കേരളത്തിന്‍റെ കാലാവസ്ഥയിൽ നന്നായി വളരുന്ന ഓർക്കിഡ്
text_fieldsകേരളത്തിലെ കാലാവസ്ഥയിൽ ഓർക്കിഡ് ചെടികൾ നന്നായി വളരുമെന്ന് തെളിയിക്കുകയാണ് വയനാട് അമ്പലവയൽ പോത്തുകെട്ടി വയലരികിൽ സാബു. വന്യ ഇനങ്ങളും നാടൻ ഇനങ്ങളും വിദേശിയുമടക്കം 150 ഇനങ്ങളിലായി 2500 തരം ഓർക്കിഡുകൾ. സ്വന്തമായി രൂപകൽപന ചെയ്ത വിത്തുൽപാദനശാല. ചിരട്ടയും കുപ്പിയും ചകിരിയും ഉപയോഗപ്പെടുത്തിയാണ് കൃഷി. സാബുവിന്‍റെ പോളിഹൗസ് ഓർക്കിഡ് ചെടികളുടെ അപൂർവലോകമാണ്. വെള്ളം കുറച്ച് മതിയെന്നതും മുറികൾക്കകത്ത് വളർത്താമെന്നതും ഓർക്കിഡുകളുടെ പ്രത്യേകതയാണ്. പുഷ്പിച്ചാൽ ആറുമാസം പൂക്കൾ കേടുവരാതെ നിൽക്കും.
പൂച്ചെടികളെ സ്നേഹിക്കുന്ന ആർക്കും എളുപ്പം കൃഷി ചെയ്യാനും വരുമാനം ഉണ്ടാക്കാനും സാധിക്കുന്നതാണ് ഓർക്കിഡ് എന്ന് തെളിയിക്കുകയാണ് സാബു. തുൽമിന, ഫെൽനോപ്സിസ്, ഡെൻഡ്രോബിയം, വാൻഡ, മൊക്കാരാ, ഒൻസീഡിയം എന്നിങ്ങനെ നിരവധി ഓർക്കിഡുകളാണ് വീടിനോട് ചേർന്ന സാബുവിന്‍റെ പോളിഹൗസിലുള്ളത്.
വയനാടൻ കാടുകളിൽ നിന്നും ശേഖരിച്ച ഗ്യാസ്ട്രോകിലസ്, ഫോക്സ്ബ്രഷ്, ഫോക്സ്ടയിൽ, ഒബെറോണിയാ, ഫോലിഡോറ്റ ഇംബ്രിക്കാറ്റാ എന്നിങ്ങനെ 15 ഇനം ഓർക്കിഡുകളും സാബുവിന്‍റെ കൈവശമുണ്ട്. വൈൽഡ് ക്രൗൺ എന്ന് പേരിട്ട് നിർമിച്ച മരത്തിലാണ് വന്യ ഓർക്കിഡുകൾ സ്ഥാപിച്ചിട്ടുള്ളത്.
ചിരട്ട, തേങ്ങ, ഗ്ലാസ്, ചകിരി, കുപ്പികൾ, മരത്തടി, മുള, നെറ്റ് എന്നിവയിൽ സാബുവിന്‍റെ ഓർക്കിഡുകൾ വളരുന്നുണ്ട്. കൃഷി ചെയ്യാൻ തുടങ്ങുന്നവർക്ക് ഏറ്റവും നല്ലത് ഡെൻഡ്രോബിയം ആണ് നല്ലതെന്ന് സാബു പറയുന്നു. ജില്ലയുടെ കാലാവസ്ഥക്കനുസരിച്ച് ആഴ്ചയിലൊരിക്കൽ നനച്ചാൽ മതി. ഗ്ലാസിനുള്ളിൽ ചെടികൾ വളർത്തുന്ന അപൂർവമായ ടെററിയം രീതിയും സാബു ചെയ്യുന്നുണ്ട്. ചകിരിച്ചോറും ചകിരിയും നിറച്ച് പതിവെക്കൽ രീതിയിൽ പൂവിന്‍റെ തണ്ട് പാകി മുളപ്പിച്ച് പുതിയ പരീക്ഷണങ്ങളും സാബു നടത്തിയിട്ടുണ്ട്.
സോളാർ പ്ലാന്‍റ് സ്ഥാപിച്ചാണ് പോളി ഹൗസ് നിർമിച്ചത്. അഞ്ച് ലക്ഷത്തോളം രൂപ മുതൽ മുടക്കിയാണ് ഓർക്കിഡ് ഗാർഡൻ നിർമിച്ചത്. ചെടികൾക്ക് മ്യൂസിക് തെറപ്പിക്കായി സൗണ്ട് സിസ്റ്റവും ഒരുക്കിയിട്ടുണ്ട്.
ചെടികളിൽനിന്ന് തൈകൾ മുളപ്പിച്ചെടുക്കാൻ ഹാർഡനിങ് സെന്‍ററും സാബു ഒരുക്കിയിട്ടുണ്ട്. മുളച്ചു വളരാൻ അനുകൂല സാഹചര്യം ഒരുക്കാൻ മനുഷ്യ സാന്നിധ്യം പരമാവധി കുറച്ച് ഓട്ടോമാറ്റിക്കായി നനയും മറ്റും ക്രമീകരിച്ചിട്ടുണ്ട്. ടിഷ്യു കൊണ്ട് വന്ന് മുളപ്പിക്കുന്ന ഈ ഹാർഡനിങ് കേന്ദ്രത്തിൽ ഒരേസമയം 1000 തൈകൾ വരെ ഉൽപാദിപ്പിക്കാം. സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന സാബു 2017ലാണ് ഓർക്കിഡ് കൃഷി തുടങ്ങിയത്. സാബു ഫോൺ: 9747349061.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.