റബർ തോട്ടത്തിൽ നടാം വെള്ളക്കാന്താരി
text_fieldsറബർ കൃഷിയെ ആശ്രയിച്ച് കഴിയുന്നത് ഏഴു ലക്ഷം കർഷകരാണ്. റബറിെൻറ വരുമാനംകൊണ്ട് മാത്രം ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ്. വില അൽപം മെച്ചപ്പെട്ടെങ്കിലും മഴ ടാപ്പിങ്ങിന് തടസ്സമായി. രണ്ടു മുതൽ മൂന്നേക്കർവരെ റബർത്തോട്ടമുണ്ടെങ്കിൽ ഇതിൽ ഒരേക്കറിൽ എങ്കിലും പച്ചക്കറി, പഴവർഗ കൃഷി തുടങ്ങിയാൽ കുറഞ്ഞകാലംെകാണ്ട് നല്ല വരുമാനം കിട്ടും. നീളൻ പയർ, പാവൽ, കോവൽ തുടങ്ങിയവ വരുമാനം തരുന്ന വിളകളാണ്. റെഡ് ലേഡി ഇനം പപ്പായ കൃഷിയിൽനിന്ന് ഒന്നരവർഷംകൊണ്ട് നേട്ടം ലഭിക്കും. പാഷൻഫ്രൂട്ട് കൃഷിയും വരുമാനം തരും. ഇപ്പോൾതന്നെ പല കർഷകരും റബർമരം വെട്ടിയ സ്ഥലത്ത് വിജയകരമായി റമ്പൂട്ടാൻ കൃഷി ചെയ്യുന്നുണ്ട്.
വെള്ള കാന്താരി
അടുത്തിടെയായി പലയിടങ്ങളിലും റബർതോട്ടത്തിൽ കാന്താരി കൃഷി വിജയകരമായി നടത്തുന്നുണ്ട്. റബർത്തോട്ടത്തിൽ കൃഷി ചെയ്യാൻ കഴിയുന്ന ഇനമാണ് 'സമൃദ്ധി' എന്ന വെള്ള കാന്താരി. തണലുള്ള സ്ഥലത്ത് നന്നായി വളർന്ന് ഫലം തരും. റബർ ഇല്ലാത്ത തെളിഞ്ഞ സ്ഥലത്ത് ഒരേക്കറിൽ 7000 മുളകുചെടി വളർത്താം. റബർ നിൽക്കുന്ന സ്ഥലത്ത് 3000 മുളകുചെടി നടാം. തെളിഞ്ഞ സ്ഥലത്ത് ഒരു ചെടിയിൽനിന്ന് ഒരു കിലോ മുളകു ലഭിക്കുമെങ്കിൽ റബർതോട്ടത്തിൽ നിന്ന് 750-800 ഗ്രാം വെളളകാന്താരി ലഭിക്കും. 3000 ചെടിയിൽനിന്ന് 2250 കിലോ കാന്താരി ലഭിക്കും. ഒരു കിലോക്ക് 100 രൂപ കണക്കാക്കിയാൽ 2.25 ലക്ഷം ലഭിക്കും. കൃഷി ചെലവ് കഴിഞ്ഞ് ഒരേക്കർ റബർ തോട്ടത്തിൽനിന്ന് ഒരുവർഷം ഒരു ലക്ഷം രൂപ കിട്ടിയാൽ തന്നെ നല്ലതല്ലേ.
കൃഷിരീതി
ഒരേക്കർ തെളിഞ്ഞ സ്ഥലത്ത് നടാൻ കുറഞ്ഞത് 500 ഗ്രാം വിത്ത് വേണം. റബർത്തോട്ടത്തിൽ നടാൻ 250 ഗ്രാം വിത്ത് മതി. തൈകൾ ഉൽപാദിപ്പിച്ച് പറിച്ചുനടുകയാണ് നല്ലത്. തൈകൾ ഉൽപാദിപ്പിക്കാൻ പലരീതികൾ അവലംബിക്കാം. തടങ്ങളിലും പ്രോട്ട്ട്രേയിലും ഗ്രോബാഗിലും പ്ലാസ്റ്റിക് കപ്പിലും പാകി പറിച്ചുനടാം.
