Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Infochevron_rightടെറസ് വെറുതെയിടല്ലേ,...

ടെറസ് വെറുതെയിടല്ലേ, കുറച്ച് ഗ്രോബാഗ് വാങ്ങി ഇങ്ങനെ കൃഷി ചെയ്തുനോക്കൂ; കാണാം മാജിക്

text_fields
bookmark_border
grow bag
cancel

വീടിന്‍റെ ടെറസിലെ കൃഷി, അഥവാ മട്ടുപ്പാവിലെ കൃഷി ഇന്ന് സാധാരണമാണ്. കൃഷി ചെയ്യാൻ മതിയായ സ്ഥലമില്ലാത്തവർക്കും നഗരങ്ങളിൽ താമസിക്കുന്നവർക്കുമൊക്കെ സ്വീകരിക്കാവുന്ന ഒരു മാർഗമാണ് ടെറസിലെ കൃഷി. എന്നാൽ, ടെറസിൽ എങ്ങനെ കൃഷി ചെയ്യുമെന്നതിൽ പലർക്കും ആശയക്കുഴപ്പം കാണും. മണ്ണും വളവുമൊക്കെ വീടിനു മുകളിലെത്തിച്ചുള്ള ടെറസിലെ കൃഷി അൽപ്പം സാഹസികമല്ലേ എന്ന ചിന്തയുമുണ്ടാകും. എന്നാൽ, ഗ്രോബാഗുകളുടെ കടന്നുവരവ് ടെറസിലെ കൃഷിയെ ഏറെ ആകർഷകമാക്കിയിട്ടുണ്ട്.

വീടിന്റെ ടെറസില്‍ കൃഷി ചെയ്യുന്നതിന് ഗ്രോബാഗുകള്‍ ഉപയോഗിക്കുന്നതാണ് ഏറ്റവും പ്രായോഗികമായ മാര്‍ഗം. അടുക്കളമുറ്റത്തെ കൃഷിക്കും പലരും പോളിബാഗുകളെത്തന്നെയാണ് ആശ്രയിക്കുന്നത്. സൂര്യപ്രകാശം വീഴുന്ന സ്ഥലത്തേക്ക് എടുത്തു മാറ്റിവയ്ക്കാമെന്നതാണ് ഇതിന്റെ ഏറ്റവും പ്രധാനമെച്ചമായി കണക്കാക്കുന്നത്. ചെടികളുടെ പരിചരണം പ്രായോഗികമായി വളരെ എളുപ്പവുമാണ്.

ചെടികള്‍ നടുന്നതിനു ഗ്രോബാഗുകള്‍ക്കു പുറമെ പഴയ നൈലോണ്‍ ചാക്കുകളും ബക്കറ്റുകളും ചെടിച്ചട്ടികളുമൊക്കെ ഉപയോഗിക്കാം.

ഗ്രോബാഗ് എങ്ങനെ നിറയ്ക്കണം

ഗ്രോബാഗിൽ നിറയ്ക്കാനുപയോഗിക്കുന്ന മിശ്രിതത്തെ പോട്ടിങ് മിക്‌സ്ചര്‍ എന്നാണു വിളിക്കുന്നത്. പൊതുവേ പറഞ്ഞാല്‍ മണ്ണ്, മണല്‍, ചാണകപ്പൊടി എന്നിവ മൂന്നും തുല്യ അളവുകളിലെടുത്താണ് പോട്ടിങ് മിശ്രിതം തയ്യാറാക്കേണ്ടത്. ഇവ മൂന്നിന്റെയും പ്രയോജനം എന്താണെന്നു തുടക്കത്തില്‍ തന്നെ മനസ്സിലാക്കണം. ചെടികള്‍ക്കു വേരുപിടിക്കാനും അവയെ ഉറപ്പിച്ചു നിര്‍ത്താനുമാണ് മണ്ണ് ചേര്‍ക്കുന്നത്. സിലിക്ക പോലെയുള്ള ഘടകങ്ങള്‍ മണ്ണിലാണ് അടങ്ങിയിരിക്കുന്നത്. ചെടിയുടെ വേരുകള്‍ക്ക് ആദ്യത്തെ പോഷണം ലഭിക്കാനാണ് ചാണകപ്പൊടി ചേര്‍ക്കുന്നത്. മണൽ കിട്ടിയില്ലെങ്കിൽ പകരം ചകിരിച്ചോര്‍, തടി ചിന്തേരിടുന്നതിന്റെ പൊടി (അറക്കപ്പൊടിയല്ല), കാപ്പിത്തൊണ്ട് തുടങ്ങിയവയൊക്കെ ഉപയോഗിക്കാം. ചാണകപ്പൊടിക്കു പകരം കമ്പോസ്‌റ്റോ വെര്‍മികമ്പോസ്‌റ്റോ ഉപയോഗിക്കുകയുമാകാം.

