മലീഹയിൽ പൂക്കുന്ന ക്ഷീര വിപ്ലവം
text_fieldsഗോക്കളെ മേച്ചും കളിച്ചും ചിരിച്ചും കറുകപ്പുല്ല് കടിച്ചും കാടികുടിച്ചും ക്ഷീര വിപ്ലവത്തിന് തുടക്കമിട്ടിരിക്കുകയാണ് ഷാർജയുടെ ചരിത്ര നഗരമായ മലീഹ. 1,250 പശുക്കളുമായാണ് അറബ് സാംസ്കാരിക മേഖലയുടെ ചരിത്ര നഗരം പുതുചരിത്രം രചിച്ചിരിക്കുന്നത്. ഗോതമ്പ് വയലുകളുടെ തീരത്താണ് ഡൻമാർക്കിൽ നിന്നും ജർമനിയിൽ നിന്നും എത്തിയ പശുക്കൾക്ക് ആധുനിക തൊഴുത്തുകൾ ഒരുക്കിയിരിക്കുന്നത്. പാടത്തിന് സമീപത്തായി കാലികൾക്ക് തിന്നുരസിക്കാനായി തീറ്റ പുല്ലുകളുടെ പാടങ്ങളും പച്ചപ്പണിഞ്ഞു കഴിഞ്ഞു.
പൗരാണിക അറബ് ഗോത്ര സംസ്കൃതിയുടെ ഈറ്റില്ലമാണ് മലീഹ. കാർഷിക-ക്ഷീര മേഖലയുടെ വസന്തഭൂമി. പ്രദേശത്ത് നടന്ന ഉദ്ഖനനങ്ങളിൽ നിന്ന് നിരവധി ചരിത്രങ്ങളാണ് ഉയർന്നുവന്നത്. ബദുവിയൻ ജീവിതത്തിന്റെ സമ്പന്നമായ ഭൂതകാലത്തെ അടയാളപ്പെടുത്തുന്ന ഇരുമ്പും ചെമ്പും വെങ്കലവും ഉപയോഗിച്ച് തീർത്ത കലപ്പകളും ചക്രങ്ങളും ആഭരണങ്ങളും കാർഷിക ഉപകരണങ്ങളും മൺപാത്രങ്ങളും തുടങ്ങി നിരവധി സാധന സാമഗ്രികളാണ് ഇവിടെ നിന്ന് കുഴിച്ചെടുത്തത്. ഇതിലെല്ലാം തന്നെ കാലിവളർത്തലിൽ ഷാർജക്ക് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ടെന്നതിന്റെ തെളിവുകൾ ധാരാളമുണ്ടായിരുന്നു. ഹാരപ്പൻ നാഗരികതയിലേക്കും മെസോപ്പൊട്ടോമിയയിലേക്കും നീളുന്ന ചരിത്ര പാതകളാണ് മലീഹയിലുള്ളത്. അറബിന് സമാനമായ ഹാരപ്പൻ ലിപി പോലും ഇത് അക്കമിടുന്നുണ്ട്. അതത് പ്രദേശത്തെ സമ്പന്നമായ ചരിത്രത്തെ, പുസ്തക താളുകൾക്കായി മാത്രം മാറ്റിവെക്കാതെ വരും തലമുറക്ക് അനുഭവിച്ചറിയാനുള്ള അവസരം ഒരുക്കുവാനാണ് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഫാമിന്റെ ഉദ്ഘാടനം നിർവഹിച്ചതിന് ശേഷം ഉത്തരവിട്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ക്ഷീര-കാർഷിക വകുപ്പ് ഡയറി ഫാം തുറന്നിരിക്കുന്നത്.
മലീഹയുടെ സമ്പന്നമായ ക്ഷീരമേഖലയെ വീണ്ടും ഉണർത്തി ഷാർജയുടെ വാണിജ്യ മേഖലയിൽ ആരോഗ്യ വിപ്ലവം തീർക്കുവാനാണ് ഇതുവഴി ലക്ഷ്യം വെക്കുന്നത്. അതുകൊണ്ടു തന്നെ എ2എ2 ഇനത്തിൽപ്പെട്ട പാലാണ് ഇവിടെ നിന്ന് കറന്നെടുക്കുന്നത്. പീതവർണമാർന്ന മലീഹ മരുഭൂമിയിൽ ഗോതമ്പ് കൃഷി ചെയ്ത് ഹരിത വിപ്ലവം തീർത്ത അതേ കാഴ്ച്ചപ്പാടുതന്നെയാണ് ക്ഷീര വിപ്ലവത്തിനും കരുത്താകുന്നത്. മലീഹയിലെ മരുഭൂമിയിൽ പശുക്കൾക്ക് മേയാനുള്ള പുൽമേടുകൾ രൂപപ്പെട്ടു കഴിഞ്ഞു. ആധുനിക സംവിധാനമുള്ള തൊഴുത്തുകളും കറവക്കാരും സംസ്കരണ യൂണിറ്റുകളുമാണ് ഒരുക്കിയിരിക്കുന്നത്. കറവയുടെ പുതുമ മാറും മുമ്പ് ഷാർജയുടെ കണിയായി മാറാനാണ് മലീഹ പാലിന്റെ വെൺമ തുടിക്കുന്നത്. ഫോസിൽ റോക്കുകൾക്കിടയിലൂടെ കുടമണി കിലുക്കി ഗോപ വൃന്ദങ്ങൾ വരുന്നത് കാണുമ്പോൾ അന്തിച്ചു നിൽക്കുന്ന ഒട്ടക കൂട്ടങ്ങളെ സങ്കൽപ്പിച്ച് നോക്കൂ. അത്തരത്തിലുള്ള ജൈവീക കാഴ്ച്ചകളാണ് മലീഹയിലെത്തുന്നവരെ കാത്തിരിക്കുന്നത്.