തടങ്ങളിൽ പാകൽ
ഒരു െസൻറ് സ്ഥലത്ത് 50 കിലോ കലർപ്പില്ലാത്ത കോഴിവളവും 25 കിലോ ചാണകവും അഞ്ച് കിലോ വേപ്പിൻപിണ്ണാക്കും അഞ്ച് കിലോ എല്ലുപൊടിയും ഇട്ട് കിളച്ച് രണ്ട് അടി വീതിയിലും 3/4 അടി പൊക്കത്തിലും സ്ഥലത്തിെൻറ കിടപ്പനുസരിച്ച് നീളത്തിലും തടമെടുത്ത് അഞ്ച് സെ.മി അകലത്തിൽ വിത്ത് പാകണം. നനച്ച് പച്ചിലകൊണ്ട് പുതയിടണം. വെള്ളം കുത്തിവീഴാതെ യു.വി പോളിത്തീൻഷീറ്റ് മുകളിൽ വലിച്ചുകെട്ടുന്നത് നല്ലതാണ്. 6-7 ദിവസംകൊണ്ട് വിത്ത് മുളക്കാൻ തുടങ്ങും. മുളക്കാൻ തുടങ്ങിയാൽ ഉടൻ പുത മാറ്റണം. ഒരു മാസത്തിനകം പറിച്ചുനടാം.
പ്രോട്ട്ട്രേയിലും കപ്പിലും
ചകിരിച്ചോറ് കേമ്പാസ്റ്റ്- അഞ്ച് കിലോ, ചാണകം - നാല് കിലോ, വെർമി കേമ്പാസ്റ്റ്-നാല് കിലോ, വേപ്പിൻ പിണ്ണാക്ക് - ഒരു കിലോ, ട്രൈക്കോഡേർമ- 100 ഗ്രാം, സ്യുഡോമോണാസ്- 100 ഗ്രാം എന്നിവ നല്ലതുപോലെ കൂട്ടിക്കലർത്തി 3-4 ദിവസം തണലത്ത് നനഞ്ഞ ചണച്ചാക്കുകൊണ്ട് മൂടിയിടണം. മിശ്രിതത്തിന് നനവില്ലെങ്കിൽ നനച്ചശേഷം വേണം മൂടിയിടാൻ. നേരിയ നനവുമതി. 3-4 ദിവസത്തിനുശേഷം ഒന്നുകൂടി ഇളക്കിയശേഷം 2-3 ദിവസംകൂടി മൂടിയിടുക. അതിന് ശേഷം േപ്രാട്ട്ട്രേയിലും ഡിസ്പോസിബ്ൾ ഗ്ലാസിലും മിശ്രിതം നിറച്ച് വിത്തുപാകാം. ഡിസ്പോസിബ്ൾ ഗ്ലാസിൽ വെള്ളംവാർന്നുപോകാൻ ദ്വാരമിട്ടശേഷം വേണം വളമിശ്രിതം നിറക്കാൻ. പ്രോട്ട്ട്രേയിൽ ഓരോ വിത്തും കപ്പിൽ അഞ്ച് വിത്തുവരെയും പാകാം.
ഗ്രോബാഗിൽ
ഗ്രോബാഗിെൻറ പകുതിഭാഗം മണ്ണുനിറച്ചശേഷം മുകളിൽ പറഞ്ഞതുപോലെ കൂട്ടിയ വളമിശ്രിതം നാലിഞ്ച് കനത്തിൽ നിരത്തി രണ്ട് ഇഞ്ച് അകലത്തിൽ വിത്തുകൾ പാകാം.
നടീൽ
ഒരുമാസം പ്രായമായ തൈകൾ പറിച്ചുനടാം. മഴയെ ആശ്രയിച്ചു കൃഷിചെയ്യുന്ന സ്ഥലത്ത് മേയ്-ജൂണിലെ കനത്ത മഴക്ക് മുമ്പ് പറിച്ചുനടുന്നതാണ് നല്ലത്. ജലസേചന സൗകര്യമുള്ള സ്ഥലത്ത് സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലും നടാം. 20-30 ദിവസം പ്രായമായ തൈകൾ നടാം. തൈകൾ വൈകുന്നേരം മാത്രം നടുക. നട്ടശേഷം തണൽ കുത്തിക്കൊടുത്താൽ ഏറെ നല്ലത്.
