ടെറസിലെ കൃഷിക്ക് ഇങ്ങനെയും മെച്ചമുണ്ടായിരുന്നോ?
text_fieldsചെറിയ തോതിൽ കാർഷിക വിളകൾ നട്ട് പരിപാലിക്കുന്നവർക്കും കൃഷിക്ക് ആവശ്യമായ സ്ഥലമില്ലാത്തവർക്കും നഗരവാസികൾക്കും ഏറ്റവും സൗകര്യപ്രദമായ കൃഷി രീതിയാണ് ടെറസിലെ കൃഷി. ടെറസ് കൃഷിയിൽ വിജയഗാഥ രചിച്ചവരുടെ കഥകൾ നമുക്ക് ചുറ്റും ധാരാളമുണ്ട്.
ടെറസ് കൃഷിയുടെ മേന്മകള്‍
1. സ്ഥലപരിമിതി മറികടക്കാം. നഗരവാസികൾക്കും കുറഞ്ഞ സ്ഥലമുള്ളവർക്കും ഏറെ ഗുണകരം.
2. ഉയർന്ന തലത്തിലായതിനാൽ സൂര്യപ്രകാശം നന്നായി ലഭിക്കുന്നു
3. നിലത്ത് കൃഷിചെയ്യുമ്പോളുണ്ടാകുന്നതിനെക്കാൾ കീടബാധ കുറവ്
പ്രത്യേക ശ്രദ്ധ വേണ്ട കാര്യങ്ങൾ
ടെറസിലെ കൃഷിയായതു കൊണ്ടുതന്നെ കൃത്യമായ പരിചരണം ആവശ്യമാണ്. ഒന്നു നോട്ടം തെറ്റിയാൽ കൃഷി നശിച്ചുപോകുന്ന അവസ്ഥയുണ്ടാകാം. കൃത്യമായ ജലസേചനം, വളപ്രയോഗം എന്നിവ ആവശ്യമാണ്. ചെടികള്‍ക്ക് സാധാരണ നിലത്തുനിന്നുള്ള ഘടകങ്ങളൊന്നും ലഭിക്കുന്നില്ല. നാം കൊടുക്കുന്ന വെള്ളം, വളം മാത്രം ഉപയോഗപ്പെടുത്താനെ സാധിക്കൂ. വേനല്‍ക്കാലത്ത് കൃത്യമായ ജലസേചനം ഇല്ലെങ്കില്‍ ചെടികള്‍ വാടുകയോ ഉണങ്ങി നശിക്കുകയോ ചെയ്യും.
ടെറസിനു ദോഷം സംഭവിക്കുമോ ?
നിരവധിയാളുകൾക്കുള്ള സംശയം ഇതാണ്. കൃഷി ടെറസിനെയോ വീടിന്‍റെ കെട്ടുറപ്പിനെയോ ബാധിക്കുമോയെന്നത്. ഒരിക്കലുമില്ല. നിങ്ങള്‍ രാസവളങ്ങളും രാസകീടനാശിനികളും പ്രയോഗിക്കുന്നത് ഒഴിവാക്കുകയോ കുറക്കുകയോ ചെയ്താൽ ഇതുമൂലമുണ്ടാകുന്ന ദോഷങ്ങളും ഒഴിവാക്കാം. കൂടാതെ ചെടികള്‍ വെക്കുന്ന ചട്ടികള്‍/ഗ്രോ ബാഗ് ഇവയ്ക്കു താഴെ ഇഷ്ട്ടിക വെച്ചാല്‍ കൂടുതല്‍ നല്ലത്. ഊര്‍ന്നിറങ്ങുന്ന വെള്ളത്തെ അവ ആഗിരണം ചെയ്തു കൊള്ളും.
എങ്ങിനെ നടും
കഴിവതും പ്ലാസ്റ്റിക് ചാക്കുകള്‍/കവറുകള്‍ ഒഴിവാക്കുക. അവ മാസങ്ങള്‍ക്കുള്ളില്‍ പൊടിഞ്ഞു പോകും. നിങ്ങള്‍ കൃഷി തന്നെ മടുത്തു പോകും. വില കുറവില്‍ പ്ലാസ്റ്റിക് കന്നാസുകള്‍ ലഭിക്കുമെങ്കില്‍ (ആക്രി കടകളിലും മറ്റും) അവ ഉപയോഗിക്കാം. പക്ഷെ നന്നായി കഴുകി വൃത്തിയാക്കിയത്തിനു ശേഷം മാത്രം എടുക്കുക. അത്തരം കന്നാസുകള്‍ മുകള്‍ ഭാഗം മുറിച്ചു ഉപയോഗിക്കാം. അടിവശത്ത് ചെറിയ ദ്വാരങ്ങള്‍ ഇടാന്‍ മറക്കരുത്.
ഗ്രോ ബാഗുകളാണ് ടെറസ് കൃഷിക്ക് ഏറ്റവും ഉത്തമം. ഇവക്ക് വില കുറവുമാണ്. ഏറെക്കാലം ഈടുനിൽക്കുകയും ചെയ്യും. ചെടി ചട്ടികള്‍ നല്ലതാണെങ്കിലും ചെലവ് കൂടിയ രീതിയാണ്. ഒരു ചെടി ചട്ടിക്കു തന്നെ 100 രൂപ അടുത്ത് വരും, ഉപയോഗ ശൂന്യമായവ ഉണ്ടെകില്‍ അവ ഉപയോഗപ്പെടുത്തുക.
നടീല്‍ മിശ്രിതം
മണ്ണ് ലഭ്യമെങ്കില്‍ അത് തന്നെ നിറയ്ക്കുക, കൂടെ ഉണങ്ങിയ ചാണകപ്പൊടി, കരിയിലകള്‍, നിയോപീറ്റ് പോലെയുള്ള ചകിരി ചോറ്, ഇവയും ചേര്‍ത്ത് ഇളക്കി ഉപയോഗിക്കാം. നിറയ്ക്കുമ്പോള്‍ ഒരിക്കലും കുത്തി നിറയ്ക്കരുത്. അതെ പോലെ മുഴുവന്‍ ഭാഗവും നിറയ്ക്കരുത്. മുക്കാല്‍ ഭാഗം മാത്രം നിറയ്ക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.