ഉയർച്ചയുടെ പടവുകൾ
text_fieldsകർഷകർക്ക് അവരുടെ അധ്വാനത്തിനനുസൃതമായ പ്രതിഫലം ലഭിക്കാറില്ലെന്നത് കാലങ്ങളായുള്ള പരിഭവമാണ്. പകലന്തിയോളം പണിയെടുത്താലും കിട്ടുന്ന വരുമാനം തുച്ഛം. ഇടനിലക്കാരുടെ ചൂഷണവും ഫണ്ടിന്റെ ലഭ്യതക്കുറവും ഉൽപന്നങ്ങളുടെ വിലക്കുറവും കൃത്യമായ സംയോജനത്തിന്റെ അഭാവവുമാണ് കർഷകർക്ക് വിനയാവുന്നത്. 70 ശതമാനവും കാർഷികവൃത്തിയിൽ ഏർപ്പെടുന്നവരായതുകൊണ്ടുതന്നെ പട്ടിണിയും പരിവട്ടവും ഇല്ലാത്ത നാളുകളെ കുറിച്ച് വയനാട്ടുകാർക്ക് പറയാനുണ്ടാവില്ല. കർഷകരുടെ അതിജീവനത്തിനായുള്ള പോരാട്ടം എന്നനിലക്കാണ് ബി.ഡി.എസ് (ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റി) പിറവിയെടുക്കുന്നത്. സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുന്നതിന് ആധുനിക സാങ്കേതികവിദ്യകളും സംവിധാനങ്ങളും ഫലപ്രദമായി പ്രയോജനപ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യം.
ഘട്ടം ഘട്ടമായുള്ള പ്രവർത്തനങ്ങളിലൂടെ 2013ലാണ് മഞ്ഞാടിയിൽ 22 കോടി രൂപ ചെലവഴിച്ച് മാംസ സംസ്കരണ ഫാക്ടറി ആരംഭിക്കുന്നത്. ബീഫ്, ആട്, കോഴി, താറാവ് തുടങ്ങിയവയുടെ ഉൽപാദനം മുതൽ ഉപഭോക്താവിന്റെ കൈയിലെത്തുന്നതുവരെയുള്ള മുഴുവൻ പ്രോസസിങ്ങും ഒരുകുടക്കീഴിൽ വിജയകരമായി പരീക്ഷിച്ചു. സൊസൈറ്റിക്ക് വേണ്ടി നിക്ഷേപകർ, കുടുംബശ്രീകൾ, ക്ഷീരകർഷകർ തുടങ്ങിയവരിൽനിന്ന് സ്വീകരിച്ച 50 കോടിയും ഫാക്ടറി നിർമാണത്തിനുള്ള അഞ്ച് കോടി ഉൾപ്പെടെ വിവിധ ഘട്ടങ്ങളിൽ സർക്കാർ നൽകിയ 10 കോടിയുമായിരുന്നു ബി.ഡി.എസിന്റെ ആസ്തി.
ബി.ഡി.എസിന്റെ വിപ്ലവകരമായ പദ്ധതിയായിരുന്നു മാംസ സംസ്കരണ ശാല. ഉയർന്ന ഗുണമേന്മയുള്ള ബീഫ്, ആട്ടിറച്ചി, മുയൽ, കോഴി ഉൽപന്നങ്ങൾ സംസ്കരിച്ച് പാക് ചെയ്ത് മലബാർ മീറ്റ് എന്ന ബ്രാൻഡിൽ മലബാർ മേഖലയിലുടനീളം വ്യാപിച്ചുകിടക്കുന്ന ഏജൻസികൾ വഴി വിതരണം ചെയ്യുന്നതായിരുന്നു പദ്ധതി. വയനാട്ടിലും കണ്ണൂരിലും നബാർഡിന്റെ സഹായത്തോടെ കുടുംബശ്രീ മിഷൻ നടത്തുന്ന 40 കോടിയുടെ കന്നുകാലിവളർത്തൽ പദ്ധതിയിലൂടെയാണ് ഉരുക്കളെ ഇതിനായി ലഭ്യമാക്കിയത്.
