'പടവലങ്ങ നീള'മെന്നാൽ ഇനി 2.65 മീറ്റര്‍; കുന്നുകരയിലെ പടവലങ്ങ ഗിന്നസ് റെക്കോഡിലേക്ക്
text_fieldsഅങ്കമാലി: ഒരു പടവലങ്ങക്ക് എന്ത് നീളം വരും. ഇതുവരെ കണ്ട പടവലങ്ങൾ വെച്ച് കുന്നുകരയിലെ പടവലങ്ങയുടെ നീളം പറഞ്ഞാൽ തോറ്റുപോകും. അങ്കമാലി കുന്നകര പഞ്ചായത്തിലെ വയല്‍ക്കരയില്‍ വിളഞ്ഞ പടവലത്തിന് നീളം 2.65 മീറ്ററാണ്. സഹോദരങ്ങള്‍ നടത്തുന്ന അക്വോപോണിക്സ് ഫാമിലാണ് പടവലങ്ങ വിളഞ്ഞത്. ലോകത്തെ ഏറ്റവും നീളം കൂടിയ പടവലത്തിനുള്ള ഗിന്നസ് വേൾഡ് റെക്കോഡിൽ ഇടംപിടിക്കാനൊരുങ്ങുകയാണ്.
അമേരിക്കയില്‍ നിന്നുള്ള 2.63 മീറ്റര്‍ നീളമുള്ള പടവലങ്ങയാണ് നിലവില്‍ ഗിന്നസ് ബുക്കില്‍ ലോകത്തെ ഏറ്റവും നീളംകൂടിയ പടവലങ്ങ. വയല്‍ക്കര ആറ്റുവൈപ്പിന്‍ വീട്ടില്‍ പരേതരായ അബ്ദുല്‍കരീം-നഫീസ ദമ്പതികളുടെ മക്കളായ കബീറും, ജാഫറും മൂന്ന് വര്‍ഷമായി നടത്തുന്ന അക്വോപോണികസ് ഫാമിലെ പടവലങ്ങയാണ് ഇതിനെ മറികടന്ന് 2.65 മീറ്ററിൽ വളർന്നത്.
ലോക റെക്കോഡ് തിരുത്തുന്ന നീളം കണ്ടെത്തിയതോടെ കബീറും ജാഫറും തങ്ങളുടെ പടവലങ്ങയെ ഗിന്നസ് ബുക്കില്‍ രേഖപ്പെടുത്തുന്നതിനുള്ള ശ്രമം ആരംഭിച്ചിരിക്കുകയാണ്. കൃഷി വകുപ്പ് അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്. കേരളത്തില്‍ ഇതുവരെ കണ്ടത്തെിയ പടവലങ്ങയുടെ നീളം 2.13 മീറ്റര്‍ മുതല്‍ 2.15 മീറ്റര്‍ വരെയാണ്.
മൂന്ന് മാസം മുമ്പ് കുന്നുകര കൃഷിഭവന്‍റെ എക്കോ ഷോപ്പില്‍ നിന്ന് വാങ്ങിയ വിത്തുപയോഗിച്ചാണ് ഫാമിലെ മറ്റ് കൃഷികളോടൊപ്പം പടവലങ്ങ കൃഷിയും ആരംഭിച്ചത്. വണ്ണം കുറവാണെങ്കിലും തുടക്കം മുതല്‍ നീളത്തില്‍ വളരാന്‍ തുടങ്ങി. ഒപ്പമുള്ള പടവലങ്ങളും നീളത്തില്‍ വളരുകയാണ്. ദുബൈയില്‍ നിന്ന് 15 വര്‍ഷത്തെ പ്രവാസിജീവിതത്തിന് ശേഷം നാട്ടിലത്തെിയ കബീറും ചൈനയിലെ 'വാഞ്ചോ'യില്‍ കമ്പനി ജീവനക്കാരനായ ജാഫറും ചേര്‍ന്ന് സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നും മറ്റും വിവിധ ശാസ്ത്രീയ കൃഷി രീതികള്‍ അഭ്യസിച്ച ശേഷമാണ് അക്വോപോണികസ് സംവിധാനത്തിലൂടെ വിഷരഹിത കൃഷികള്‍ ആരംഭിച്ചത്.
