പൊഴിഞ്ഞ മാങ്ങകള്‍ ശേഖരിച്ച് നശിപ്പിക്കണം. ഫെറമോണ്‍ കെണി (മീഥൈല്‍ യുജിനോള്‍ കെണി) മരത്തിന് ഒന്ന് എന്ന രീതിയില്‍ മാവിന്‍റെ ശിഖരത്തില്‍ തൂക്കിയിട്ട് ആണ്‍ ഈച്ചകളെ ആകര്‍ഷിച്ച് നശിപ്പിക്കാം. തുളസിയിലച്ചാറും ശര്‍ക്കരയും ചേര്‍ത്ത് തയ്യാറാക്കുന്ന തുളസിക്കെണി ഒരുമരത്തിന് നാല് എന്ന കണക്കില്‍ ശിഖരങ്ങളില്‍ തൂക്കിയിടുന്നതും കായീച്ചകളെ കുടുക്കും. മണ്ണിലെ മാമ്പഴ ഈച്ചയെ ഇല്ലാതാക്കാൻ മാവിന്‍തടത്തിലെ മണ്ണ് ഇളക്കിയശേഷം ബിവേറിയബാസിയാന എന്ന മിത്രകുമിള്‍ 100 ഗ്രാം അഞ്ചുലിറ്റര്‍ വെള്ളത്തില്‍ കലക്കിഒഴിച്ചുകൊടുക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.