സ്ഥലം ഒരുക്കൽ
റബർ ഇല്ലാത്ത സ്ഥലങ്ങളിൽ ട്രാക്ടർ ഉപയോഗിച്ച് ഉഴുതശേഷം രണ്ടര അടി അകലത്തിൽ 1x1x1 അടി കുഴികൾ എടുത്ത് രണ്ട് കിലോ കോഴിവളവും ഒരു കിലോ ചാണകവും 250 ഗ്രാം വേപ്പിൻപിണ്ണാക്കും 200 ഗ്രാം എല്ലുപൊടിയും അൽപം കുമ്മായവും കൂടി മണ്ണുമായി കൂട്ടിക്കലർത്തി തറനിരപ്പിന് കുഴി മൂടിയശേഷം കുഴിയെടുത്ത് തൈ നടണം. നല്ല മഴയാണെങ്കിൽ വെള്ളം കെട്ടിനിൽക്കാതിരിക്കാൻ ചുവട്ടിൽ മണ്ണ് കൂട്ടിക്കൊടുക്കണം. നടീൽ കഴിഞ്ഞ് ഒരുമാസത്തിനുശേഷം കോഴിവളവും ചാണകവും 500 ഗ്രാം വീതം മണ്ണുമായി കൂട്ടിക്കലർത്തി ചുവട്ടിൽനിന്ന് മാറ്റിയിടണം. റബറിെൻറ ചുവട്ടിൽനിന്ന് മാറ്റി വേണം കുഴിയെടുത്ത് നടാൻ. ജീവാമൃതം ഉണ്ടാക്കി മാസത്തിൽ ഒരിക്കൽ ഒഴിക്കുന്നതും തളിക്കുന്നതും നല്ലതാണ്. വേനൽക്കാലത്ത് മൂന്നു ദിവസത്തിൽ ഒരിക്കൽ നനക്കണം. വെറും ഭൂമിയിലാണെങ്കിൽ വേനൽക്കാലത്ത് ചുവട്ടിൽ ചുടേൽക്കാതെ പുതയിട്ട് കൊടുക്കണം. റബർത്തോട്ടത്തിൽ തണലുള്ളതിനാൽ പുതയിടേണ്ട. ഒരേക്കറിൽനിന്ന് 12 ടൺ വരെ വിളവ് ലഭിക്കും.
മൈറ്റ്സ്
എല്ലാതരം മുളകുകൃഷിയിലും കണ്ടുവരുന്ന കീടമാണ് മൈറ്റ്സ്. കൂമ്പിലയിൽനിന്ന് നീരൂറ്റി കുടിക്കുന്നു. ഇതുമൂലം കൂമ്പിലകൾ ചെറുതാകുകയും ചെടി മുരടിച്ചുപോകുകയും ചെയ്യുന്നു. ഇവയെ നിയന്ത്രിക്കാൻ ഗോമൂത്രം + ശീമക്കൊന്ന സത്ത് എന്ന ജൈവകീടനാശിനി ഉപയോഗിക്കാം. ഒരു ലിറ്റർ ഗോമൂത്രത്തിൽ രണ്ട് കിലോ ശീമക്കൊന്ന ഇലയും ഇളംതണ്ടും ചതച്ച് 10-12 ദിവസം പ്ലാസ്റ്റിക് ജാറിൽ അടച്ചുവെക്കുക. പിന്നീട് പിഴിഞ്ഞ് അരിച്ചെടുത്ത് കുപ്പിയിലാക്കുക. ഇതിൽ 50 മി.ലി ഒരു ലിറ്റർ വെള്ളകwത്തിൽ കലക്കി തളിച്ചാൽ നീരൂറ്റി കുടിക്കുന്ന മൈറ്റ്സ്, വെള്ളീച്ച തുടങ്ങിയവയെ നിയന്ത്രിക്കാം.
വാട്ടരോഗം
മുളകു കൃഷിയിൽ കാണുന്ന രോഗമാണ് ചെടികൾ പെട്ടെന്ന് വാടിപ്പോകൽ. സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ചുവട്ടിൽ ഒഴിച്ചാൽ മതി. സ്യൂഡോമോണസ് തളിക്കുന്നതും നല്ലതാണ്. സമൃദ്ധി കാന്താരിയുടെ വിത്ത് വെള്ളായണി കാർഷിക കോളജിൽ ലഭിക്കും. ഫോൺ: 0471-2381002.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.