തങ്കവനം
text_fieldsവീടിന് ചുറ്റും ഒരു കാട്. നാട്ടുമാവ്, ആഞ്ഞിലി, തേക്ക്, നീർമാതളം, കർപ്പൂരമരം, ഇരുൾ മരം, ഈട്ടി, കുന്തിരിക്കം, മരുത്, മണിമരുത്, നീർമരുത്, ഈന്ത് മരം, ചന്ദനം, രക്തചന്ദനം, കരിമരം, അത്തി, ഇത്തി തുടങ്ങി വിവിധ ഇനത്തിലുള്ള വൻമരങ്ങളും അപൂർവയിനം ചെറു മരങ്ങളും, ഔഷധ സസ്യങ്ങളും അടങ്ങിയ രണ്ടരയേക്കറിലുള്ള വനം. വീട്ടിൽനിന്ന് നോക്കിയാൽ റോഡോ റോഡിൽനിന്ന് നോക്കിയാൽ വീടോ കാണാൻ കഴിയാത്ത രീതിയിൽ വീടിന് ചുറ്റും കാടൊരുക്കിയിരിക്കുകയാണ് തദ്ദേശ സ്വയംഭരണ വകുപ്പിൽ അഡീഷനൽ ഡയറക്ടറായ കരുനാഗപ്പള്ളി, തൊടിയൂർ, പുള്ളിയിൽ വീട്ടിൽ ഫൈസൽ. ഉമ്മയുടെ ഓർമക്കായി താൻ ഒരുക്കിയ വനത്തിന് ‘തങ്കവനം’ എന്ന പേരും നൽകി. സമുദ്ര പച്ചയും വള്ളിമുളയുംകൊണ്ട് ഒരുക്കിയിരിക്കുന്ന പ്രവേശന കവാടമാണ് വീട്ടിലേക്ക് സ്വാഗതം ചെയ്യുക.
പാരമ്പര്യത്തിൽനിന്ന് തുടക്കം
1935ൽ തിരുവനന്തപുരം ആയുർവേദ കോളജിൽനിന്നും വൈദ്യ കലാനിധി ബിരുദം നേടിയ ആയുർവേദ വൈദ്യനായിരുന്നു ഫൈസലിന്റെ മുത്തച്ഛൻ വാവാ കുഞ്ഞ് ലബ്ബ. അതിനാൽതന്നെ ആയുർവേദ ചികിത്സക്കാവശ്യമായ നിരവധി ഔഷധ ചെടികൾ അദ്ദേഹം പരിപാലിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി ഫൈസലും നിരവധി ചെടികൾ വെച്ചുപിടിപ്പിച്ചു. ഉമ്മ ആബിദാ തങ്കവും വൃക്ഷങ്ങളെയും ചെടികളെയും പരിപാലിച്ച് പോന്നിരുന്നു. തൊടിയിലെ ഒരു മരവും വെട്ടിക്കളയാൻ ആബിദക്ക് താൽപര്യമുണ്ടായിരുന്നില്ല.
വീടിനുചുറ്റും വൻമരങ്ങളായി നിൽക്കുന്നവയെല്ലാം ആബിദയുടെ പരിചരണത്തിൽ വളർന്നവയായിരുന്നു. മൂന്നു വർഷങ്ങൾക്കുമുമ്പ് കോവിഡ് പിടിപെട്ട് ആബിദാതങ്കം മരിച്ചിരുന്നു. മാതാവിന്റെ ഓർമക്കായി വനത്തിന് ‘തങ്കവനം’ എന്ന പേര് നൽകുകയും ചെയ്തു.
‘വിശുദ്ധ’ മരങ്ങൾ
പുരാണ ഗ്രന്ഥങ്ങളിൽ പറയുന്ന വൃക്ഷങ്ങൾ ഇവിടെ പ്രത്യേകം സംരക്ഷിച്ചുപോരുന്നു ൈഫസൽ. അതിലൊന്നാണ് ഇവിടെ തണൽവിരിച്ച് തലയുയർത്തി നിൽക്കുന്ന കമണ്ഡലു മരം. ഇല പൊഴിയാത്ത മരം എന്നറിയപ്പെടുന്ന ശിംശിപാ വൃക്ഷവും ദശരഥ മഹാരാജാവ് പുത്രകാമേഷ്ഠി യാഗം നടത്താൻ ഉപയോഗിച്ച പുത്രൻജീവയും ശ്രീകൃഷ്ണന് ഏറ്റവും ഇഷ്ട മരങ്ങളായി വിശ്വസിക്കുന്ന കടമ്പും കായാമ്പൂവും ഇല കത്തിച്ചാൽ എണ്ണയിട്ട തിരിപോലെ കത്തുന്ന രുദ്രാക്ഷവും ഭദ്രാക്ഷം, ചന്ദ്രമുഖി, മരവുരി തുടങ്ങിയ മരങ്ങളും വനത്തിലുണ്ട്.
