കണ്ടറിയാം വിജുവിന്റെ വേറിട്ട കൃഷി
text_fieldsനിങ്ങൾ എന്ത് ജോലിക്കാരനുമാകട്ടെ അരമണിക്കൂര്‍ കൃഷിയിലേര്‍പ്പെട്ടാൽ ആരോഗ്യവും ആദായവും തരും. പറയുന്നത് കാര്‍ഷിക മേഖലയിലെ ഗവേഷകനും പരിശീലകനുമായ തൊടുപുഴ തകരപ്പള്ളില്‍ കുര്യന്-റോസ ദമ്പതികളുടെ മകന് വിജു ജേക്കബ് ആണ്.
ഗള്‍ഫിലെ ഐ.ടി. ജോലിയേക്കാള്‍ മഹത്താണ് അരമണിക്കൂര്‍ കൃഷി എന്ന് തെളിയിച്ചിരിക്കുകയാണ് ഈ 45കാരന്. പരമ്പരാഗത കാര്‍ഷിക കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന വിജു ജേക്കബിന് ഖത്തറില്‍ നെറ്റ്വര്‍ക്കിങ് ജോലിയായിരുന്നു. ഗള്‍ഫില്‍നിന്ന് തിരിച്ചെത്തി അഞ്ചുവര്‍ഷമായി കാര്‍ഷികരംഗത്ത് നൂതനമായ രീതികള്‍ പരീക്ഷിച്ചുവരികയാണ്. പാരമ്പര്യ കൃഷിരീതികൾക്കൊപ്പം മീൻകുളത്തിലെ വെള്ളമുപയോഗിച്ച് അക്വാപോണിക്സ്,, ഹൈഡ്രോപോണിക്സ് എന്നിവയും നടത്തിവരുന്നു.
സ്വന്തമായി തയാറാക്കിയ പ്രത്യേക മിശ്രിതവളം ചെടികളിൽ രോഗപ്രതിരോധശേഷി, ഉൽപാദന വർധന, രോഗകീട നിയന്ത്രണം എന്നിവക്ക് ഫലവത്തായ ഒന്നാണ്. ജൈവരീതിയിലാണ് എല്ലാ കൃഷിയും. ഒരു വാഴക്കുലക്ക് 50 രൂപ മാത്രമാണ് വിജുവിന്റെ കൃഷിരീതി പ്രകാരം ചെലവ്. കോഴിവളം, ചാണകം, മൂത്രം, ശര്‍ക്കര, കടലപ്പിണ്ണാക്ക് തുടങ്ങിയവയാണ് മിശ്രിതം തയാറാക്കാന്‍ ഉപയോഗിക്കുന്നത്.
സംയോജിത കൃഷി
പല വിളകളുടെ സംയോജിത കൃഷിരീതിയാണ് വിജു ജേക്കബിേന്റത്. സ്വന്തം രണ്ടേക്കര്‍ സ്ഥലം കൂടാതെ പാട്ടത്തിനെടുത്ത രണ്ടേക്കറിനടുത്ത സ്ഥലത്തും കൃഷിയുണ്ട്. കൂടാതെ മറ്റാളുകള്‍ക്ക് സ്ഥലവാടക നല്കി കൃഷിയും നടത്തുന്നു. പാട്ടത്തിനെടുത്ത രണ്ടേക്കര്‍ ഭൂമിയില്‍ 12 പ്രകൃതിദത്ത കുളങ്ങളാണുള്ളത്. ഈ കുളങ്ങളില്‍ മത്സ്യം വളര്‍ത്തലാണ് പ്രധാന വരുമാനമാർഗം.
തിലോപ്പിയ, വാള, രോഹു, കട്ല, കാര്‍പ്പ്, അലങ്കാര മത്സ്യങ്ങള്‍ എന്നിവ വളർത്തുന്നു. 20 വര്‍ഷമായി തരിശായി കിടന്ന ഭൂമി പാട്ടത്തിനെടുത്ത് കുളങ്ങള്‍ നിർമിക്കുമ്പോള്‍ പാടം മുഴുവന്‍ പാമ്പും മറ്റ് ഇഴജന്തുക്കളുമായിരുന്നു.
അവിടമാണ് ആദായം നല്കുന്ന ഇടമാക്കി മാറ്റിയത്. മുയല്, താറാവ്, കോഴി എന്നിവയും വളർത്തുന്നു. കുളത്തിന് മുകളില്‍ കൂട് നിർമിച്ചാണ് താറാവിനെയും കോഴിയേയും മുയലിനെയും വളര്‍ത്തുന്നത്. കൂടാതെ കുളത്തിന് ചുറ്റും പച്ചക്കറികള്‍ നട്ട് കുളത്തിന് മുകളില്‍ പന്തലിട്ട് വിളവെടുപ്പും നടത്തുന്നുണ്ട്. പാവല്‍, പയര്‍, പടവലം കോവല്‍ തുടങ്ങിയവ ഇങ്ങനെ കൃഷിചെയ്യുന്നു.