ജാഫര്‍ ലീവിന് നാട്ടിലത്തെുമ്പോഴാണ് കൃഷിയില്‍ സജീവമാകുന്നത്. തക്കാളി, വെണ്ട, പാവല്‍, വഴുതന, കോവക്ക, വിവിധയിനം പച്ചമുളകുകള്‍ തുടങ്ങിയവയാണ് പ്രധാന പച്ചക്കറി കൃഷികള്‍. മത്സ്യ കൃഷിയിലാണ് തുടക്കം കുറിച്ചത്. അതിനായി വീടിനോട് ചേര്‍ന്ന എട്ട് സെന്‍റ് സ്ഥലത്ത് 10 മീറ്റര്‍ നീളത്തിലും ആറ് മീറ്റര്‍ വീതിയിലും രണ്ട് മീറ്റര്‍ ആഴത്തിലും വിസ്തൃതമായ കുളമുണ്ടാക്കി മത്സ്യ ഫെഡിന്‍റെ സഹായത്തോടെയാണ് കൃഷി ആരംഭിച്ചത്. കുളത്തിലെ മലിനജലം മോട്ടോര്‍ ഉപയോഗിച്ച് ബയോ ഫില്‍റ്റര്‍ വഴി പമ്പ് ചെയ്ത് വിവിധ ഫില്‍റ്ററുകള്‍ക്കും വിധേയമാക്കിയ ശേഷം ശുചീകരിച്ച വെള്ളം കുളത്തില്‍ നിറയുന്നു. ഈ പ്രക്രിയക്കിടയില്‍ അമോണിയ കലര്‍ന്ന വെള്ളം ശാസ്ത്രീയമായി നിർമിച്ച ഗ്രോബഡുകളിലെ ചെടികള്‍ വലിച്ചെടുത്ത് വളര്‍ച്ച പ്രാപിക്കുകയും ചെയ്യുന്നു. ഈ പ്രതിഭാസത്താല്‍ ഒരിക്കല്‍ മാത്രം കുളത്തില്‍ വെള്ളം നിറച്ചാല്‍ മതിയാകും.
വിളവെടുപ്പ് സമയത്ത് മത്സ്യം മൊത്തമായി വില്‍ക്കുകയും പച്ചക്കറി വീട്ടാവശ്യത്തിന് ശേഷം വില്‍ക്കുകയുമാണ് ചെയ്യുന്നത്. എന്നാല്‍ അക്വോപോണികസ് സംവിധാനത്തിലൂടെ മത്സ്യകൃഷിയും പച്ചക്കറി കൃഷിയും വിജകരമായി മുന്നേറുന്നതിനിടയില്‍ പെരിയാറിന്‍െറ പടിഞ്ഞാറന്‍ അതിര്‍ത്തിയായ പുറപ്പിള്ളിക്കാവിന്‍റെ സമീപത്തെ ഫാമില്‍ 2018ലെ പ്രളയം ദുരിതക്കയം തീര്‍ത്തു. 2019ലും 2020ലും വെള്ളപ്പൊക്കം ഫാമിനെ സാരമായി ബാധിച്ചു. എന്നിട്ടും കാര്‍ഷിക രംഗത്ത് നിന്ന് പിന്മാറാതെ സഹോദരങ്ങള്‍ ജൈവ കൃഷിയെ നെഞ്ചേറ്റുകയാണ്. അപൂര്‍വ്വമായ ഒൗഷധച്ചെടികള്‍, ആഫ്രിക്കന്‍ പ്രാവുകള്‍, അലങ്കാര മത്സ്യങ്ങള്‍, ഫാഷന്‍ ഫ്രൂട്സ് അടക്കമുള്ള പഴവര്‍ഗങ്ങളും ഇവിടത്തെ കൃഷിയിടത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.