ഗ്രോബാഗിന്റെ മുക്കാല്‍ ഭാഗം വരെയേ മിശ്രിതം നിറയ്ക്കാവൂ. അതിനുശേഷം മുകളില്‍ നിന്ന് അധികമുള്ള ഭാഗം മടക്കി മണ്‍നിരപ്പിന്റെ രണ്ടിഞ്ചു മുകളില്‍ വരുന്നതുപോലെ നിര്‍ത്തണം. വിത്ത് നടുന്നതിനു മുമ്പ് നനയ്ക്കരുത്. ഒരു ഗ്രോബാഗില്‍ മൂന്നു വിത്ത് വീതം നടുന്നതില്‍ തെറ്റില്ല. പെരുവിരലും ചൂണ്ടുവിരലും കൊണ്ട് ചേര്‍ത്തു പിടിച്ച് വിത്തെടുത്ത് വിരലിന്റെ ആദ്യ മടക്കിന്റെ വരയുടെ അത്രമാത്രം മണ്ണിലേക്കു താഴ്ത്തി വിത്ത് അവിടെ സ്ഥാപിക്കണം. അതിനു ശേഷം അതിന്റെ മുകളില്‍ നേരിയ തോതില്‍ മണ്ണ് തൂളിക്കൊടുക്കണം.

ഗ്രോബാഗ് നനക്കുമ്പോൾ ശ്രദ്ധിക്കണം

ഗ്രോബാഗ് നനയ്ക്കുമ്പോള്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കാനുള്ളത് ചെറിയ തോതില്‍ മാത്രമേ വെള്ളം ഒഴിച്ചുകൊടുക്കാവൂ എന്നതാണ്. രാവിലെയും വൈകുന്നേരവും നനയ്ക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ തിരിനന രീതി പിന്തുടരാം. അപ്പോള്‍ സ്ഥിരമായി ഈര്‍പ്പം കിട്ടിക്കൊണ്ടിരിക്കും.

ഗ്രോബാഗിലേക്ക് തൈകൾ പറിച്ചു നടുമ്പോൾ

പാകി കിളിര്‍പ്പിച്ച പച്ചക്കറി തൈയാണ് നടുന്നതെങ്കില്‍ അതിന്റെ വേരുഭാഗം പൂര്‍ണമായി മണ്ണിനടിയില്‍ ആയിരിക്കണം. അതിനും നടീല്‍ രീതി ഇങ്ങനെ തന്നെ. പെരുവിരലിനും ചൂണ്ടുവിരലിനുമിടയിലായി തൈ ഉറപ്പിച്ചു പിടിച്ച് ഇരുവിരലുകൊണ്ടും മണ്ണു കുഴിച്ച് തൈ നടണം. അതിനു ശേഷം ചുവട്ടിലേക്ക് മണ്ണു കൂട്ടിക്കൊടുക്കണം.

പ്രോട്രേകളില്‍ കിളിര്‍പ്പിച്ച തൈയാണ് നടുന്നതെങ്കില്‍ വേരിനോടു ചേര്‍ന്ന പോട്ടിങ് മിശ്രിതത്തിന്റെ കട്ട ഉടയാതെ വേണം കൂടയ്ക്കുള്ളിലേക്കു മാറ്റാന്‍. ഇതിനായി ഗ്രോബാഗിലെ പോട്ടിങ് മിശ്രിതത്തിന്റെ ഒത്തനടുവില്‍ ചെറിയൊരു കുഴിയെടുത്ത് അതിലേക്ക് തൈയും മിശ്രിതത്തിന്റെ കട്ടയും സഹിതം ഇറക്കിവയ്ക്കുക. ചുറ്റിനും നിന്ന് മണ്ണ് അടുപ്പിച്ച് ഉറപ്പിക്കുക.