ഇറച്ചിസംസ്കരണ ശാലക്ക് പുറമെ അവിടെത്തന്നെ ഫാസ്റ്റ് ഫുഡ്, വിപുലമായ കാർഷിക നഴ്സറി എന്നിവയും കുറഞ്ഞകാലത്തിനുള്ളിൽ പിറവിയെടുത്തു. ഹെക്ടർ കണക്കിന് പാടശേഖരങ്ങൾ പാട്ടത്തിനെടുത്ത് നാടൻ വിത്തുൽപന്നങ്ങൾ ഉപയോഗിച്ച് ആരംഭിച്ച നെൽകൃഷിയും കന്നുകുട്ടികളെ വളർത്തുന്നതിന് ആരംഭിച്ച ഫാമുകളും വിജയംതന്നെയായിരുന്നു. കേരള ചിക്കൻ ആരംഭിച്ചത് സൊസൈറ്റിയുടെ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുമെന്ന് പലരും കരുതി. വളർത്താൻ നൽകുന്ന കോഴികൾക്ക് സ്വകാര്യ കമ്പനികൾ കർഷകർക്ക് കിലോക്ക് ആറു രൂപ വരെ നൽകിയപ്പോൾ, കേരള ചിക്കൻ 11 രൂപവരെ നൽകി.
വയനാട് കോഫി എന്നപേരിൽ ആരംഭിച്ച കാപ്പി വിപണനവും കേരള ഫിഷുമൊക്കെ 2018വരെ നല്ല നിലയിൽതന്നെ മുന്നോട്ടുപോയി. അതിനിടയിൽ മംഗലാപുരത്തും പാലക്കാടും പൊള്ളാച്ചിയിലും കോഴി ഫീഡർ ഫാം, മുട്ട വിരിയിക്കുന്ന ഫാക്ടറി, ചിക്കൻ സംസ്കരണ യൂനിറ്റ് എന്നിവയും ആരംഭിച്ചു. നിക്ഷേപകരായ 900ത്തോളം പേർക്ക് 2018വരെ കൃത്യമായി പലിശ നൽകാനും ലാഭവിഹിതത്തിലൂടെ സൊസൈറ്റിക്ക് സാധിച്ചു. 2018ന് ശേഷമാണ് ബി.ഡി.എസിന്റെ ശനിദശ ആരംഭിക്കുന്നത്. ആ വർഷം കോടികൾ മുടക്കി ആരംഭിച്ച കേരള ചിക്കൻ പദ്ധതിക്ക് സർക്കാർ അനുവദിച്ച 20 കോടി ലഭിക്കാതിരുന്നതും കൊറോണ വ്യാപനം വ്യവസായത്തെ പിടിച്ചുകുലുക്കിയതും വിഘാതമായി. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 106 ചിക്കൻ ഫാമുകളും മലബാറിന്റെ വിവിധ ഭാഗങ്ങളിൽ ആരംഭിച്ച നൂറിലധികം ഫ്രാഞ്ചൈസി ഔട്ലറ്റുകളും ഇല്ലാതായി. ഫാക്ടറി പ്രവർത്തനവും നാമമാത്രമായി. കാർഷിക നഴ്സറി ഒഴികെയുള്ളവയുടെ പ്രവർത്തനം നിർത്തിവെച്ചു. നൂറുകണക്കിന് കുടുംബങ്ങളുടെ അത്താണിയും പ്രതീക്ഷയുമായിരുന്ന സൊസൈറ്റിയെ പ്രതിസന്ധികളിൽനിന്ന് കരകയറ്റി കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമങ്ങൾ ബന്ധപ്പെട്ടവരുടെ ഭാഗത്ത് കാര്യമായി ഉണ്ടായതുമില്ല.
നാളെ - ആപ്പിലായി നിക്ഷേപകർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.