ന്യൂസിലൻഡിലും ആസ്ട്രേലിയയിലുമെല്ലാം സ്വാധീനമുള്ള എ2 പാൽ ആണ് മലീഹയിലും കറന്നെടുക്കുക. ലോകമെങ്ങും എ2 പാലിനു പ്രചാരം ഏറിവരുകയാണ്. ആരോഗ്യമേഖലയിൽ പഠനങ്ങൾ നടത്തിയിരുന്ന ഡോ. മക് ലക്കൻ എന്ന ന്യൂസിലൻഡ് ഗവേഷകന്റെ കണ്ടെത്തലുകളാണ് രണ്ടായിരത്തിന്റെ തുടക്കത്തിൽ എ2 പാൽ സംബന്ധമായ ചർച്ചകൾക്കു വഴിവെച്ചത്. സങ്കരയിനം പശുക്കളുടെ പാലിലെ പ്രോട്ടീനിൽ അടങ്ങിയ എ വൺ ബീറ്റാ കേസിൻ, ആരോഗ്യപ്രശ്നങ്ങൾക്കു വഴി തെളിച്ചേക്കാം എന്നായിരുന്നു മക് ലക്കന്റെ കണ്ടെത്തൽ. തനത് ജനുസുകളിൽപ്പെട്ട പശുക്കളുടെ പാലിൽ എ വണ് ബീറ്റാ കേസിൻ ഇല്ല എന്നും അദ്ദേഹം വാദിച്ചു. അതുകൊണ്ടു തന്നെ നാടൻ പശുക്കളുടെ പാലിനെ എ2 മിൽക് എന്ന് അദ്ദേഹം വിളിച്ചു. എ2 മിൽക്കാണ് ആരോഗ്യത്തിനു ഗുണകരമെന്ന് അടിവരയിട്ടു പറയുകയും ചെയ്തു. ഡയറി സംരംഭകരായ ചില സുഹൃത്തുക്കളുമായി ചേർന്ന് രണ്ടായിരത്തിൽ അദ്ദേഹം എ2 കമ്പനി സ്ഥാപിച്ചു. ന്യൂസിലൻഡിലെ വൻകിട ഡയറി സംരംഭകർ, എ2 മിൽക് വാദികൾക്കെതിരെ കലാപമുയർത്തി. വിവാദങ്ങളും നിയമയുദ്ധങ്ങളും പൊടിപാറി. 2003ൽ കെയ്ത്ത് വുഡ്ഫോർഡ് എന്ന ന്യൂസിലൻഡ് ഗവേഷകൻ രചിച്ച ‘ഡെവിൾ ഇൻ ദ മിൽക്’ എന്ന പുസ്തകം പുറത്തു വന്നതോടെ തർക്കങ്ങൾ രൂക്ഷമായി. പിന്നീട്, കേരളത്തിൽ ഉൾപ്പെടെ എ2 വാദികളുടെ വിശുദ്ധഗ്രന്ഥമായി മാറി ഡെവിൾ ഇൻ ദ മിൽക്.
ഹൈപ്പർടെൻഷൻ, കൊളസ്ട്രോൾ എന്നിവക്കെതിരെയും എ2 മിൽക്ക് പ്രതിരോധം തീർക്കുമത്രെ. ഏതായാലും ഇത്തരം വെൽനസ് ഉൽപന്നങ്ങൾക്കു വൻ സ്വീകാര്യതയുണ്ട്. ഷാർജയിലെ പദ്ധതിക്ക്, ഏകദേശം 600 ദശലക്ഷം ദിർഹമിന്റെ ബജറ്റാണ് വകയിരുത്തിട്ടുള്ളത്. വടക്കൻ ജർമ്മനിയിൽ നിന്നും തെക്കൻ ഡെന്മാർക്കിൽ നിന്നുമുള്ള കന്നുകാലികളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ആരോഗ്യം, പരിസ്ഥിതി, പോഷകാഹാരം, പ്രകൃതിദത്തമായ വളർച്ച എന്നിവ ഉൾപ്പെടെ എല്ലാ മേഖലകളിലും കന്നുകാലി പദ്ധതിക്ക് പൂർണമായ പരിചരണം ലഭിക്കും.
ശുദ്ധവും പ്രകൃതിദത്തവും ജൈവവുമായ പാൽ ഉറപ്പാക്കാനും ഇത് ലക്ഷ്യമിടുന്നു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ശുദ്ധവും പ്രകൃതിദത്തവും ജൈവവുമായ പാൽ ഉൽപ്പാദിപ്പിക്കുന്നതിനുള്ള ഏറ്റവും വലിയ പദ്ധതിയായി ഇത് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.