ഗ്രോബാഗ് കൃഷി ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിക്കാം

  • ഓരോ പ്രാവശ്യവും പച്ചക്കറികൃഷിക്കുശേഷം മണ്ണ് മുഴുവന്‍ മാറ്റി പുതിയ പോട്ടിങ് മിശ്രിതമുണ്ടാക്കി ഗ്രോബാഗ് നിറയ്ക്കണം.
  • ഗ്രോബാഗില്‍ ഓരോ പ്രാവശ്യം പച്ചക്കറി നടുന്നതിന് രണ്ടാഴ്ചമുമ്പായി മണ്ണ് നന്നായി ഇളക്കി ഒരു പിടി കുമ്മായം ചേര്‍ക്കണം.കുമ്മായം മണ്ണില്‍ അലിഞ്ഞ് ചേരാന്‍ ചെറുതായി നനച്ചുകൊടുക്കുന്നത് ഗുണം ചെയ്യും.
  • കുമ്മായം ചേര്‍ത്ത് പത്തു ദിവസത്തിനുശേഷം ജൈവവളം ചേര്‍ത്ത് തൈയോ വിത്തോ നടാം.
  • ഒരു ഗ്രോബാഗില്‍ മണ്ണ്, ചകിരിച്ചോര്‍ അതേ അളവില്‍ തന്നെ മണ്ണിര കമ്പോസ്‌റ്റോ ഉണങ്ങിപ്പൊടിഞ്ഞ കാലിവളമോ ചാണകപ്പൊടിയോ പൊടിഞ്ഞ ആട്ടിന്‍കാട്ടമോ വളമായി ചേര്‍ക്കണം.
  • ഒന്ന് രണ്ട് തവത്തെ ഗ്രോബാഗിലെ കൃഷിക്ക് ശേഷം മണ്ണ് വെയിലത്ത് ഇറക്കി സൂര്യതാപീകരണം വഴി സംശുദ്ധമാക്കിയെടുത്ത് ഉപയോഗിച്ചാല്‍ കീടരോഗങ്ങളില്‍നിന്നും ഒരുപരിധിവരെ രക്ഷനേടാം.
  • ഗ്രോബാഗില്‍ പച്ചക്കറി കൃഷിചെയ്യുമ്പോള്‍ കുമിള്‍ രോഗങ്ങളില്‍നിന്നും ചെടിയേ സംരക്ഷിക്കാന്‍ 15 ദിവസം കൂടുമ്പോള്‍ സ്യൂഡോമോണസ് ലായനി ചുവട്ടില്‍ ഒഴിച്ചു കൊടുക്കുകയും ഇലകളില്‍ തളിക്കുകയും ചെയ്യാം.
  • ഗ്രോബാഗിലെ പച്ചക്കറി ചെടിയുടെ വേരിന്റെ വളര്‍ച്ച തുടക്കത്തിലെ കാര്യക്ഷമാവാന്‍ നടീല്‍ മിശ്രിതം നിറയ്ക്കുമ്പോള്‍ ഒരു പിടി എല്ലുപൊടി ചേര്‍ത്തു കൊടുക്കണം.
  • വഴുതന, പച്ചമുളക്, ചീര തുടങ്ങിയവ പറിച്ചുനടുന്ന തൈകള്‍ സ്യൂഡോമോണസ് ലായനിയില്‍ മുക്കി വെച്ചതിന്‌ശേഷം നട്ടാല്‍ ചെടിക്ക് രോഗകീട ആക്രമണങ്ങളില്‍ നിന്ന് രക്ഷ നേടാം.
  • ഒരു കിലോഗ്രാം പച്ചച്ചാണകം 10 ലിറ്റര്‍ വെള്ളത്തില്‍ കലക്കിയ ലായനിയുടെ തെളി ഊറ്റിയെടുത്ത് ആഴ്ചയിലൊരിക്കല്‍ തളിച്ചുകൊടുക്കുന്നത് ചെടിയുടെ വളര്‍ച്ച കൂട്ടാനും രോഗകീട ആക്രമണത്തെ പ്രതിരോധിക്കാനും കഴിവു ലഭിക്കും.
  • അഞ്ച് മില്ലി വേപ്പെണ്ണയും 2 ഗ്രാം ബാര്‍സോപ്പും ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി പത്തു ദിവസത്തിലൊരിക്കല്‍ ചെടിക്കു തളിച്ചുകൊടുത്താല്‍ വെള്ളിച്ച, ഇലപ്പേന്‍, മുത്ത, മറ്റ് കീടങ്ങള്‍ എന്നിവയെ അകറ്റാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:agri infoFarmingGrow Bagtarrace Farming
News Summary - Advantages of Farming in Grow Bags in tarrace
Next Story
RADO