ശാസ്ത്രീയ രീതി
കൃഷിയിലെ സുസ്ഥിരതക്കും ചെലവ് കുറക്കാനും വരുമാനം കൂട്ടാനും സ്വന്തം ആശയത്തിൽ വികസിപ്പിച്ച ശാസ്ത്രീയ ഗവേഷണ മാർഗങ്ങളാണ് അവലംബിച്ചത്. 15 ലക്ഷം രൂപയാണ് കോവിഡ് തുടങ്ങിയ ശേഷം വിജു ജേക്കബ് മുതല്‍മുടക്കിയത്. കോവിഡിന് മുമ്പ് പ്രതിമാസം രണ്ട് ലക്ഷം രൂപവരെ ആദായം ലഭിച്ചിരുന്നു. ഇപ്പോള്‍ അത് പകുതിയായെങ്കിലും പരാതിയില്ല. കൃഷി ലാഭകരം തന്നെയാണെന്നാണ് വിജുവിന്റെ പക്ഷം. ഇരുട്ടുമുറിയില്ലതെ കൂണ്‍കൃഷി ചെയ്യുന്നതാണ് മറ്റൊരു രീതി. മീനും നെല്ലും പദ്ധതിയില്‍ നെല്‍കൃഷിക്കൊപ്പം മീന്‍വളര്‍ത്തലും ചെയ്യാനൊരുങ്ങുകയാണ് ഇപ്പോള്‍.
പരീക്ഷണം ദേശീയശ്രദ്ധയിൽ
2018ല്‍ മികച്ച കര്‍ഷകനുള്ള അവാര്‍ഡ് നേടിയിരുന്നു. മത്സ്യക്കുഞ്ഞുങ്ങളുടെ ഉൽപാദന കേന്ദ്രം തുടങ്ങുകയാണ് അടുത്ത ലക്ഷ്യം. കൂടാതെ കരിമീന്‍ കൃഷിക്കും പദ്ധതിയുണ്ട്. നാല് ലക്ഷം രൂപകൂടി ഇനി മുതല്‍മുടക്കിയാല്‍ അടുത്ത 10 വര്‍ഷത്തേക്ക് സ്ഥിരവരുമാനം കൃഷിയില്‍ നിന്നുണ്ടാകുമെന്നാണ് വിജു പ്രതീക്ഷിക്കുന്നത്.
ഏറ്റവുംചെലവ് കുറഞ്ഞ രീതിയില്‍ കൃഷി ചെയ്യാമെന്നതും കൃഷിക്കായി അൽപസമയം മാത്രം മതിയെന്നുമുള്ളതാണ് സമ്മിശ്രകൃഷിരീതിയുടെ പ്രത്യേകത.
ഈ രീതികള്‍ മറ്റ് കര്‍ഷകര്‍ക്ക് പഠിപ്പിച്ച് നല്കാൻ പരിശീലനവും നല്‍കിവരുന്നുണ്ട്. നാഷണല്‍ ഇന്നവേഷന്‍ ഫൗണ്ടേഷനില്‍ വിജു തന്റെ കണ്ടുപിടുത്തങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. പരീക്ഷണങ്ങൾ ദേശീയശ്രദ്ധയിലേക്ക് കൊണ്ടുവരാറുള്ള ശ്രമത്തിലാണിപ്പോൾ.
കൃഷിക്കൊപ്പം ജലസംരക്ഷണവും
ജലസംരക്ഷണവും മലിന ജലത്തിന്റെ ശുദ്ധീകരണവും പുനരുപയോഗവുമാണ് കൃഷിരീതിയുടെ മറ്റൊരു പ്രത്യേകത. ആർക്കും എളുപ്പത്തിൽ അനുകരിക്കാവുന്ന ഈ രീതി വർഷങ്ങളായി പരീക്ഷിച്ചു വിജയിച്ച് വരികയാണ്. കുറഞ്ഞ സ്ഥലമുള്ളവർക്കും കൂടുതൽ കൃഷി ചെയ്യാമെന്നതാണ് ഈ മാതൃകയുടെ മറ്റൊരു സവിശേഷത. കോഴി, താറാവ്, മീൻ എന്നിവക്കുള്ള തീറ്റ സ്വന്തമായി ഉൽപാദിപ്പിക്കാൻ യന്ത്രവൽകൃത യൂനിറ്റുമുണ്ട്.
കൊതുകിനെ പിടിക്കാൻ ഗപ്പിടാങ്ക്
കൊതുക് നശീകരണത്തിന് സാധാരണ എല്ലാവരും ടാങ്കിൽ ഗപ്പികളെ വളർത്തുന്നുെണ്ടങ്കിലും വ്യത്യസ്ത രീതിയാണ് ഇവിടെ. വാട്ടർ ടാങ്ക് അരയിഞ്ച് കമ്പിവല ഉപയോഗിച്ച് അടച്ച് ഗപ്പികളെ വളർത്തി കൊതുകുകളെയും മുട്ടയെയും തിന്നുതീർക്കുന്നു.
കൊതുകിന്റെ പ്രത്യുൽപാദനം കുറയുന്നതിനാൽ നഗരപ്രദേശങ്ങളിൽ മറ്റുള്ളവർക്ക് ഇത് പരിചയപ്പെടുത്തുന്നുണ്ട്. ഇവ കൂടാതെ അടുക്കള മാലിന്യങ്ങളും മറ്റുള്ള മാലിന്യങ്ങളും സംസ്കരിച്ച് പുഴുവിനെ വളർത്തി മീനിനും കോഴിക്കും തീറ്റയായി നൽകുന്നു.
മറ്റ് തീറ്റകളെക്കാൾ മൂന്നിലൊന്ന് നൽകിയാൽ പോലും പ്രോട്ടീൻ കൂടുതലുള്ളതിനാൽ മുട്ടയുൽപാദനം കൂടും. വിജു ജേക്കബിന്റെ ഫോൺ: 8547960564.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.