ബൈബിളിലും ഖുർആനിലും പറയുന്ന അത്തി, മാതളം, സിദ്റത്തുൽ മുൻതഹ, ഒലിവ്, ഈത്തപ്പഴം, കാരക്ക തുടങ്ങിയ വൃക്ഷങ്ങളും ഇവിടെ കാണാം. വിദേശ രാഷ്ട്രങ്ങളിൽനിന്നും കൊണ്ടുവന്ന അസൈബറി, കൊക്കകോള, കെപ്പൽ, ഇസ്രാേയൽ അത്തി, അബിയു ലങ്കൻ, റംമ്പുട്ടാൻ, മാങ്കോസ്റ്റിൻ തുടങ്ങിയവയും ഇവിടെ തണലൊരുക്കുന്നു. അധികം കേട്ടും കണ്ടും പരിചയമില്ലാത്ത കൊക്കകോള എന്ന മരത്തെയും ഇവിടെ കാണാം.
ഔഷധ സസ്യങ്ങളുടെ കലവറ
വള്ളിച്ചെടികളായ ചൂരൽ, ഓടപ്പഴം, സമുദ്ര പച്ച ഇഞ്ച, പെരും കുമ്പ, പാണ്ട വള്ളി, പാൽവള്ളി തുടങ്ങിയവ വൻ മരങ്ങൾക്ക് കീഴെ പടർന്നുപന്തലിച്ചിരിക്കുന്നു. ദശമൂലാരിഷ്ട നിർമിതിയിലെ അഭിവാജ്യ ഘടകമായ കുമ്പിൾ (കുമിഴ്), കൂവളം, മുഞ്ഞ, പാതിരി, പലക പയ്യാനി, ഓരില, മൂവില, ആനച്ചുണ്ട, ചെറുപുന്ന ഞെരിഞ്ഞിൽ, ത്രിഫലയിലെ മൂന്ന് ഔഷധവൃക്ഷങ്ങളായ താന്നിക്കാ, കടുക്ക, നെല്ലിക്ക നാൽപാമരങ്ങളായ അത്തി ഇത്തി, പേരാൽ, അരയാൽ, കൂടാതെ കല്ലാൽ, 26 ഇനം തുളസി, വള്ളി മുള ഉൾപ്പെടെ 26 ഇനം മുളകളും ഇവിടെ പരിപാലിക്കുന്നു. മനുഷ്യന്റെ ആയുസ്സ് കൂട്ടുമെന്ന് വിശ്വസിക്കുന്ന സമുദ്രപ്പച്ച, പുല്ലാനി തുടങ്ങിയ വള്ളിച്ചെടികളും വനത്തിൽ തഴച്ചുവളരുന്നു.
അഗസ്ത്യമലയിൽ മാത്രം കണ്ടുവരുന്ന അഴുകണ്ണി, തൊഴുകണ്ണി, കൊല്ലം ജില്ലയിലെ ചെന്തരുണിയിൽ മാത്രം കാണുന്ന ചെന്തരുണി മരവും ഇവിടെ കാണാം. തൃശൂർ ജില്ലയിലെ കലശമലയിൽ മാത്രം കണ്ടുവരുന്ന ലോകത്ത് 60 എണ്ണം മാത്രം അവശേഷിക്കുന്ന കുളവെട്ടി ഒമ്പത് എണ്ണം ഇവിടെ വളരുന്നുണ്ട്. എയർ ലെയറിങ്ങിലൂടെയായിരുന്നു ഇവയുടെ തൈകളുടെ ഉൽപാദനം. ഒപ്പം കണ്ണുകൾക്ക് ആനന്ദം നൽകുന്ന കാട്ടുതാമരയും ഇവിടെ വിരിഞ്ഞു നിൽക്കുന്നുണ്ട്.
