കുറ്റിയറ്റുപോകുന്നതിനിടയിലും തച്ചനാട്ടുകരയിലുണ്ട്, പത്തായപ്പുരകളും പടിപ്പുരകളും
text_fieldsതച്ചനാട്ടുകര (പാലക്കാട്): കാർഷികവൃത്തിയുമായി ബന്ധപ്പെട്ട പ്രൗഢി വിളിച്ചോതിയിരുന്ന പത്തായപ്പുരകളും, പടിപ്പുരകളും ഓർമയാകുന്നു. വലിയ തറവാടുകളുടെ പ്രമാണിത്വവും, പ്രതാപവും വിളിച്ചോതുന്ന തരത്തിലുള്ളവയായിരുന്നു പത്തായപ്പുരകളും പടിപ്പുരകളും. വീടുകൾക്ക് കാവലായും, കാർഷികവിളകൾ സംരക്ഷിക്കുന്നതിന് കാവലാളുകൾക്ക് താമസിക്കുന്ന ഇടങ്ങളായും പടിപ്പുരകൾ ഉപയോഗിച്ചിരുന്നു.
തച്ചനാട്ടുകരയുടെ പലഭാഗങ്ങളിലും ഇത്തരത്തിലുള്ള പടിപ്പുരകൾ ധാരാളമുണ്ടായിരുന്നു. പലതും സംരക്ഷിക്കപ്പെടാതെ നാമാവശേഷമായി. പാലോട് അത്തിപ്പറ്റ തറവാട്ടിലും, ചെത്തല്ലൂരിലും, ആലിപറമ്പിലും, അമ്പത്തിമൂന്നാം മൈലിൽ തുറുവൻകുഴികളം തറവാട്ടിലും പടിപ്പുരകൾ ഇന്നും സംരക്ഷിച്ച് നിലനിർത്തിയിട്ടുണ്ട്. അത്തിപ്പറ്റ തറവാട്ടിലെ പടിപ്പുരക്ക് തട്ടിൻപുറവും ഉണ്ട്. പഴയകാലത്ത് വീടുകളിലെത്തുന്ന അപരിചിതർക്ക് അകത്തേക്കുള്ള പ്രവേശനാനുമതി കിട്ടുന്നതുവരെ കാത്തിരിക്കാനുള്ള ഇടങ്ങളായും ഇത്തരം പടിപ്പുരകൾ ഉപയോഗിച്ചിരുന്നു.
പാടത്തേക്ക് അഭിമുഖമായ തരത്തിലാണ് പടിപ്പുരകൾ നിർമിക്കാറുള്ളത്. ചിതൽ പിടിക്കാതെ സംരക്ഷിച്ച് നിർത്തുന്നത് ചിലവേറിയ കാര്യമായതിനാൽ ഇത്തരം പഠിപ്പുരകളെ പലരും സ്വാഭാവിക പതനത്തിന് വിട്ടുകൊടുക്കുകയാണ്. എന്നാൽ, ചുരുക്കം ചില വീടുകളിൽ കോൺക്രീറ്റ് ചെയ്ത പടിപ്പുരകൾ തിരികെ വന്നു തുടങ്ങിയിട്ടുണ്ട്. ദീർഘകാലം നെല്ല് കേടുകൂടാതെ സൂക്ഷിക്കുന്നതിന് വേണ്ടി കൂറ്റൻ പത്തായങ്ങൾ ഉൾക്കൊള്ളുന്ന വീടുകൾ അക്കാലത്ത് നിർമിച്ചിരുന്നു. വലിയൊരു കുടുംബത്തിന് താമസിക്കാവുന്ന തരത്തിൽ നിർമിച്ചിരിക്കുന്ന ഇത്തരം വീടുകളാണ് പത്തായപുരകൾ എന്ന പേരിൽ അറിയപ്പെട്ടിരുന്നത്. ടൺ കണക്കിന് നെല്ല് കേടുകൂടാതെ സൂക്ഷിക്കാവുന്ന തരത്തിലുള്ളതായിരുന്നു പത്തായങ്ങൾ.
തറയോട് ചേർന്ന് നിലത്ത് നെല്ല് സൂക്ഷിച്ചാൽ ഈർപ്പം തട്ടി നശിക്കും എന്നുള്ളതിനാൽ തറനിരപ്പിൽ നിന്നും രണ്ടടി ഉയർന്ന കരിങ്കൽ തൂണുകളിലാണ് പത്തായങ്ങൾ ഉറപ്പിക്കാറുള്ളത്. തച്ചനാട്ടുകര യിലെ പേരുകേട്ട മുതിയിൽ പത്തായപ്പുരയും, നെടുമ്പാറക്കളം പത്തായപ്പുരയും സംരക്ഷിച്ച് നിലനിർത്താൻ പ്രയാസകരമായതിനാൽ പൊളിച്ചു നീക്കിയിട്ടുണ്ട്. ചെത്തല്ലൂരിലെയും, പാലോട്ടിലേയും അത്തിപ്പറ്റ പത്തായപ്പുരകളും, അമ്പത്തിമൂന്നാം മൈലിലെ തുറുവൻകുഴി പത്തായപ്പുരയും പോയകാലത്തെ കാർഷിക പ്രൗഢിയുടെ ഓർമകൾ സമ്മാനിച്ച് ഇന്നും തലയെടുപ്പോടെ നിലനിൽക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.