മിനി മിയാവാക്കി
രണ്ടര ഏക്കറിൽ ജാപ്പനീസ് വനപദ്ധതിയായ മിയാവാക്കി മൂന്നെണ്ണം ഒരുക്കിയിട്ടുണ്ട്. മണ്ണ് മാറ്റി ചാണകം, ചകിരിച്ചോറ്, തൊണ്ട് എന്നിവ കൊണ്ടാണ് മിയാവാക്കി വനം നിർമിക്കുന്നത്. കുറഞ്ഞ ഭൂമിയിലും മിയാവാക്കി വനം നടപ്പാക്കാം എന്നതാണ് ഈ വനപദ്ധതിയുടെ സവിശേഷത. ഔഷധ സസ്യങ്ങൾ വെച്ച് പിടിപ്പിക്കുന്നതിന് മുമ്പ് മനുഷ്യാധ്വാനത്താൽ രണ്ടര ഏക്കർ ഭൂമി ഉഴുതു മറിച്ച് പ്ലാസ്റ്റിക്കുകൾ മുഴുവൻ നീക്കം ചെയ്തിരുന്നതായി ഫൈസൽ പറയുന്നു. രണ്ടര ഏക്കറിൽ. 15 സെന്റ് കുളമാണ്. സമീപ പ്രദേശങ്ങളിൽനിന്ന് വെള്ളം ഒഴുകി കുളത്തിൽ എത്താൻ നീർച്ചാലുകൾ ഒരുക്കിയിട്ടുണ്ട്. അതിനാൽ കടുത്ത വേനലിലും കുളം വറ്റില്ല എന്ന് മാത്രമല്ല വൃക്ഷങ്ങൾക്ക് വെള്ളം വലിച്ചെടുത്ത് കടുത്ത വേനലിനെപ്പോലും അതിജീവിക്കാൻ കഴിയും. വൈവിധ്യമേറിയ കിഴങ്ങ് വർഗങ്ങളായ കാട്ടുകാച്ചിൽ, മുള്ള് കാച്ചിൽ, അടത്താപ്പ് എന്നിവയും വനത്തിൽ കാണാം.
മഴ ചൊരിയും മഴ മരങ്ങൾ
മഴക്കാലത്ത് വെള്ളം ഇലകളിൽ ശേഖരിച്ച് വെക്കുന്ന മഴ മരവും തായ്ത്തടിയിൽ വെള്ളം ശേഖരിച്ച് വെക്കുന്ന മരുതും, വള്ളിപ്പടർപ്പിൽ മഴവെള്ളം സംഭരിച്ച് വെച്ചിരിക്കുന്ന പുല്ലാനിയും വനത്തിലുണ്ട്. പുല്ലാനിയുടെ വള്ളി മുറിച്ചാൽ ജലം ഒഴുകും.
വംശനാശം നേരിടുന്നതും. അപൂർവമായി മാത്രം കാണുന്ന ഇലിപ്പ, പനച്ചി, പാതിരി, ആഴാന്തമരം, ഈന്ത്, കടമ്പ്, കമ്പകം, ഈയോലി എന്നിവയും ഇവിടെയുണ്ട്. ആന കഴിച്ചാൽ മന്ദീഭവിക്കുന്ന എലിഫന്റ് ആപ്പിൾ, അണലി പരിസരത്ത് പോലും അടുക്കാത്ത അണലി വേഗം തുടങ്ങി ഇരുനൂറിലധികം ഔഷധ സസ്യങ്ങളും വനത്തിൽ വളരുന്നു. ലോക പരിസ്ഥിതി ദിനത്തിൽ വിദ്യാർഥികളും അധ്യാപകരും ആയുർവേദ കോളജിലെ വിദ്യാർഥികളും പരിസ്ഥിതി സ്നേഹികളും തങ്കവനം സന്ദർശിക്കാൻ എത്താറുണ്ട്. ഫൈസൽ ഒരുക്കിയ വനത്തിന് 2023ലെ വനം വകുപ്പിന്റെ വനമിത്ര അവാർഡ് ലഭിച്ചിരുന്നു. ഫൈസലിന് തങ്കവനം ഒരുക്കാൻ പ്രോത്സാഹനം നൽകി ഭാര്യ ഹസീനയും മൂന്നു മക്കളും കൂടെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.